Business & Corporates

ഓണാട്ടുകരയുടെ എള്ള്; മറയുമോ ഈ പെരുമ ?

25 വര്‍ഷം മുമ്പ്, പതിനായിരം ഹെക്ടറിലായിരുന്നു എള്ളുകൃഷി. ഇപ്പോള്‍, അഞ്ഞൂറ് ഹെക്ടറിലേക്ക് കൃഷി ചുരുങ്ങി. ഓണാട്ടുകരയുടെ പഴയ മഹിമ വീണ്ടെടുക്കണമെങ്കില്‍ എള്ള് കൃഷി തിരികെപ്പിടിക്കാന്‍ സാധിക്കണം

എള്ള്, കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനായ ഈ ധാന്യത്തിന്റെ ഉല്‍പ്പാദനം കൊണ്ട് മാത്രം കേരളത്തിന്റെ കാര്‍ഷിക ഭൂപടത്തില്‍ ഇടം നേടിയ പ്രദേശമാണ് കായംകുളത്തിനടുത്തുള്ള ഓണാട്ടുകര. ഓണാട്ടുകരയുടെ മുഖമുദ്രയായിരുന്ന എള്ളുകൃഷി ചെറുതല്ലാത്ത പ്രശസ്തിയാണ് ഈ നാടിന് നേടിത്തന്നിട്ടുള്ളത്.

എന്നാല്‍ കൃഷിയിടം മണ്ണിട്ട് നികത്തി കൃഷിയോട് വിട പറഞ്, വൈറ്റ് കോളര്‍ ജോലി തേടി ആളുകള്‍ ഓണാട്ടുകര വിട്ടപ്പോള്‍ അത്, ഈ നാടിന്റെ മുഖശ്രീയായിരുന്ന എള്ള് കൃഷിക്ക് വിരാമമിട്ടു. ഭൗമ സൂചിക പദവി ലഭിച്ചിട്ട് കൂടി, ഇവിടെ എള്ളിന്റെ ഉല്‍പ്പാദനം കുറഞ്ഞിരിക്കുകയാണ്. 25 വര്‍ഷം മുമ്പ്, പതിനായിരം ഹെക്ടറിലായിരുന്നു എള്ളുകൃഷി. ഇപ്പോള്‍, അഞ്ഞൂറ് ഹെക്ടറിലേക്ക് കൃഷി ചുരുങ്ങി. ഓണാട്ടുകരയുടെ പഴയ മഹിമ വീണ്ടെടുക്കണമെങ്കില്‍ എള്ള് കൃഷി തിരികെപ്പിടിക്കാന്‍ സാധിക്കണം.

കായംകുളത്തിനടുത്തുള്ള ഓണാട്ടുകര എന്ന പ്രദേശം കാലങ്ങള്‍ക്ക് മുന്‍പ് നെല്‍കൃഷിയും പച്ചക്കറിക്കൃഷിയും എല്ലാം കൊണ്ട് സമൃദ്ധമായിരുന്നു. ഈ മണ്ണില്‍ വിളയാത്തതായി ഒന്നുമുണ്ടായിരുന്നില്ല. കൂട്ടത്തില്‍ എള്ള് കൃഷിക്ക് പേരുകേട്ട ഇടം കൂടിയായിരുന്നു ഓണാട്ടുകര. കേരളത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ എള്ള് കൃഷിചെയ്തിരുന്നത് ആലപ്പുഴ, കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര പ്രദേശത്തായിരുന്നു.

കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം കണ്ടെത്തിയിട്ടുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ഒന്നാണ് എള്ള്. ഓണാട്ടുകരയിലെ വിരിപ്പ് നിലങ്ങളായിരുന്നു എള്ളുകൃഷിയുടെ പ്രധാനകേന്ദ്രങ്ങള്‍. രണ്ടുപ്രാവശ്യം നെല്ലും മൂന്നാംവിളയായി എള്ളും എന്നതായിരുന്നു പരമ്പരാഗത കൃഷിരീതി.

ഡിസംബര്‍മുതല്‍ ഏപ്രില്‍വരെയാണ് എള്ളുകൃഷിയുടെ കാലം. എള്ളെണ്ണയുടെ നിര്‍മാണത്തിനായും ഭക്ഷ്യ ആവശ്യങ്ങള്‍ക്കായും ഓണാട്ടുകരയിലെ നിന്നും എള്ള് വിപണനം ചെയ്തിരുന്നു. ഔഷധമൂല്യം കൂടുതലുള്ള ഓണാട്ടുകര എള്ളിന് അന്നും ഇന്നും വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ എള്ളിനങ്ങള്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുമുണ്ട്.

ഇത് പ്രക്രമാണ് കൃഷി നടക്കുന്നത്. എള്ള് കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞെങ്കിലും ഇല്ലാതായിട്ടില്ല എന്നതില്‍ ആശ്വസിക്കാം. മുന്തിയ എള്ളിനങ്ങളില്‍ കായംകുളം1, തിലക് എന്നീ ഇനങ്ങളാണ് കൂടുതലും കൃഷിചെയ്യുന്നത്. ഒരു ഹെക്ടറില്‍നിന്ന് 300 കിലോഗ്രാംവരെ എള്ള് ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്ക്.

നെല്ല് കഴിഞ്ഞാല്‍ എള്ള്

നെല്‍കൃഷി കഴിഞ്ഞ പാടത്താണ് എള്ള് കൃഷി ചെയ്യുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലും മണല്‍ കലര്‍ന്നതും നീര്‍വാഴ്ചയുള്ള കര പ്രദേശങ്ങളിലും ഇത് കൃഷി ചെയ്യാം. മകരം കുംഭം മാസങ്ങളിലെ രാത്രിയിലെ മഞ്ഞ് പകല്‍ സമത്തുള്ള ചൂട് എന്ന കാലാവസ്ഥയാണ് എള്ള് കൃഷിക്ക് പറ്റിയ കാലാവസ്ഥ. രണ്ടു നെല്ലുകഴിഞ്ഞ് എള്ള് എന്നതാണു കൃഷിരീതി. നെല്‍ക്കൃഷിക്കായി ഉപയോഗിച്ച് മണ്ണില്‍ അധികം കിടക്കുന്ന വളം മതി എള്ള് വളരാന്‍. ജലസേചനം ആവശ്യമില്ല. ഒന്നോ രണ്ടോ ചെറിയ ചാറ്റല്‍മഴ ലഭിച്ചാല്‍ എള്ള് തഴച്ചുവളരും.അതിനാല്‍ തന്നെയാണ് കര്‍ഷകര്‍ ഇടവിള എന്ന നിലക്ക് എള്ള് കൃഷി ചെയ്യുന്നതും. നെല്‍ക്കൃഷിയില്‍ നഷ്ടം പിണഞ്ഞാല്‍ നികത്താനുള്ള മാര്‍ഗമാണ് എള്ള് കൃഷി.

ഔഷധ ഗുണങ്ങളാണ് ഓണാട്ടുകരയിലെ എള്ളിനെ മറ്റുള്ളവയില്‍ നിന്നു വേറിട്ടതാക്കുന്നത്. എന്നാല്‍ നെല്‍കൃഷിയില്‍ നിന്നും ആളുകള്‍ പിന്മാറാന്‍ തുടങ്ങിയതോടെ എള്ളുകൃഷിക്കും ആളില്ലാതായി. വയല്‍ നികത്തല്‍, ചെളിയെടുപ്പിനായുള്ള വയല്‍ കുഴിക്കല്‍, വെള്ളം ഒഴുകിമാറാന്‍ സൗകര്യമില്ലാത്തത്, കനാലുകളുടെ ചോര്‍ച്ചമൂലം എള്ളുവയലുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് തുടങ്ങി നിരവധിയാണ് എള്ളുകൃഷിയുടെനാശത്തിനു കാരണമായി മാറി എന്നതാണ് വാസ്തവം.

ഓണാട്ടുകരയിലെ എള്ള്

ഓണാട്ടുകരയില്‍ മൂന്നാം വിളയായാണു പരമ്പരാഗതമായി എള്ളു കൃഷി ചെയ്യുന്നത്. മൂന്നാം വിളയായി നെല്‍പ്പാടങ്ങളില്‍ എള്ള് കൃഷി ചെയ്യുമ്പോള്‍ പരിസ്ഥിതിക്കും ഗുണങ്ങളുണ്ട്. എള്ളിന്റെ വളര്‍ച്ചയെ തുടര്‍ന്ന് മണ്ണ് വീണ്ടും പോഷകസമ്പുഷ്ടമാകുന്നു. തുടര്‍ന്ന് നെല്ല് വിതക്കുമ്പോള്‍ അത് ഗുണകരമാകുകയും സിദ്ധേയ്യുന്നു. മണ്ണില്‍ ലഭ്യമായ പോഷക മൂല്യങ്ങളും ജലാംശവും ഉപയോഗിച്ചാണ് എള്ളു വളരുന്നത്. മൂന്നാം വിളയായി എള്ളു കൃഷി ചെയ്യുമ്പോള്‍ കര്‍ഷകന് അധിക വരുമാനത്തിനു പുറമേ മണ്ണിനെയും തുടര്‍ന്നുള്ള നെല്‍കൃഷിക്ക് ഉതകുന്ന മിത്രകീടങ്ങളെയും പരിപോഷിപ്പിക്കാനും കഴിയും.

