സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൊണ്ട് പരസ്പരം എല്ലാവര്‍ക്കും നേട്ടം ലഭിക്കുന്ന ഒരു നല്ല അന്തരീക്ഷത്തില്‍ നിന്നും വരുന്നതാണ് യഥാര്‍ത്ഥ പ്രോഫിറ്റ്. എല്ലാവര്‍ക്കും ലാഭം വീതിക്കപ്പെടണം-പാരഗണ്‍ മേധാവി സുമേഷ് ഗോവിന്ദ്
അടിസ്ഥാനപരമായി ഒരു ബിസിനസ് സക്സസ്ഫുള്‍ ആയി നടക്കുന്നു എന്നതിന്റെ സൂചകമാണ് പ്രോഫിറ്റ്. ലാഭമില്ലാതെ ഒരു ബിസിനസ് നടക്കില്ലല്ലോ. അപ്പോള്‍ അതിന്റെ സ്വഭാവം മാറും. അതേസമയം പ്രോഫിറ്റ് മാത്രമല്ല ബിസിനസിന്റെ ആത്യന്തിക ലക്ഷ്യം. കാശ് മിച്ചം പിടിക്കുന്നു, അല്ലെങ്കില്‍ ബാക്കിയാവുന്നു എന്നത് മാത്രമല്ല ബിസിനസിന്റെ ലക്ഷ്യം. അതിന്റെ കൂടെ നിങ്ങളുടെ ജീവനക്കാരുടെ എന്‍ഗേജ്മെന്റ്, അവരുടെ സംതൃപ്തി (സാറ്റിസ്ഫാക്ഷന്‍), ഉപഭോക്താക്കളുടെ സാറ്റിസ്ഫാക്ഷന്‍ തുടങ്ങിയവയെല്ലാം കൂടി ബാലന്‍സ് ചെയ്ത് ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ് ശരിക്കുള്ള പ്രോഫിറ്റ്.
അല്ലാതെ കസ്റ്റമറെ ചൂഷണം ചെയ്തിട്ടോ ജീവനക്കാരെ ചൂഷണം ചെയ്തിട്ടോ കസ്റ്റമര്‍ക്ക് വേണ്ടി ജീവനക്കാരെ ചൂഷണം ചെയ്തിട്ടോ, ഒരു ബോസിന് വേണ്ടി കസ്റ്റമറെയും ജീവനക്കാരെയും ചൂഷണം ചെയ്തിട്ടോ ആകരുത് പ്രോഫിറ്റ് വരേണ്ടത്. മേല്‍പ്പറഞ്ഞ ഘടകളിലെല്ലാം കൃത്യമായ ബാലന്‍സിങ് വേണം.
എന്താകണം പ്രോഫിറ്റ്?
ജീവനക്കാരെ ചൂഷണം ചെയ്ത് കസ്റ്റമറിന് നേട്ടമുണ്ടാക്കി കൊടുത്ത്, ഉപഭോക്താക്കള്‍ക്കിടയിലുള്ള ഗുഡ്‌വിലിന്റെ ബലത്തില്‍ മുന്നോട്ടു പോകുന്ന സ്ഥാപനങ്ങള്‍ ധാരാളമുണ്ട്. ഉപഭോക്താക്കളെ ചൂഷണം ചെയ്തിട്ട് ജീവനക്കാര്‍ക്കും സ്ഥാപന മേധാവിക്കും ബെനഫിറ്റ് ഉണ്ടാക്കിക്കൊടുക്കുന്ന സ്ഥാപനങ്ങള്‍ ഞങ്ങളുടെ മേഖലയിലുണ്ട്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ ഈ പ്രവണതകളൊന്നും ശരിയല്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കൊണ്ട് പരസ്പരം എല്ലാവര്‍ക്കും നേട്ടം ലഭിക്കുന്ന ഒരു നല്ല അന്തരീക്ഷത്തില്‍ നിന്നും വരുന്ന പ്രോഫിറ്റാണ് യഥാര്‍ത്ഥ പ്രോഫിറ്റ്. എല്ലാവര്‍ക്കും ലാഭം വീതിക്കപ്പെടണം. അതേസമയം വിപണിയിലെ മല്‍സരാധിഷ്ഠിത അന്തരീക്ഷത്തില്‍ നിലനില്‍ക്കാന്‍, അവിടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ആകര്‍ഷകമായ വില മുന്നോട്ടുവെക്കുകയാണ് പലരും ചെയ്യുന്നത്. ഞങ്ങളുടെ മേഖലയിലെല്ലാം അത് വളരെയധികം പ്രകടമാണ്.
ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇറക്കിയ പൈസ തിരിച്ചുപിടിക്കുന്ന ബിസിനസുകളുമുണ്ട്.
കസ്റ്റമര്‍ ഹാപ്പിയാകും. എന്നാല്‍ പരോക്ഷമായി നമ്മുടെ ജീവനക്കാരെ ചൂഷണം ചെയ്തിട്ടോ, നമ്മള്‍ എടുക്കുന്ന പരിശ്രമത്തിന് വേണ്ടത്ര മൂല്യം നല്‍കാതെയുമെല്ലാമുള്ള ഒരു തരം ഭയത്തിന് മേലെയാണ് അത്തരത്തിലുള്ള വിലനിര്‍ണയങ്ങള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വരുന്നത്. അവിടെ നമ്മള്‍, നമ്മുടെ സ്റ്റാഫ്, നമ്മുടെ എഫര്‍ട്ട് എല്ലാം അണ്ടര്‍വാല്യു ചെയ്യപ്പെടുകയാണ്…കസ്റ്റമര്‍ മികച്ച അഭിപ്രായം പറഞ്ഞിട്ട് മാത്രം കാര്യമില്ല. പറഞ്ഞുവരുന്നത് സംരംഭത്തിന്റെ ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും അര്‍ഹിച്ച മൂല്യം ലഭിച്ചാകണം ലാഭം വരേണ്ടത്. പ്രോഫിറ്റ് വേണമെങ്കില്‍ എക്കൗണ്ട്സ് പ്രോപ്പറായിരിക്കണമെന്നതും പ്രധാനമാണ്. ചെലവിന്റെ ഓരോ വശവും അതത് ദിവസം തന്നെ അറിഞ്ഞിരിക്കണം. അപ്പോള്‍ നമ്മുടെ ബിസിനസിന്റെ പൊസിഷന്‍ കൃത്യമായി മനസിലാകും. അടിസ്ഥാനപരമായി പ്രോപ്പര്‍ സിസ്റ്റംസും സിസ്റ്റമാറ്റിക് എക്കൗണ്ടിംഗുമെല്ലാം വേണം, കൃത്യമായ മോണിറ്ററിങ്ങും.
എത്രയാകണം പ്രോഫിറ്റ്?
ഇന്‍വെസ്റ്റ്മെന്റിന് അനുസരിച്ചാകണം (നിങ്ങളുടെ ടൈമും എനര്‍ജിയുമെല്ലാം അതില്‍ ഉള്‍പ്പടെണം) പ്രോഫിറ്റ്. ഒരുദാഹരണം എടുക്കാം. ഞാന്‍ പറയുന്നത് സാധാരണ ബിസിനസിനെക്കുറിച്ചാണ്. അഞ്ച് കോടി രൂപയാണ് മുതല്‍മുടക്കെന്ന് കരുതുക. രണ്ട് കൊല്ലം കൊണ്ട് ആര്‍ഒഐ (റിട്ടേണ്‍ ഓണ്‍ ഇന്‍വെസ്റ്റ്‌മെന്റ്) കിട്ടുകയാണെങ്കില്‍ അതൊരു സക്സസ്ഫുള്‍ മോഡലായി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ കിട്ടുകയാണെങ്കില്‍ വളരെ നല്ലത്. എന്നാല്‍ നാല് വര്‍ഷത്തിന് മേലെ വന്നാല്‍ ആ ബിസിനസ് എത്രത്തോളം കോംപറ്റീറ്റീവ് ആണെന്ന കാര്യത്തില്‍ സംശയം വരും.
