Business & Corporates

അധിക വരുമാനത്തിനായി അലങ്കാരമല്‍സ്യപരിപാലനം!

കോടിക്കണക്കിനു രൂപയുടെ ക്രയവിക്രയമാണ് ഓരോ വര്‍ഷവും അലങ്കാരമല്‍സ്യ വിപണിയില്‍ നടക്കുന്നത്

ഏതൊരു വീടിനും അഴക് പകരുന്ന ഒന്നാണ് അക്വേറിയങ്ങള്‍. പല നിറത്തിലും വലുപ്പത്തിലും നീന്തിത്തുടിക്കുന്ന അലങ്കാരമല്‍സ്യങ്ങള്‍ മനസിന് സന്തോഷമേറുന്ന കാഴ്ചയാണ്. എന്നാല്‍ മാനസികോല്ലാസം മാത്രമല്ല, കൈനിറയെ പണം നല്‍കാനും അലങ്കാരമല്‍സ്യ വിപണിക്ക് സാധിക്കും. കോടിക്കണക്കിനു രൂപയുടെ ക്രയവിക്രയമാണ് ഓരോ വര്‍ഷവും അലങ്കാരമല്‍സ്യ വിപണിയില്‍ നടക്കുന്നത്. വിദേശിയും സ്വദേശിയുമായ നൂറില്‍പരം വിഭാഗത്തില്‍പെട്ട അലങ്കാരമല്‍സ്യങ്ങള്‍ നമ്മുടെ വിപണിയില്‍ സജീവമാണ്. ജോഡിക്ക് 15 രൂപ മുതല്‍ 60000 രൂപ വരെ വിലമതിക്കുന്ന അലങ്കാര മല്‍സ്യങ്ങള്‍ ഉള്‍പ്പെടുന്ന വിപണിയുടെ സാധ്യതകള്‍ മനസിലാക്കി ഈ രംഗത്ത് നിക്ഷേപം നടത്തുകയാണ് സംരംഭകര്‍. അലങ്കാരമല്‍സ്യകൃഷിയിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ വരുമാനം നേടുന്നവര്‍ ധാരാളമാണ്.

അലങ്കാരമല്‍സ്യങ്ങളിലെ പ്രധാനികളായ ഗോള്‍ഡ് ഫിഷ്, ഏഞ്ചല്‍, ഗൗരാമി, കോയികാര്‍പ്, ടെട്രാകള്‍, ബാര്‍ബുകള്‍ എന്നിവയെല്ലാം മുട്ടയിടുന്ന ഇനങ്ങളാണെങ്കില്‍ ഗപ്പിയും മോളിയും വാള്‍വാലനും പ്ലാറ്റിയുമെല്ലാം കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണ്. അലങ്കാരമല്‍സ്യക്കൃഷിക്കാര്‍ പലരും ഗപ്പിയെ അവഗണിച്ച് മുന്തിയ ഇനങ്ങളിലേക്കു നോക്കുകയാണു പതിവ്. എന്നാല്‍ ഇപ്പോള്‍ വിദേശയിനം ഗപ്പികളെ ഉള്‍പ്പെടെ വളര്‍ത്തി കപിയുടെ വിപണി സജീവമായിരിക്കുകയാണ്. പതിനായിരങ്ങള്‍ വിലമതിക്കുന്ന ഗപ്പികള്‍ വരെ നമ്മുടെ കൃഷിയിടങ്ങളില്‍ സുലഭമാണ്.

മല്‍സ്യകൃഷിയിലേക്ക് തിരിയാന്‍ തീരുമാനിച്ചാല്‍ പിന്നെ അടുത്തപടി ഏത് വിധത്തില്‍ കൃഷി ചെയ്യണമെന്നതാണ്. ഫൈബര്‍ ടാങ്കുകളിലും ഗ്ളാസ് ടാങ്കുകളിലും ടര്‍പ്പായ വിളിച്ചുണ്ടാക്കിയ ചെറിയ കുളങ്ങളിലുമൊക്കെയായി മീനുകളെ വളര്‍ത്താം.കൈകാര്യം ചെയ്യാനുള്ള എളുപ്പമാണ് ഫൈബര്‍ ടാങ്കുകളുടെ പ്രധാന മെച്ചം. വൃത്തിയാക്കാന്‍ മാത്രമല്ല, ഫാം എങ്ങോട്ടെങ്കിലും മാറ്റാനും എളുപ്പം. കോണ്‍ക്രീറ്റ് ടാങ്കുകള്‍ ഉപ്പുവെള്ളംകൊണ്ടു വൃത്തിയാക്കുമ്പോള്‍ ക്രമേണ സിമന്റ് അടരുമെന്ന ദോഷമുണ്ട്. ഇതിനെല്ലാം പുറമെ ഇകഎഅ യുടെ അലങ്കാര മത്സ്യോല്‍പാദന യൂണിറ്റ് ലഭ്യമാണ് അതിലും മല്‍സ്യപരിപാലനം നടത്താവുന്നതാണ്. ഇത്തരം യൂണിറ്റുകള്‍ ജലവും വൈദ്യുതിയും ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിക്കണം. അരുവികളുടെയോ മറ്റോ സമീപത്താണെങ്കില്‍ വളരെ നല്ലത്.

