News

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ പാല്‍വില ഇന്‍സെന്റീവ് 15 രൂപയായി വര്‍ദ്ധിപ്പിച്ചു

കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി അധിക പാല്‍വില നല്‍കുവാനാണ് മേഖലാ യൂണിയന്‍ ശ്രമിക്കുന്നത്

മില്‍മ എറണാകുളം മേഖലാ യൂണിയന്‍ സംഘങ്ങളില്‍ നിന്നും സംഭരിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 2024 ആഗസ്റ്റ് 11-ാം തീയതി മുതല്‍ ജനുവരി 31 വരെ പ്രോത്സാഹന അധികവിലയായി നല്‍കികൊണ്ടിരിക്കുന്ന 10 രൂപ 2025 ഫെബ്രുവരി ഒന്ന് മുതല്‍മാര്‍ച്ച് 31 വരെ 15 രൂപയാക്കി അധികം നല്‍കുന്നതിന് ഭരണസമിതിയോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ സി എന്‍ വത്സലന്‍പിള്ള അറിയിച്ചു.

എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000 ല്‍ പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതില്‍ എട്ട് രൂപ കര്‍ഷകനും, ഏഴ് രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന ഏഴ് രൂപയില്‍ നിന്നും ഒരു രൂപ മേഖലായൂണിയന്റെ ഷെയര്‍ ആയും മാറ്റും.

കര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കുമായി പരമാവധി അധിക പാല്‍വില നല്‍കുവാനാണ് മേഖലാ യൂണിയന്‍ ശ്രമിക്കുന്നത്. ഇന്ത്യയിലെ ക്ഷീരോല്‍പ്പാദക യൂണിയനുകളിലെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ ഏറ്റവും കൂടിയ പ്രോത്സാഹന അധികവിലയാണ് മേഖലാ യൂണിയന്‍ നല്‍കുന്നത്. മേഖലാ യൂണിയന്റെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നും 24 കോടിരൂപയാണ് ഈ ഇനത്തില്‍ചിലവ് പ്രതീക്ഷി ക്കുന്നുത്. ഫാം സെക്ടറിലെ കര്‍ഷകര്‍ക്കായി കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടപ്പിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.

വൈവിധ്യവല്‍കരണത്തിന്റെ പാതയിലൂടെയും മികച്ച പ്രവര്‍ത്തനങ്ങളിലൂടെയും നല്ല സാമ്പത്തികനിലയില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ എറണാകുളം മേഖലാ യൂണിയന്‍ കഴിഞ്ഞ ഭരണസമിതി തുടങ്ങിവെച്ച പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങളും, പുതിയ പദ്ധതികളും ആരംഭിച്ചു കൊണ്ട് മുന്നോട്ട് പോകുകയാണ്. മില്‍മ റീഫ്രഷ് വെജ് റെസ്റ്റോറന്റ് എന്ന പേരില്‍ ക്ഷീരസഹകരണ മേഖലയില്‍ മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ആരംഭിച്ച മില്‍മ റീഫ്രഷ് വെജ് ശൃംഖലയുടെ തൃശ്ശൂര്‍ ജില്ലയിലെ രണ്ടാമത്തെ റസ്റ്റോറന്റ് തൃശ്ശൂരില്‍ മില്‍മ ട്രെയിനിംഗ് സെന്റര്‍ കോമ്പൗണ്ടിനോട് ചേര്‍ന്ന് പണി പൂത്തീകരിച്ച് വരികയാണ്. ഇതാണ് മാര്‍ച്ച് 31 ന് മൂന്‍പായി പ്രവര്‍ത്തനം ആരംഭിക്കും.

വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി കേരളത്തില്‍ ആദ്യമായി എറണാകുളം മേഖലാ യൂണിയന്‍ ചാലക്കുടിയില്‍ ആരംഭിച്ച ബേക്കറി യൂണിറ്റ് വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നു. മുവാറ്റുപ്പുഴ, മരങ്ങാട്ടുപ്പള്ളി എന്നിവിടങ്ങളിലും ബേക്കറി യൂണിറ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version