പഴമയിലേക്കുള്ള തിരിച്ചുപോക്കിന്റെ പാതയിലാണ് മലയാളികളുടെ പാചകമിപ്പോള്‍. അതിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ തിരുവനന്തപുരത്ത് നന്ദന്‍കോടുള്ളഓര്‍ഗാനോ ഗ്രാം എന്ന സ്ഥാപനത്തിന്റെ ഉടമയായ ശ്രീദേവി പദ്മജവും. മലയാളികള്‍ മറന്നു പോയ കറിച്ചട്ടി ശീലങ്ങളിലേക്ക് മലയാളികളെ മടക്കിക്കൊണ്ടു വരികയാണ് ശ്രീദേവി.
മീന്‍ കറി മണ്‍പാത്രങ്ങളില്‍ മാത്രം പാകം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. എന്നാല്‍ ഇന്ന് മലയാളിയുടെ അടുക്കള നോണ്‍ സ്റ്റിക് പാത്രങ്ങലും,അലൂമിനിയം പാത്രങ്ങളും കയ്യടക്കിയിരിക്കുകയാണ്. അത് മാറ്റാനും മണ്‍പാത്രങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം പുന സ്ഥാപിക്കാനും വേണ്ട ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ശ്രീദേവി പത്മജം.. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാന്‍ മണ്‍പാത്രങ്ങള്‍ക്ക് കഴിയുമെന്ന് മനസിലാക്കിയ ശ്രീദേവി മണ്‍പാത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്ന വ്യക്തികളെ കണ്ടെത്തി ഓര്‍ഡര്‍ നല്‍കി നിര്‍മിക്കുകയായിരുന്നു പതിവ്.
ജോലി ഉപേക്ഷിച്ച് ഇത്തരത്തില്‍ ഒരു സംരംഭം തുടങ്ങുമ്പോള്‍ എതിര്‍ത്തവര്‍ ധാരാളം. എന്നാല്‍ തന്റെ സംരംഭത്തിന്റെ ആശയം ഒരിക്കല്‍ എല്ലാവരും അംഗീകരിക്കും എന്ന ഉറപ്പ് ശ്രീദേവിക്കുണ്ടായിരുന്നു. തുടക്കത്തില്‍ ഫെയ്സ്ബുക്കായിരുന്നു സഹായിയും വഴികാട്ടിയും.അതാകുമ്പോള്‍ പലതുണ്ട് ഗുണം, ഓര്‍ഡര്‍ കിട്ടിക്കഴിഞ്ഞ് മാത്രം സാധനം വാങ്ങിയാല്‍ മതി. അധികം മുതല്‍മുടക്കും വേണ്ട. എന്നാല്‍ ഫേസ്ബുക്ക് വഴി നടത്തിയ പ്രമോഷനുകള്‍ ഗുണം കണ്ടു. മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ എത്താന്‍ തുടങ്ങിയതോടെ സാവധാനം കട ആരംഭിച്ചു.
ചട്ടിയും കലവും തുടങ്ങി ഉണ്ണിയപ്പചട്ടിയും സോസ്പാനും ഫ്രൈപ്പാനും എല്ലാം ഇവിടെ ലഭ്യമാണ്. മത്സ്യം പാകം ചെയ്യാന്‍ ഡിസൈനര്‍ കളിമണ്‍ കാസറോളുകള്‍ വരെ ലഭ്യമാണ്.ആലുവ, തൃശൂര്‍, കാസര്‍കോട് എന്നിവടങ്ങളില്‍ നിന്ന് നേരിട്ടാണ് പാത്രങ്ങള്‍ വാങ്ങുന്നത്. കളിമണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് പാത്രങ്ങള്‍ പ്രത്യേകമായി തയാറാക്കി ഷോപ്പിലേക്ക് എത്തിക്കുകയാണ് ചെയ്യാറുള്ളത്. മണ്‍പാത്രങ്ങള്‍ക്ക് പുറമെ കാസ്റ്റ് അയണ്‍ ദോശക്കല്ലും ചീനച്ചട്ടിയും ഒക്കെ ഓര്‍ഗാനോഗ്രാമില്‍ ലഭിക്കും.