Economy & Policy

അര നൂറ്റാണ്ടു കൊണ്ട് ഇന്ത്യയുടെ ജിഡിപി 52.5 ട്രില്യണ്‍ ഡോളറിലേക്ക് വളരും; ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകും

നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ

ന്യൂഡെല്‍ഹി: 2075ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് കമ്പനിയായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട്. ജപ്പാനെയും ജര്‍മ്മനിയെയും ചൈനയെയും മാത്രമല്ല, നിലവിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ യുഎസിനെയും ഇന്ത്യ കടത്തി വെട്ടുമെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത്. നിലവില്‍ യുഎസ്, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നില്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ.

ലോകത്തെ സാമ്പത്തിക ശക്തികളെയെല്ലാം മാറ്റിമറിക്കുന്ന അര നൂറ്റാണ്ടാണ് മുന്നിലുള്ളതെന്നാണ് ഗോള്‍ഡ്മാന്‍ സാക്‌സ് പറയുന്നത്. 2075 ആവുമ്പോഴേക്കും 57 ട്രില്യണ്‍ ജിഡിപിയുമായി ചൈന ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാകും. അത്ഭുതപ്പെടുത്തുന്ന വളര്‍ച്ച കാഴ്ചവെച്ച് 52.5 ട്രില്യണ്‍ ഡോളറുമായി ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ ജിഡിപിയും. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസ് 51.5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

30. ട്രില്യണ്‍ ഡോളറുമായി യൂറോപ്പാവും നാലാമത്. ജപ്പാന്‍ 7.5 ട്രില്യണ്‍ ഡോളറുമായി നിലവില്‍ ഇന്ത്യ സ്ഥാനമായ അഞ്ചിലേക്കും വീഴുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് പ്രവചിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ, സാങ്കേതികവിദ്യയിലും ഇന്നൊവേഷനിലുമുള്ള പുരോഗതി, ഉയര്‍ന്ന മൂലധന നിക്ഷേപം, തൊഴിലാളികളുടെ വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദനക്ഷമത എന്നിവയാണ് ഇന്ത്യയുടെ മുന്നേറ്റത്തെ നയിക്കുക.

കുറഞ്ഞ ആശ്രിത അനുപാതം

അടുത്ത രണ്ട് ദശകങ്ങളില്‍, ഇന്ത്യയുടെ ആശ്രിത അനുപാതം പ്രാദേശിക സമ്പദ്വ്യവസ്ഥകളില്‍ ഏറ്റവും താഴ്ന്നതായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് റിസര്‍ച്ചിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനായ ശാന്തനു സെന്‍ഗുപ്ത പറഞ്ഞു. ഒരു രാജ്യത്തിന്റെ ആശ്രിത അനുപാതം കണക്കാക്കുന്നത് ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയും ആശ്രിതരുടെ എണ്ണവും തമ്മില്‍ താരതമ്യം ചെയ്താണ്. കുറഞ്ഞ ആശ്രിത അനുപാതം സൂചിപ്പിക്കുന്നത്, യുവാക്കളെയും പ്രായമായവരെയും പിന്തുണയ്ക്കാന്‍ കഴിയുന്ന ആനുപാതികമായി കൂടുതല്‍ ജോലി ചെയ്യുന്ന ജനവിഭാഗം ആ രാജ്യത്ത് ഉണ്ടെന്നാണ്. നിലവില്‍ ലോകത്ത് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്ന ഇന്ത്യയുടെ ഭാവി നിക്ഷേപമാണ് ഈ യുവത്വം.

ഇന്ത്യയിലെ അതിവേഗം വളരുന്ന ജനസംഖ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തൊഴില്‍ ശക്തിയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണെന്ന് ചെയ്യേണ്ടതെന്ന് സെന്‍ഗുപ്ത പറയുന്നു. അടുത്ത 20 വര്‍ഷത്തേക്ക് വലിയ സമ്പദ്വ്യവസ്ഥകള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ ആശ്രിത അനുപാതം ഇന്ത്യയിലായിരിക്കുമെന്ന് സെന്‍ഗുപ്ത പ്രവചിക്കുന്നു. ഉല്‍പ്പാദന ശേഷിയും സര്‍വീസ് മേഖലയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നതാണ് മുന്നോട്ടുള്ള വഴിയെന്ന് സെന്‍ഗുപ്ത പറയുന്നു.

