News

ബിഎഐ എമേര്‍ജ് – 2024 കോണ്‍ക്ലേവ് നാളെ (വെള്ളി)

നിര്‍മാണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവ് ബിഎഐ കൊച്ചി സെന്ററാണ് സംഘടിപ്പിക്കുന്നത്

കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു സ്ഥാപനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യുടെ നേതൃത്വത്തില്‍ നടത്തുന്ന എമേര്‍ജ്- 2024 കോണ്‍ക്ലേവ് നാളെ (വെള്ളി) റിനൈ കൊച്ചിന്‍ ഹോട്ടലില്‍ നടക്കും. നിര്‍മാണ രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകളും കണ്ടുപിടിത്തങ്ങളും ചര്‍ച്ച ചെയ്യുന്ന കോണ്‍ക്ലേവ് ബിഎഐ കൊച്ചി സെന്ററാണ് സംഘടിപ്പിക്കുന്നത്.

ഈ ദശാബ്ദത്തില്‍ നിര്‍മാണ മേഖലയില്‍ വരാനിരിക്കുന്ന മാറ്റങ്ങളുടെ സൂചനകളായിരിക്കും എമേര്‍ജ്- 2024 കോണ്‍ക്ലേവ് പകരുകയെന്ന് ബിഎഐ കൊച്ചി സെന്റര്‍ ചെയര്‍മാന്‍ ജോര്‍ജ് മാത്യു പാലാല്‍ പറഞ്ഞു. പുതിയ കാലത്തെ നിര്‍മാണ മേഖലയിലെ അടിസ്ഥാന ഘടകങ്ങളെന്നു പറയുന്ന ഡ്രോണുകളും റോബോട്ടുകളുമൊക്കെ കോണ്‍ക്ലേവിലെ മുഖ്യകാഴ്ച്ചകളായിരിക്കും. ത്രീ ഡി പ്രിന്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവ നിര്‍മാണ മേഖലകളിലെ ജോലികള്‍ എത്രത്തോളം ലളിതമാക്കുമെന്നും എമേര്‍ജ്- 2024 വിവരിക്കുമെന്നും ജോര്‍ജ് മാത്യു പാലാല്‍ കൂട്ടിച്ചേര്‍ത്തു.

നാളെ (വെള്ളി) രാവിലെ 10 ന് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. ബിഎഐ കൊച്ചി സെന്റര്‍ ചെയര്‍മാന്‍ ജോര്‍ജ് മാത്യു പാലാല്‍ അധ്യക്ഷത വഹിക്കും. ബിഎഐ സംസ്ഥാന ചെയര്‍മാന്‍ പിഎന്‍ സുരേഷ് മുഖ്യാതിഥിയായിരിക്കും. ബിഎഐ എമേര്‍ജ് കണ്‍വീനര്‍ വിവേക് കൃഷ്ണമൂര്‍ത്തി, ബിഎഐ കൊച്ചി സെന്റര്‍ സെക്രട്ടറി ജോസഫ് ജോര്‍ജ് എം, ബിഎഐ കൊച്ചി സെന്റര്‍ യൂത്ത് വിങ് ചെയര്‍മാന്‍ അനിറ്റ് എബ്രഹാം ആന്റണി എന്നിവര്‍ സംസാരിക്കും.

നിര്‍മാണ മേഖലകളില്‍ നടക്കുന്ന പരീക്ഷണങ്ങളെ കുറിച്ചും നൂതന കണ്ടുപിടുത്തങ്ങളുമായി ബന്ധപ്പെട്ടതുമാണ് കോണ്‍ക്ലവിന്റെ ഭാഗമായി നടക്കുന്ന വിവിധ സാങ്കേതിക സെമിനാറുകളും ചര്‍ച്ചകളും. ആര്‍ക്കിടെക്റ്റ് അനുരാഗ് തമാന്‍കര്‍, ആര്‍ക്കിടെക്റ്റ് ചിത്ര വിശ്വനാഥ്, എന്‍ജിനീയര്‍ ക്യാപ്റ്റന്‍ കാള്‍ ന്യൂഗ് ബോവര്‍ (ജര്‍മനി), എന്‍ജിനീയര്‍ ശരത് സി പാരുപ്പള്ളി, എന്‍ജിനീയര്‍ വിനോദ് തരകന്‍ എന്നിവര്‍ കോണ്‍ക്ലേവ് നയിക്കും.

കോണ്‍ക്ലേവിന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 50 സ്റ്റാളുകളുടെ പ്രദര്‍ശനവും ഉണ്ടാവും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍, ആര്‍ക്കിടെക്റ്റുമാര്‍ തുടങ്ങി അറന്നൂറോളം ആളുകള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version