News

അടിമുടി മാറി ഔട്ട് ഡോര്‍ പരസ്യ മേഖല; ഡിജിറ്റല്‍ മുഖം മിനുക്കല്‍

ഡിജിറ്റല്‍ പരസ്യങ്ങളുടെ രംഗപ്രവേശത്തോടെ ഈ മേഖലയില്‍ അനന്തമായ സാധ്യതകളാണ് തുറന്നുവന്നിരിക്കുന്നത്

പരസ്യങ്ങളില്ലാത്ത വിപണി ഇന്നു ചിന്തിക്കാനാവുമോ? ഒരു ഉല്‍പ്പന്നത്തിന്റെ വില്‍പ്പനയില്‍ നിര്‍ണായക പങ്കുവഹിക്കുന്നത് പരസ്യങ്ങളാണ്. മൊബീല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ വ്യാപകമാകുന്നുണ്ടെങ്കിലും ഔട്ട് ഡോര്‍ പരസ്യങ്ങളുടെ പങ്കിട്ട് തെല്ലും കുറഞ്ഞിട്ടില്ല. ഡിജിറ്റല്‍ പരസ്യങ്ങളുടെ രംഗപ്രവേശത്തോടെ ഈ മേഖലയില്‍ അനന്തമായ സാധ്യതകളാണ് തുറന്നുവന്നിരിക്കുന്നത്.

സംസ്ഥാനത്തെ ഉപഭോക്തൃ വിപണിക്ക് ഒരു പ്രത്യേകതയുണ്ട്, ഇവിടെ ഉപഭോക്താക്കള്‍ പരസ്യം കണ്ടും നോക്കിയും തന്നെയാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ കിടമത്സരങ്ങളും വളരെ കൂടുതലാണ്. കാലങ്ങളായി ഈ അവസ്ഥ കേരളത്തില്‍ തുടര്‍ന്ന് വരുന്നു. ഫ്ളയറുകള്‍, ന്യൂ പേപ്പര്‍ പരസ്യങ്ങള്‍, ടിവി കൊമേഷ്യലുകള്‍ എന്ന് വേണ്ട വഴിയരികിലായി സ്ഥാനം പിടിച്ചിരിക്കുന്ന പടുകൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ വരെ മലയാളിയുടെ പര്‍ച്ചേസിംഗ് ഹബിറ്റിനെ സ്വാധീനിക്കുന്നു.

സര്‍ക്കാര്‍ പോലും തങ്ങളുടെ പ്രമോഷനു വേണ്ടിയും പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാനുമായി പരസ്യങ്ങള്‍ക്ക് വന്‍തുക ചെലവഴിക്കുമ്പോള്‍ തന്നെ ഇവയുടെ പ്രാധാന്യം ഊഹിക്കാവുന്നതാണ്. പരിസ്ഥിതി പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഇടക്കാലത്ത് ഔട്ട് ഡോര്‍ പരസ്യമേഖലക്ക് മേല്‍ വന്ന നിരോധനം മൂലം ഔട്ട് ഡോര്‍ പരസ്യ മേഖലയില്‍ ഒരിടിവ് സംഭവിച്ചിരുന്നു. എന്നാല്‍ ഇന്നവേഷന് പ്രാധാന്യം നല്‍കിക്കൊണ്ട് ഡിജിറ്റല്‍ പരസ്യങ്ങള്‍ ഔട്ട് ഡോര്‍ മേഖലയില്‍ സ്ഥാനം പിടിച്ചതോടെ ഈ മേഖല തന്റെ നഷ്ടപ്രതാപത്തിലേക്ക് തിരിച്ചെത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ്.

ട്രെന്‍ഡിനൊത്ത സഞ്ചരിക്കുക എന്നതാണ് ഔട്ട് ഡോര്‍ പരസ്യ മേഖലയെ ഇന്ന് വ്യത്യസ്തമാക്കുന്ന ഘടകം. പല വിദേശ രാജ്യങ്ങളിലും പ്രാബല്യത്തിലുള്ള പരസ്യ നിര്‍മാണ തന്ത്രങ്ങള്‍ ഇപ്പോള്‍ കേരളത്തിലും ലഭ്യമാണ് എന്നതാണ് പ്രധാന പ്രത്യേകത. ആളുകളുടെ മനസിനെയും ചിന്തകളെയും കാഴ്ചവിസ്മയം കൊണ്ട് സ്വാധീനിക്കാന്‍ കഴിയുന്ന പരസ്യങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥാനമുള്ളത്. ഇവിടെയാണ് ഡിജിറ്റല്‍ മേഖല പിടി മുറുകുന്നത്.

