സിനിമാ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ദേശീയ സിനിമാ ദിനമായ ഒക്ടോബര്‍ 13 ന് സിനിമാ പ്രേമികള്‍ക്ക് 99 രൂപയ്ക്ക് സിനിമ കാണാന്‍ അവസരമൊരുക്കി മള്‍ട്ടിപ്‌ളെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എംഎഐ). കുറഞ്ഞ നിരക്കില്‍ സിനിമ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കുകയാണ് ഇതിലൂടെയെന്ന് എംഎഐ പറഞ്ഞു.
പിവിആര്‍ ഇനോക്‌സ്, സിനിപോളിസ്, മിറാഷ്, ഡിലൈറ്റ് തുടങ്ങിയ മള്‍ട്ടിപ്‌ളക്‌സ് ശൃഖലകളെല്ലാം ടിക്കറ്റുകള്‍ ഓഫറില്‍ ലഭ്യമാക്കും. ഇന്ത്യയിലുടനീളമുള്ള 4,000 സ്‌ക്രീനുകളില്‍ സിനിമാ ആസ്വാദകര്‍ക്ക് ഓഫര്‍ ഉപയോഗപ്പെടുത്താം. സിനിമാ പ്രേമികള്‍ക്ക് ഏത് സിനിമയും 99 രൂപക്ക് കാണാനാകും എന്ന് എംഎഐ വ്യക്തമാക്കി.
ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ, പേടിഎം, ഔദ്യോഗിക സിനിമ ചെയിന്‍ വെബ്‌സൈറ്റുകള്‍ എന്നിവ വഴിയും ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
2022ലാണ് ആദ്യമായി എംഎഐ ദേശീയ സിനിമാ ദിനം ആഘോഷിച്ചത്. സെപ്റ്റംബര്‍ 16 ആയിരുന്നു ആഘോഷത്തിന് തെരഞ്ഞെടുത്തത് എങ്കിലും പിന്നീട് അത് സെപ്റ്റംബര്‍ 23 ലേക്ക് മാറ്റുകയായിരുന്നു. കോവിഡ് ലോക്ക്ഡൗണിന് ശേഷം സിനിമാ തിയറ്ററുകള്‍ വീണ്ടും തുറന്നതിന്റെ ആഘോഷ സ്മരണയ്ക്കായാണ് കഴിഞ്ഞ വര്‍ഷം ദേശീയ സിനിമാ ദിനം ആഘോഷിച്ചത്. 6.5 ദശലക്ഷം ആളുകളാണ് അന്ന് തിയറ്ററുകളിലെത്തിയത്.