ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (AI) ഈ തലമുറയിലെ ഏറ്റവും വലിയ മാറ്റമെന്ന് വിശേഷിപ്പിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് (RJIL) ചെയര്‍മാന്‍ ആകാശ് അംബാനി. ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന ‘മുംബൈ ടെക് വീക്ക് 2025’-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ പ്രധാന വളര്‍ച്ചാ എഞ്ചിനായി മാറുമെന്നും വരും വര്‍ഷങ്ങളില്‍ രാജ്യം 10 ശതമാനം അല്ലെങ്കില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡ്രീം 11 സിഇഒ ഹര്‍ഷ് ജെയിനുമായുള്ള ഒരു ഫയര്‍സൈഡ് ചാറ്റിനിടെ, ഭാവിക്ക് എഐ എത്രത്തോളം പ്രധാനമാണെന്ന് ആകാശ് അംബാനി എടുത്തു പറഞ്ഞു.
എഐ രംഗത്ത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി 1,000-ലധികം ഡാറ്റാ ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന ഒരു ടീമിനെ തങ്ങളുടെ കമ്പനി രൂപീകരിച്ചിട്ടുണ്ടെന്ന് അംബാനി പറഞ്ഞു. രാജ്യത്തിന്റെ എഐയെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഒരു ജിഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റര്‍ ജാംനഗറില്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ എഐയില്‍ മുന്നോട്ട് നയിക്കാന്‍ മൂന്ന് അടിസ്ഥാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ജിയോ ചെയര്‍മാന്‍ പറഞ്ഞു: എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗവേഷണവും വികസനവും, നൈപുണ്യമുള്ള പ്രതിഭകള്‍. ഇന്ത്യയില്‍ ഡിജിറ്റല്‍, എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കുന്നതിന് തുടര്‍ച്ചയായ നിക്ഷേപം ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
‘സാങ്കേതികവിദ്യയുടെ കാര്യത്തില്‍ നമ്മള്‍ പിന്നോക്കം നില്‍ക്കുന്ന കാഴ്ചപ്പാടില്‍ ചിന്തിച്ചിരുന്ന കാലം കഴിഞ്ഞു. സാങ്കേതികവിദ്യ അതിവേഗം സ്വീകരിക്കാനും രാജ്യത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കാനും കഴിയുന്ന മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്ന് നമ്മള്‍ ലോകത്തിന് മുന്നില്‍ തെളിയിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു.