ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ ഇസ്രയേലില്‍ പ്രവര്‍ത്തിക്കുന്ന ആഗോള ടെക്നോളജി കമ്പനികള്‍ രാജ്യം വിടാന്‍ ആലോചിക്കുന്നെന്ന് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ എന്നിവയുള്‍പ്പെടെ 500-ലധികം ആഗോള കമ്പനികള്‍ ഇസ്രായേലിലുണ്ട്. വിപ്രോ, ടിസിഎസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും ഇസ്രയേലില്‍ ബിസിനസുകളുണ്ട്.
ലയനങ്ങളിലൂടെയും ഏറ്റെടുപ്പുകളിലൂടെയും ഇസ്രയേലില്‍ വളരുകയായിരുന്നു ഇന്ത്യന്‍ കമ്പനികള്‍. ആഗോള ടെക് കമ്പനികള്‍ കുറഞ്ഞത് 100,000 ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. ഇസ്രായേല്‍ വിടുന്ന കമ്പനികള്‍ ചുവടുറപ്പിക്കാനുള്ള മണ്ണായി കാണുന്നത് ഇന്ത്യയെയാണ്. പല ആഗോള ടെക് കമ്പനികളും ഇന്ത്യയിലേക്ക് മാറുന്നത് ഗൗരവമായി ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളും യൂറോപ്പും പരിഗണനയിലുണ്ടെങ്കിലും പല ഘടകങ്ങള്‍ കൊണ്ട് ഇന്ത്യക്കാണ് കൂടുതല്‍ പരിഗണനയെന്ന് ടെക് മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഹൈടെക് വ്യവസായങ്ങള്‍ ഇസ്രായേലില്‍ അതിവേഗം വളരുന്ന മേഖലയാണ്. എന്നാല്‍ ഇസ്രായേല്‍ സൈന്യം ഗാസ മുനമ്പില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തെ അഭിമുഖീകരിക്കുന്നതിനാല്‍ ഈ ബിസിനസുകള്‍ക്കും വന്‍ തടസ്സങ്ങള്‍ നേരിടേണ്ടിവരുമെന്ന് നിക്ഷേപകരെയും വിശകലന വിദഗ്ധരെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിലെ ഇന്ത്യന്‍ കമ്പനികളുടെയും സംയുക്ത സംരംഭങ്ങളുടെയും ഭാവിയെ സംബന്ധിച്ചും ആശങ്ക ഉയരുന്നുണ്ട്. വലിയ പ്രാതിനിധ്യം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇസ്രായേലിലുണ്ട്.
അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ്, ഇസ്രായേലിലെ ഗാദത്ത് ഗ്രൂപ്പുമായുള്ള സംയുക്ത സംരംഭത്തിലൂടെ ഹൈഫ തുറമുഖം ഏറ്റെടുക്കാനുള്ള കരാറിലെത്തിയിരുന്നു. 785 മില്യണ്‍ ഡോളറാണ് അദാനി പോര്‍ട്സ് ഹൈഫ തുറമുഖത്ത് നിക്ഷേപിക്കുക. 2005 ലാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ഇസ്രയേലില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2015-16 കാലത്ത് ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നീ കമ്പനികളും ഇസ്രായേലിലെത്തി. വെഞ്ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ ടിഎല്‍വി പാര്‍ട്ണേഴ്സിലാണ് വിപ്രോ നിക്ഷേപം നടത്തിയത്.
