Startup

ജര്‍മ്മന്‍ വാണിജ്യ സഹകരണ പരിപാടിയിലേക്ക് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പായ ലാന്‍സ്റ്റിറ്റിയൂട്ട്

രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്

ജര്‍മ്മന്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ വിദേശ വാണിജ്യ സഹകരണ പരിപാടിയായ പാര്‍ട്ണറിംഗ് ഇന്‍ ബിസിനസ് വിത്ത് ജര്‍മ്മനിയിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ലാന്‍സ്റ്റിറ്റിയൂട്ട് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്.

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് വന്‍പ്രതിഫലം ലഭിക്കുന്ന അന്താരാഷ്ട്ര ജോലികള്‍ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്ലാറ്റ്‌ഫോമാണ് ലാന്‍സ്റ്റിറ്റിയൂട്ട്. ഭാഷാപഠനം, പരീക്ഷാതയ്യാറെടുപ്പ്, രേഖാപരിശോധനകള്‍, ആശുപത്രികളുമായി ചേര്‍ന്ന് തൊഴിലവസരം, കുടിയേറ്റത്തിനുള്ള വിസാ ഇടപാടുകള്‍ തുടങ്ങിയ സേവനം പ്രദാനം ചെയ്യുന്ന സംരംഭമാണിതെന്ന് ലാന്‍സ്റ്റിറ്റിയൂട്ട് സഹസ്ഥാപകന്‍ യാസിന്‍ ബിന്‍ സലീം പറഞ്ഞു. 2030 ആകുമ്പോഴേക്കും ജര്‍മ്മനിയില്‍ മാത്രം ഏഴ് ലക്ഷം നഴ്‌സിംഗ് തൊഴിലവസരം ഉണ്ടാകുമെന്നാണ് അനുമാനം. ഈ സാധ്യത പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ പ്രൊഫഷണലുകളെ തയ്യാറെടുപ്പിക്കാനും ലാന്‍സ്റ്റിറ്റിയൂട്ടിലൂടെ സാധിക്കും.

ആശുപത്രികള്‍, മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഈ പരിപാടിയില്‍ ഇടം പിടിച്ചതോടെ ലാന്‍സ്റ്റിറ്റിയൂട്ടിന് സാധിക്കും. മെഡിക്കല്‍ മേഖലയിലെ കുടിയേറ്റത്തിന് സുസ്ഥിര മാതൃക രൂപപ്പെടുത്താനാണ് ലക്ഷ്യമെന്നും യാസീന്‍ കൂട്ടിച്ചേര്‍ത്തു.

വിദേശ വ്യാപാരം മെച്ചപ്പെടുത്താനും നിക്ഷേപം വര്‍ധിപ്പിക്കാനും ലക്ഷ്യം വച്ചു കൊണ്ടാണ് ജര്‍മ്മനിയിലെ സാമ്പത്തിക-കാലാവസ്ഥാ കര്‍മ്മപദ്ധതി മന്ത്രാലയം ഈ വാണിജ്യ പരിപാടി ആരംഭിച്ചത്. നിലവില്‍ ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ള സംരംഭകര്‍ക്ക് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം. വിജയകരമായി നടക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങളെയാണ് ജര്‍മ്മനി ലക്ഷ്യം വയ്ക്കുന്നത്. വര്‍ഷം തോറും 1800 കമ്പനികള്‍ക്ക് ഈ പരിപാടിയില്‍ അംഗത്വം ലഭിക്കുന്നു.

ജര്‍മ്മന്‍ വിപണിയിലേക്കുള്ള പ്രവേശനം, പ്രാദേശിക കമ്പനികളുമായുള്ള വാണിജ്യ പങ്കാളിത്തം, ജര്‍മ്മന്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള വിദഗ്‌ധോപദേശം, മികച്ച വാണിജ്യ ശൃംഖല എന്നിവ ഈ സഹകരണത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട കമ്പനികള്‍ക്ക് ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version