സാങ്കേതികവിദ്യ

ഇന്ത്യയുടെ സാമ്പത്തിക പാതയെ നയിക്കുന്നത് സാങ്കേതികവിദ്യയിലും നൂതനത്വത്തിലുമുള്ള പുരോഗതിയാണെന്ന് നിക്ഷേപ ബാങ്ക് പറഞ്ഞു. ട്രേഡ് അസോസിയേഷനായ നാസ്‌കോമിന്റെ കണക്കനുസരിച്ച്, 2023 അവസാനത്തോടെ ഇന്ത്യയുടെ സാങ്കേതിക വ്യവസായ വരുമാനം 245 ബില്യണ്‍ ഡോളറിലേക്ക് വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐടി, ബിസിനസ് പ്രോസസ് മാനേജ്‌മെന്റ്, സോഫ്‌റ്റ്വെയര്‍ പ്രൊഡക്റ്റ് സ്ട്രീമുകള്‍ എന്നിവയില്‍ നിന്നായിരിക്കും ഈ വളര്‍ച്ച.

മൂലധന നിക്ഷേപം

ആശ്രിത അനുപാതം കുറയുന്നതോടെ ഇന്ത്യയുടെ സമ്പാദ്യ നിരക്ക് വര്‍ധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വര്‍ദ്ധിച്ചുവരുന്ന വരുമാനം, ആഴത്തിലുള്ള സാമ്പത്തിക മേഖലയുടെ വികസനം എന്നിവയില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ട്, ഇത് കൂടുതല്‍ നിക്ഷേപം നടത്താന്‍ മൂലധനം ലഭ്യമാക്കാന്‍ സാധ്യതയുണ്ടെന് ഗോള്‍ഡ്മാന്‍ പറയുന്നു. 2030 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ ആകുമെന്ന് വിവിധ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ പ്രവചിച്ചിട്ടുണ്ട്. എസ് ആന്റ് പി ഗ്ലോബലും മോര്‍ഗന്‍ സ്റ്റാന്‍ലിയും ഇന്ത്യയുടെ കരുത്തുറ്റ മുന്നേറ്റമാണ് പ്രവചിക്കുന്നത്.

മുന്നറിയിപ്പുകള്‍

കഴിഞ്ഞ 15 വര്‍ഷമായി ഇന്ത്യയിലെ തൊഴില്‍ പങ്കാളിത്ത നിരക്ക് വളരെ കുറഞ്ഞെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം പുരുഷന്മാരേക്കാള്‍ ഗണ്യമായി കുറവാണ്.ഇന്ത്യയിലെ ജോലി ചെയ്യുന്ന പ്രായത്തിലുള്ള സ്ത്രീകളില്‍ വെറും 20% പേരാണ് തൊഴില്‍ ചെയ്യുന്നത്. കയറ്റുമതി കമ്മിയാണ് ഇന്ത്യയുടെ വളര്‍ച്ചയെ പിന്നോട്ടു പിടിച്ചു വലിക്കുന്ന ഒരു ഘടകമെന്ന് ഗോള്‍ഡ്മാന്‍ സാക്സ് ചൂണ്ടിക്കാട്ടുന്നു.

എങ്കിലും സേവന മേഖലയിലെ കയറ്റുമതി ഈ കമ്മിയെ ഒരുപരിധിവരെ പരിഹരിക്കുന്നുണ്ട്. ഗോള്‍ഡ്മാന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കയറ്റുമതിയെ ആശ്രയിക്കുന്ന നിരവധി സമ്പദ്വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടു നയിക്കുന്നത്. ആഭ്യന്തര ഡിമാന്‍ഡാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ 60% വരെ നല്‍കുന്നത് ആഭ്യന്തര ഉപഭോഗവും നിക്ഷേപവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version