ഉപഗ്രാധിഷ്ഠിത അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം മുന്‍നിര്‍ത്തി ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്ലുമായി സ്പേസ്എക്സസുമായി കരാറൊപ്പിട്ടു. എയര്‍ടെല്‍ ഓഹരി വിപണിയെ അറിയിച്ചതാണ് ഇക്കാര്യം. ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് സ്പേസ് എക്സ്. അടുത്തിടെ യു.എസ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇലോണ്‍ മസ്‌കും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഇന്റര്‍നെറ്റ് സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയുമായുള്ള തര്‍ക്കം നിലനില്കുനന്നതിനാല്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്കിനെ ഇന്ത്യയിലെത്തിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മസ്‌ക്. ഇന്റര്‍നെറ്റ് സ്പെക്ട്രം ലേലം ചെയ്യണമെന്നായിരുന്നു ജിയോയുടെ ആവശ്യം. ലേലം ചെയ്യേണ്ടതില്ലെന്നും സ്പെക്ട്രം ഓരോ കമ്പനിക്കുമായി അനുവദിക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സ്റ്റാര്‍ ലിങ്കിന്റെ അപേക്ഷയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സ്പേസ് എക്സിന് സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറക്ക് സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുമെന്ന് എയര്‍ടെല്ലും വ്യക്തമാക്കി.
ഇന്ത്യയിലെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ നല്‍കാനുള്ള തീരുമാനം കമ്പനിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് എയര്‍ടെല്‍ എം.ഡിയും വൈസ് ചെയര്‍മാനുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വിദൂരമായ പ്രദേശത്ത് പോലും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ടെലികോം ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുള്ള എയര്‍ടെല്ലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് മികച്ച അംഗീകാരമായി കാണുന്നുവെന്ന് സ്പേസ്എക്സ് സി.ഇ.ഒ ഗൈ്വന്‍ ഷോട്ട്വെല്‍ പറഞ്ഞു.