മറ്റു നാടുകളില്‍ എള്ള് കൃഷി ചെയ്യുന്ന രീതിയല്ല ഓണാട്ടുകരയിലേത്. നെല്‍കൃഷി കഴിഞ്ഞു വിളവെടുത്ത പാടം നന്നായി ഉഴുത് മറിക്കുന്നു. ശേഷം നനച്ച്, നനഞ്ഞ മണ്ണില്‍ രാവിലെ പത്ത് മണിക്ക് മുന്‍പായോ വൈകിട്ട് മൂന്ന് മണിക്ക് ശേഷമോ ആണ് സാധാരണ എള്ള് വിതയ്ക്കുന്നു. സമയത്തിന്റെ കാര്യത്തില്‍ എള്ള് കര്‍ഷകര്‍ക്ക് കൃത്യതയുണ്ട്. ഈ സമയത്ത് വിതച്ചാല്‍ നല്ല വിളവ് ലഭിക്കുമെന്ന് കരുതപ്പെടുന്നു. വിതച്ചതിനുശേഷം പച്ച ചാണകം വിതറി വീണ്ടും പാടം ഉഴുവുന്നു. വളരെ ചെറിയ ഐര്‍പ്പത്തില്‍ വളരുന്ന ഒരു സസ്യമായ ഇതിന് മുളച്ച് നാലിലപ്പരുവമാകുമ്പോള്‍ ഇടയിളക്കാവുന്നതാണ്.

കൃത്യം ഒരു മാസം കഴിഞ്ഞ് രാസവളങ്ങളോ ജൈവ വളങ്ങളോ ചേര്‍ക്കാവുന്നതാണ്.ഇപ്പോള്‍ കൂടുതല്‍ കര്‍ഷകരും ജൈവവളത്തെയാണ് ആശ്രയിക്കുന്നത്. പണ്ട് കാലങ്ങളില്‍ മഞ്ഞില്‍ കുതിര്‍ന്നിരുന്ന ഇലകളിലേയ്ക്ക് പൊടിമണ്ണ് വിതറിയിരുന്നു. മണ്ണില്‍ അടങ്ങിയിരുന്ന പോഷകങ്ങള്‍ ഇലകള്‍ വലിച്ചെടുത്ത് കരുത്തോടുകൂടി വളരുന്നതിന് ഇത് ഒരു കാരണമായി കരുതിയിരുന്നു. എന്നാല്‍ ഇന്ന് ഈ പതിവില്ലെന്നു ഇന്നാട്ടിലെ കര്‍ഷകര്‍ പറയുന്നു.

സാധാരണ മൂന്നുമാസമാണ് എള്ളുകൃഷിക്ക് വേണ്ടിവരുന്ന സമയം. ചെടി മൂടോടെ പിഴുതെടുത്ത് കായ്കള്‍ വേര്‍തിരിച്ചാണ് വിളവെടുക്കുന്നത്. ചെറിയ സമയ പരിധിക്കുള്ളില്‍ മികച്ച വരുമാനം നേടാന്‍ കഴിയും എന്നതും എള്ള് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. എള്ളിന്റെ കായ്കളും ഇലകളും മഞ്ഞ നിറമാകുമ്പോഴാണ് എള്ള് കൊയ്ത്തിനു പാകമായി എന്ന് മനസിലാക്കുന്നത്.

പിഴുതെടുക്കുന്ന എള്ള് ചെടി കെട്ടുകളാക്കി തണലത്തു സൂക്ഷിക്കുന്നു. നാലണച്ച ദിവസത്തിന് ശേഷം എടുത്ത് കുടഞ്ഞു എള്ള് വേര്‍തിരിക്കുന്നു. എള്ളെണ്ണയുണ്ടാക്കുന്നതിന് പുറമെ മരുന്ന് നിര്‍മാണത്തിനും ഇത് ഉപയോഗിക്കുന്നു. ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എള്ളിന്റെ വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇവിടെ 140 ഇനങ്ങളുടെ ജനിതക ശേഖരവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version