കാരണം ആവശ്യത്തിനു വെള്ളവും ലഭിക്കും പരിപാലനകേന്ദ്രം തുടര്‍ച്ചയായി കൊണ്ടുപോകാനും സാധിക്കും. സംസ്ഥാനത്തെ ഭൂരിഭാഗം അലങ്കാരമത്സ്യക്കര്‍ഷകരും ഈ മാര്‍ഗമാണ് കൃഷിക്കായി അവലംബിക്കുന്നത്. ഏറ്റവും ആധുനികമായ എയറേഷന്‍, ഫില്‍ട്രേഷന്‍ സംവിധാനങ്ങളാണ് ഫാമില്‍ ഏര്‍പ്പെടുത്തേണ്ടത്. 1000 ലീറ്റര്‍ വെള്ളത്തില്‍ ഒരു സമയം 30,000 കുഞ്ഞുങ്ങളെ വളര്‍ത്താം. അതിസാന്ദ്രതാരീതിയില്‍ വളര്‍ത്തുമ്പോഴും മല്‍സ്യവിസര്‍ജ്യങ്ങളില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന അമോണിയ കലര്‍ന്ന ജലം മല്‍സ്യങ്ങള്‍ക്ക് തെല്ലും ദോഷകരമാകാതിരിക്കാന്‍ ഈ ശുദ്ധീകരണ സംവിധാനം സഹായിക്കുന്നു.

അടുത്തതായി ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തിലാണ്. പിണ്ണാക്ക്, തവിട്, ഗോതമ്പുതവിട്, മൃഗങ്ങളില്‍നിന്നുള്ള മത്സ്യാഹാരം, കൊഞ്ചിന്‍തല, എന്നിവയുടെ സ്ഥിരമായ ലഭ്യത മത്സ്യങ്ങള്‍ക്ക് പെല്ലറ്റ് ഭക്ഷണമുണ്ടാക്കുന്നത് എളുപ്പമാക്കും. മല്‍സ്യകര്‍ഷകരെ സംബന്ധിച്ചിടത്തോളം മത്സ്യത്തീറ്റ നിര്‍മിക്കുന്നതാണ് ലാഭകരം. സസ്യജന്യവും ജന്തുജന്യവുമായ കൃത്രിമാഹാരങ്ങളാണ് സാധാരണ മത്സ്യക്കൃഷിക്ക് ഉപയോഗിച്ചുവരുന്നത്. സസ്യജന്യമായ കൃത്രിമാഹാരം പൊടിച്ചോ, കുതിര്‍ത്തോ, ഉണക്കിയോ, പാകംചെയ്തോ ആണ് നല്‍കി വരുന്നത്. പിണ്ണാക്ക്, തവിട് മുതലായവ വളരെ നേരം കുതിര്‍ത്തിട്ടുവേണം മത്സ്യക്കുളത്തില്‍ വിതരണം ചെയ്യുവാന്‍.

ഇനി കൃത്രിമാഹാരമാണ് നിങ്ങള്‍ കൊടുക്കാന്‍ ആഗ്രഹിക്കുന്നത് എങ്കില്‍ കൊടുക്കുന്ന ആഹാരം അടുത്ത വിതരണത്തിന് മുന്‍പേതന്നെ മല്‍സ്യങ്ങള്‍ കഴിച്ചിരിക്കണം എന്ന് ഉറപ്പ് വരുത്തുക. കൃത്രിമാഹാരം രാവിലത്തെ സമയം വിതരണം ചെയ്യുക, ആഹാരം ജലോപരിതലത്തില്‍ വിതരാതെ നിശ്ചിത സ്ഥലങ്ങളില്‍ കഴിവതും ഒരു പരന്ന പാത്രത്തില്‍ നിക്ഷേപിക്കുക.ഒരു കിലോഗ്രാം മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് 20 ഗ്രാം തീറ്റ (10 ഗ്രാം പിണ്ണാക്കും 10 ഗ്രാം തവിടും) പ്രതിദിനം കൊടുക്കണം.

ഓരോ വിളവെടുപ്പു കഴിയുമ്പോഴും ഫൈബര്‍ ടാങ്കുകള്‍ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ഓരോ ടാങ്കിലും രണ്ടു കിലോ ഉപ്പ് അത് ലയിക്കാന്‍ ആവശ്യമുള്ള വെള്ളത്തില്‍ കലക്കി ടാങ്കിന് ഉള്‍വശത്ത് അടിക്കുന്നു. ശുദ്ധജലത്തില്‍ വളരുന്ന രോഗാണുക്കളൊന്നും ഉപ്പുവെള്ളത്തെ അതിജീവിക്കില്ല എന്നതിനാല്‍ 23 ദിവസംകൊണ്ട് ടാങ്കു പൂര്‍ണമായും അണുവിമുക്തമാവും. വീണ്ടും ശുദ്ധജലത്തില്‍ കഴുകി ഉപ്പു നീക്കി വൃത്തിയാക്കിയെടുക്കുന്നു. മികച്ച മാതൃശേഖരം നിലനിര്‍ത്തിക്കൊണ്ടായിരിക്കണം മല്‍സ്യങ്ങളുടെ വില്‍പന. ഉന്നത ഗുണനിലവാരമുളള മാതൃമല്‍സ്യങ്ങള്‍ ഉണ്ടായാല്‍ മാത്രമേ മത്സ്യകൃഷി മുന്നോട്ട് പോകൂ എന്നറിയുക.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version