ബിസിനസ് തുടര്‍ച്ചയായി റീഇന്‍വെന്റ് ചെയ്തില്ലെങ്കില്‍ നിലനില്‍ക്കാന്‍ പറ്റിയെന്ന് വരില്ല എന്നാണ് അതിനര്‍ത്ഥം. എന്നാല്‍ ബിസിനസിന്റെ സ്വഭാവമനുസരിച്ച് ഇത് മാറുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഇറക്കിയ പൈസ തിരിച്ചുപിടിക്കുന്ന ബിസിനസുകളുമുണ്ട്. ഫിലിം പ്രൊഡക്ഷനെല്ലാം നോക്കിയാല്‍ മതി. ഒരു 20 കോടി മുടക്കിയെന്ന് വെച്ചോളൂ. അത് മോഡറേറ്റ്ലി സക്സസ്ഫുള്‍ ആയാല്‍തന്നെ അഞ്ചാറ് മാസം കൊണ്ട് കാശ് തിരിച്ചുകിട്ടും. സൂപ്പര്‍ ഹിറ്റായാല്‍ ചിലപ്പോള്‍ 200 കോടിയെല്ലാം കിട്ടും.
കൊള്ളലാഭം
കുത്തകവല്‍ക്കരണം വരുമ്പോള്‍ മാത്രമേ കൊള്ളലാഭം എടുക്കാന്‍ പറ്റുകയുള്ളൂ. കൊള്ളലാഭത്തേക്കാളും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്ററന്റ് ബിസിനസ് മേഖലയില്‍ കൂടുതല്‍ കാണുന്നത് അണ്ടര്‍സെല്ലിങ്ങാണ്. സ്വന്തം വാല്യു നോക്കാതെ സ്റ്റാഫിനെയും മറ്റ് ചൂഷണം ചെയ്ത് കസ്റ്റമേഴ്സിനെ നിലനിര്‍ത്താനാണ് പലരും നേക്കുന്നത്. ഞങ്ങളുടെ ഫീല്‍ഡില്‍ ചില എക്സ്പെന്‍സ് എല്ലാം സ്ഥിരമാണ്. അതില്‍ കുറയ്ക്കാനോ കൂട്ടാനോ ഒന്നും പറ്റില്ല. അവിടെ ബിസിനസ് കൂടുതല്‍ വലുതാക്കാന്‍ വിറ്റുവരവ് കൂട്ടുകയെന്ന മാര്‍ഗമേയുള്ളൂ. നിങ്ങളുടെ ഫുഡും അനുബന്ധ ഉല്‍പ്പന്നങ്ങളുമെല്ലാം മികവുറ്റതാക്കുക, എന്നിട്ടത് നാട്ടുകാരെ അറിയിക്കുക. ക്വാളിറ്റിയും മാര്‍ക്കറ്റിംഗും തമ്മില്‍ പെര്‍ഫക്റ്റ് മാച്ചായിരിക്കണം. അപ്പോള്‍ കച്ചവടം കൂടും.
സ്വാഭാവികമായും ബ്രേക്ക് ഈവന്‍ പോയിന്റിന്റെ മുകളിക്ക് പോകും. അപ്പോള്‍ കമ്പനി പ്രോഫിറ്റിലേക്ക് പോകും. അടിസ്ഥാനപരമായി ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് നിങ്ങളെ എങ്ങനെ മാനേജ് ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് ഇതിനെല്ലാമുള്ള അടിസ്ഥാനം. അതാണ് നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുക. അത് പ്രോഫിറ്റിലും പ്രതിഫലിക്കും. ശരിയായ ഭക്ഷണം, വിശ്രമം, വ്യായാമം, ഉണര്‍വുള്ള മനസ്, സ്‌ട്രെസ് മാനേജ്‌മെന്റ്, സിസ്റ്റമാറ്റിക് തിങ്കിങ്…തുടങ്ങി നിരവധി ഘടകങ്ങള്‍ ഇതിന് പുറകിലുണ്ട്.
The Profit is a multi-media business news outlet.