നാം അടുത്തു ചെല്ലുമ്പോള്‍ ഹോര്‍ഡിംഗിലെ പരസ്യം മാറുന്നു. നമ്മുടെ ഇഷ്ടമനുസരിച്ചുള്ളവ അതില്‍ തെളിയുന്നു. എത്ര മനോഹരമായാണ് ഓരോ പരസ്യവും ഇത്തരത്തില്‍ ഓരോ വ്യക്തികളെയും ആകര്‍ഷിക്കുന്നത്. ഫ്ളെക്സ് ബോര്‍ഡുകള്‍ നിരോധിച്ചതിലൂടെ ഈ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തെളിഞ്ഞു വരികയാണ്. അതിനാല്‍ ഇന്നവേഷന് പ്രാധാന്യം കൊടുക്കാന്‍ പരസ്യമേഖലയിലെ സംരംഭകരും തയ്യാറാകുന്നു.

ഔട്ട് ഡോര്‍ പരസ്യമേഖല എന്നും മാറ്റങ്ങള്‍ക്ക് വിധേയമാണ് എന്നതാണ് പ്രധാന വസ്തുത. ഒരു കാലത്ത് ഔട്ട് ഡോര്‍ പരസ്യങ്ങള്‍ എന്നാല്‍ ആര്‍ട്ടിസ്റ്റ് കയറി വരയ്ക്കുന്ന ചിത്രങ്ങള്‍ അടങ്ങിയ വലിയ ഹോര്‍ഡിംഗുകള്‍ ആയിരുന്നു. പിന്നീട് ഈ രീതിമാരി ഫ്ലെക്സ് ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചു. ഫ്ളെക്സ് പ്രിന്റിംഗ് സാങ്കേതികവിദ്യ പിന്നീടുള്ള കാലത്ത് ജനകീയമായി. ഇപ്പോള്‍ ഫ്ലെക്സിന്റെ കാലവും കഴിഞ്ഞു. പകരക്കാരനായി എത്തുന്നത് ഡിജിറ്റല്‍ ബോര്‍ഡുകളാണ്.

വരാനിരിക്കുന്ന കാലം ഔട്ട്ഡോര്‍ പരസ്യമഖല ഡിജിറ്റല്‍ വാള്‍ എന്ന ആശയത്തിലേക്കാണ് നീങ്ങുന്നത്. ഇപ്പോള്‍ തന്നെ കേരളത്തിന്റെ പല ഭഗ്നകളിലും അതിനുള്ള ആരംഭം കുറിച്ച് കഴിഞ്ഞു. പല വലുപ്പത്തിലും നിര്‍മിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ വാളുകള്‍ക്ക് പ്രേക്ഷന് മികച്ച അനുഭൂതി നല്‍കാന്‍ കഴിയും. വിഷ്വല്‍ ഫീലിംഗ് മികച്ചതാകുന്നതോടെ പ്രസ്തുത ഉല്‍പ്പന്നത്തിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു. വിദേശത്തെ നിരത്തുകളില്‍ സഞ്ചരിച്ചാല്‍ ഈ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ അറിയാനാകും.

ഇന്ത്യയെ അപേക്ഷിച്ച് അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഈ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നു. വഴിയോരങ്ങള്‍, ബസ് വെയ്റ്റിംഗ് ഷെല്‍റ്ററുകള്‍ തുടങ്ങി ഡിജിറ്റല്‍ പരസ്യങ്ങളാണ് എല്ലായിടത്തും. കേരളത്തിന്റെ ഇന്ന് ഇതിന്റെ തുടക്കം കണ്ടു തുടങ്ങിയിട്ടുണ്ട്. പഴമയില്‍ തന്നെ ഉടക്കി നില്‍ക്കുന്ന മനസാണ് ഈ രംഗത്ത് നമ്മുടെ പ്രധാന പരാജയം.

തുടക്കത്തിലുള്ള ചെലവ് മാറ്റി നിര്‍ത്തിയാല്‍ മറ്റ് ഭീമമായ ചെലവുകള്‍ ഒന്നും ഉണ്ടാകുന്നുമില്ല. പരമ്പരാഗത ഔട്ട് ഡോര്‍ പരസ്യങ്ങളെ അപേക്ഷിച്ച് പ്രകൃതി സൗഹൃദമാണ്, മികച്ച ഫലം ലഭിക്കുന്നു, കുറഞ്ഞ സമയത്തിനുള്ളില്‍ പ്രവര്‍ത്തികമാക്കാം, രാത്രിയോ പകലോ ആവശ്യാനുസരണം മാത്രം വിനിയോഗിക്കാം, തുടങ്ങി സാധ്യതകള്‍ ഏറെയാണ്. പുതിയ അവസരങ്ങള്‍ക്കൊപ്പം നീങ്ങുകയാണ് ഈ സാഹചര്യത്തില്‍ സംരംഭകര്‍ ചെയ്യേണ്ടത്. പ്രകൃതിയോട് ഇണങ്ങിയ രീതിയാണ് എന്നത് തന്നെയാണ് എടുത്ത് പറയേണ്ട ഗുണം. കാലപ്പഴക്കം മൂലം ഫ്ലെക്സുകളിലെ പരസ്യത്തിന്റെ പുതുമ നഷ്ടപ്പെടും പോലെ ഇവിടെ സംഭവിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version