Education

5100 സ്‌കോളര്‍ഷിപ്പുകളുമായി റിലയന്‍സ് ഫൗണ്ടേഷന്‍; ഇപ്പോള്‍ അപേക്ഷിക്കാം

5000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും 100 ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വരെയും സ്‌കോളര്‍ഷിപ്പ്

  • ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് യുവതലമുറയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ്
  • അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്റ്റോബര്‍ 6
  • 2022ല്‍ പ്രഖ്യാപിച്ച, 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് വിതരണം

2024-25 അക്കാഡമിക് വര്‍ഷത്തേക്കുള്ള തങ്ങളുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷകള്‍ ക്ഷണിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍. രാജ്യത്താകമാനമുള്ള 5,100 വിദ്യാര്‍ത്ഥികള്‍ക്കായാണ് ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ബിരുദ, ബിരുദാനന്തര പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുക.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി യുവതലമുറയെ ശാക്തീകരിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിനായി യോഗ്യരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി, പ്രോല്‍സാഹിപ്പിച്ച്, സാമ്പത്തിക പിന്തുണ നല്‍കുന്നതാണ് പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അക്കാഡമിക്, പ്രൊഫഷണല്‍ അഭിലാഷങ്ങള്‍ എത്തിപ്പിടിക്കുന്നതിന് സഹായിക്കുന്നതാണ് ഈ സമഗ്ര സാമ്പത്തിക സഹായ പദ്ധതിയെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. രാജ്യത്ത് എവിടെയും ഫുള്‍ടൈം റെഗുലര്‍ കോഴ്സുകളില്‍ പഠിക്കുന്ന ആദ്യവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ നല്‍കാവുന്നതാണ്.

റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ കഴിവുള്ള വിദ്യാര്‍ത്ഥികളെ അവരുടെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കുന്നതിന് പ്രാപ്തരാക്കി, വിജയകരമായ പ്രൊഫഷണലുകളാക്കി മാറ്റാനാണ് സഹായിക്കുന്നത്. അവരുടെ വൈദഗ്ധ്യവും ശേഷിയും പുറത്തെടുത്ത് ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന ചെയ്യാന്‍ പ്രാപ്തരാക്കുകയെന്നതും ഈ ഉദ്യമത്തിന്റെ ലക്ഷ്യമാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദതലത്തില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിലൂടെ സാമ്പത്തിക ഭാരമില്ലാതെ തങ്ങളുടെ പഠനം പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് സാധിക്കുന്നു.

ഭാവിയിലെ കോഴ്സുകളായ എന്‍ജിനീയറിംഗ്, ടെക്നോളജി, എനര്‍ജി, ലൈഫ് സയന്‍സസ് തുടങ്ങിയവയില്‍ ബിരുദാനന്തര പഠനം നടത്തുന്ന 100 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്താണ് പോസ്റ്റ് ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത്. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന കോഴ്സുകളാണിത്. മെറിറ്റ് അടിസ്ഥാനത്തില്‍ തന്നെയായിരിക്കും ഈ സ്‌കോളര്‍ഷിപ്പും നല്‍കുക. ഡിഗ്രി പ്രോഗ്രാമിന്റെ കാലയളവ് കവര്‍ ചെയ്യുന്നതാകും സ്‌കോളര്‍ഷിപ്പ്. വലുതായി ചിന്തിക്കുന്ന, പ്രകൃതി സൗഹൃദമായി ചിന്തിക്കുന്ന, ഡിജിറ്റലായി ചിന്തിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയുമുള്ള ഗ്രാന്റുകള്‍ക്ക് പുറമേ, റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ പ്രമുഖരുടെ മെന്റര്‍ഷിപ്പും, അവരിലേക്ക് എത്തുന്നതിനുള്ള വാതിലുകളും തുറക്കപ്പെടും. ഇതിന് പുറമെ വിദഗ്ധരുടെ കരിയര്‍ ഉപദേശങ്ങളും ശില്‍പ്പശാലകളിലൂടെയും സെമിനാറുകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ലീഡര്‍ഷിപ്പ് വികസനത്തിനുള്ള അവസരവും നൈപുണ്യ ശേഷി വികസനത്തിനുള്ള അവസരവുമല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. സാമൂഹ്യവികസനത്തിന് ഉതകുന്ന രീതിയിലുള്ള കമ്യൂണിറ്റി എന്‍ഗേജ്മെന്റ് പ്രോഗ്രാമുകളില്‍ പങ്കെടുക്കാനുള്ള അവസരവും പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും.

കുട്ടിക്കാലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെ ഗുണനിലവാരമുള്ള മികച്ച വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലധിഷ്ഠിതമായാണ് റിലയന്‍സ് ഫൗണ്ടേഷന്റെ വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍. 2022 ഡിസംബറില്‍, റിലയന്‍സിന്റെ സ്ഥാപക-ചെയര്‍മാന്‍ ശ്രീ ധീരുഭായ് അംബാനിയുടെ 90-ാമത് ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി വമ്പന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചത്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയാണ്. അതിന് ശേഷം ഓരോ വര്‍ഷവും 5100 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചുവരുന്നുണ്ട്. ഇതുവരെ, 23,000 ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളാണ് റിലയന്‍സ് ഫൗണ്ടേഷന്‍ നല്‍കിയത്.

എങ്ങനെ അപ്ലൈ ചെയ്യാം?

www.scholarships.reliancefoundation.org. എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്. ബിരുദതലത്തില്‍ വിദ്യാര്‍ത്ഥികളുടെ ആപ്റ്റിറ്റിയൂഡും സാമ്പത്തിക പശ്ചാത്തലവും പരിശോധിച്ചാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുക. അക്കാഡമിക് നേട്ടങ്ങള്‍, പെഴ്സണല്‍ സ്റ്റേറ്റ്മെന്റ്സ്, അഭിമുഖങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും ബിരുദാനന്തര തലത്തില്‍ സ്‌കോള്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുക. മികച്ച മനുഷ്യവിഭവശേഷിയെ കണ്ടെത്തുന്നതിനാണിത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version