2019 ല്‍ സണ്‍ ഫാര്‍മ ഇസ്രായേലിലെ ടാര്‍സിയസ് ഫാര്‍മയില്‍ ഓഹരി പങ്കാളിത്തം സ്വന്തമാക്കി. ടാരോ ഫാര്‍മയില്‍ 66% പങ്കാളിത്തവും സണ്‍ ഫാര്‍മയ്ക്കുണ്ട്. എല്‍ ആന്‍ഡ് ടി ടെക്നോളജീസ് ജറുസലേമില്‍ ആന്‍ ആന്‍ഡ് ഡി സെന്ററും ടെല്‍ അവീവില്‍ സെയില്‍സ് ഓഫീസും തുറന്നത് 2017 ലാണ്. എസ്ബിഐ 2007 ല്‍ ടെല്‍ അവീവില്‍ ആദ്യത്തെ ബ്രാഞ്ച് തുറന്നു. 2021 ല്‍ ഇസ്രായേല്‍ കമ്പനിയായ ഫൈനര്‍ജിയുമായി ഒരു സംയുക്ത സംരംഭം ഇന്ത്യന്‍ ഓയില്‍ ആരംഭിച്ചു. അലുമിനിയം എയര്‍ ബാറ്ററികള്‍, ഹൈഡ്രജന്‍ സ്റ്റോറേജ് സംവിധാനങ്ങള്‍ എന്നിവയുടെ വികസനത്തിലൂടെ ഹരിതോര്‍ജ മേഖലയിലെ മുന്നേറ്റത്തിനാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.
ഇസ്രായേലിലെ ജലസേചന സൗകര്യ ഉപകരണ നിര്‍മാതാക്കളായ നാന്‍ദാനിനെ 2012 ലാണ് ജെയിന്‍ ഇറിഗേഷന്‍ ഏറ്റെടുത്തത്. ടിസിഎസിന് പുറമെ ടാറ്റ ഗ്രൂപ്പിന് വലിയ പ്രാതിനിധ്യമാണ് ഇസ്രായേലിലുള്ളത്. 2013 ല്‍ ടെല്‍ അവീവ് സര്‍വകലാശാലയിലെ ടെക്നോളജി ട്രാന്‍സ്ഫര്‍ സെന്ററിന്റെ മൊമന്റം ഫണ്ടില്‍ 5 മില്യണ്‍ ഡോളര്‍ ടാറ്റ ഗ്രൂപ്പ് നിക്ഷേപിച്ചിരുന്നു. 2016 ല്‍ നിരവധി ആഗോള കമ്പനികളുമായി കൈകോര്‍ത്ത് ഐ3 ഇക്വിറ്റി പാര്‍ട്ണേഴ്സ് എന്ന ടെക് ഇന്‍കുബേറ്റര്‍ ടാറ്റ ഗ്രൂപ്പ് ഇസ്രായേലില്‍ സ്ഥാപിച്ചു. അടുത്ത തലമുറ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് സാങ്കേതിക വിദ്യകളാണ് ഇവിടെ തയാറാക്കുന്നത്.
25 മില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ 2017 ലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ജെറുസലേം ഇന്നൊവേഷന്‍ ഇന്‍കുബേറ്റര്‍ ആരംഭിച്ചത്. ഇസ്രയേലിലെ മുന്‍നിര സ്റ്റാര്‍ട്ടപ്പ് ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോമായ ഔവര്‍ക്രൗഡുമായി സഹകരിച്ചായിരുന്നു ഇത്. ബിഗ് ഡാറ്റ, എഐ, ഐഒടി, ഫിന്‍ടെക്, സ്റ്റോറേജ് തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുകയായിരുന്നു ലക്ഷ്യം. 2017 ല്‍ ഇന്ത്യയിലെ സായ്സങ്കേത് എന്റര്‍പ്രൈസസ്, ഇസ്രായേലിലെ പ്രമുഖ മെറ്റല്‍ പാര്‍ട്സ്, മെറ്റല്‍ ഡിവൈസ് ഉല്‍പ്പാദകരായ ഷ്തുലയെ ഏറ്റെടുത്തിരുന്നു. 2018 ല്‍ ലോഹിയ ഗ്രൂപ്പ്, ഇസ്രയേലിലെ പ്രതിരോധ കമ്പനിയായ ലൈറ്റ് ആന്‍ഡ് സ്ട്രോംഗിനെ സ്വന്തമാക്കി. 2022 മാര്‍ച്ചില്‍ ഒല ഇലക്ട്രിക്, ഇസ്രയേലി ബാറ്ററി ടെക്നോളജി കമ്പനിയായ സ്റ്റോര്‍ഡോട്ട് ടെക്നോളജിയില്‍ നിക്ഷേപം നടത്തി. അതിവേഗ ചാര്‍ജിംഗ് സാങ്കേതികവിദ്യയുടെ വികസനത്തിനായാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.