Business & Corporates

മികച്ച ഫ്രാഞ്ചൈസര്‍ക്ക് വേണ്ട അഞ്ച് കാര്യങ്ങള്‍

ഫ്രാഞ്ചൈസി ബിസിനസ് തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ബോസാകാനുളള അവസരമാണ് ലഭിക്കുന്നത്, ഒപ്പം ഒരു മികച്ച ബ്രാന്‍ഡിന്റെ സംരക്ഷണവും ലഭിക്കുന്നു

ഇല്ലാത്ത പണം വായ്പയെടുത്ത് സ്വന്തം സംരംഭം തുടങ്ങുന്നതില്‍ നിന്നും വ്യത്യസ്തമായി സംരംഭകമോഹികള്‍ തെരഞ്ഞെടുക്കുന്ന മാര്‍ഗമാണ് ഫ്രാഞ്ചൈസി. ഫ്രാഞ്ചൈസി ബിസിനസ് തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ബോസാകാനുളള അവസരമാണ് ലഭിക്കുന്നത്, ഒപ്പം ഒരു മികച്ച ബ്രാന്‍ഡിന്റെ സംരക്ഷണവും ലഭിക്കുന്നു. ബ്രാന്‍ഡിന്റെ മൂല്യം ബിസിനസ് രൂപത്തിലേക്ക് മാറ്റിയെടുക്കത്തക്കവിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഇതില്‍ നിന്നും മികച്ച വരുമാനം ലഭിക്കും. എന്നാല്‍ ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എടുക്കുകയെന്നാല്‍ വിചാരിക്കുന്നത്ര എളുപ്പമല്ല. മികച്ച ഫ്രാഞ്ചൈസറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളിതാ…

ഇത്തരം ബിസിനസ് ആയാലും അതിന്റെതായ നിയമവശങ്ങള്‍ അറിഞ്ഞിരിക്കണം. അതിനാല്‍ നിയമപരമായ നിയന്ത്രണങ്ങള്‍, ഡോക്യുമെന്റ് ലൈസന്‍സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ഒരു മികച്ച പ്രൊഫഷണല്‍ നിയമകാര്യ വിഭാഗം(ലീഗല്‍ ടീം) ഏത് കമ്പനിക്കും അത്യാവശ്യമാണ്. ഷോപ് & എസ്റ്റാബ്ലിഷ്‌മെന്റ് ലൈസന്‍സ്, ലൈസന്‍സ് ഡോക്യുമെന്റേഷന്‍, മറ്റ് നിയമവശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റുമായും മറ്റും ഡീല്‍ ചെയ്തുളള പരിചയം ഇവര്‍ക്ക് വേണം. ഫ്രാഞ്ചൈസി ബിസിനസില്‍ ലീഗല്‍ ടീമിന്റെ സേവനം തീര്‍ത്തും അനിവാര്യമാണ്.

ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തെ സ്വാധീനിക്കുന്ന പ്രധാനഘടകമാണ് തൊഴിലാളികള്‍. വിദഗ്ധ തൊഴിലാളികളുടെ ഒരു മികച്ച ശേഖരം നിങ്ങളുടെ ഫ്രാഞ്ചൈസര്‍ക്കുണ്ടാകണം. നിങ്ങളുടെ ചെലവിനുളളില്‍ നിന്ന് കൊണ്ട് തന്നെ വേണ്ട സമയങ്ങളില്‍ ഇവരുടെ സേവനം നിങ്ങള്‍ക്ക് ലഭ്യമാകുമോ എന്നും ഉറപ്പാക്കണം. തൊഴിലാളികള്‍ മികവ് പുലര്‍ത്തുന്നില്ല എങ്കില്‍ അവര്‍ക്കാവശ്യമായ പരിശീലനം നല്‍കാന്‍ സംരംഭകന്‍ തയ്യാറാകണം.

മാര്‍ക്കറ്റിംഗ്, സെയ്ല്‍സ് വിഭാഗങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ സേവനം ഫ്രാഞ്ചൈസര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുക. ഉപഭോക്താക്കളെ കുറിച്ചും അവരുടെ മാറുന്ന അഭിരുചികളെകുറിച്ചും, ചെലവഴിക്കല്‍ രീതിയെ കുറിച്ചുമെല്ലാം കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റിനും മറ്റും സാധിക്കും. അതിനാല്‍ വിപണി പഠനം നടത്തുമ്പോള്‍ ഐടി വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തുക. ഇ.ആര്‍.പി സോഫ്‌റ്റ്വെയര്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഫ്രാഞ്ചൈസര്‍ക്കു ണ്ടോയെന്നും അത് നിങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് അവരില്‍ നിന്ന് ലഭ്യമാണോയെന്നതും തിരക്കുക.

താല്പര്യമില്ലാതെ ഒരു കാര്യവും പൂര്‍ത്തിയാക്കാന്‍ കഴിയില്ല. ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിച്ചാല്‍ മികച്ച സംരംഭകനാകുമെന്നാണ് ഫ്രാഞ്ചൈസി തുടങ്ങാന്‍ വരുന്നവരുടെ പൊതുവെയുള്ള ധാരണ. സംരംഭത്തോട് എപ്പോഴും നിങ്ങള്‍ക്ക് പാഷന്‍ വേണം. ഈ പാഷന്‍ സൃഷ്ടിച്ച് നിങ്ങളെ നയിക്കാന്‍ കെല്‍പ്പുളളവരായിരിക്കണം ഫ്രാഞ്ചൈസര്‍മാര്‍.

വിപണി സാഹചര്യങ്ങള്‍ അടിക്കടി മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ വിപണിയിലെ ഓരോ ചെറിയ മാറ്റത്തെപ്പറ്റിയും ധാരണയുണ്ടാവണം മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കും ഉളള വിഭവശേഷിക്കും അനുസരിച്ച് നിരന്തരമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കുന്നതും ഒരു ഫ്രാഞ്ചൈസറുടെ വിജയത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version