ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അവസരങ്ങള്‍ സജീവമായി പ്രയോജനപ്പെടുത്താന്‍ പൂര്‍ണ സജ്ജമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 1,00,000 ജീവനക്കാര്‍ക്ക് ജനറേറ്റീവ് എഐയില്‍ കമ്പനി പരിശീലനം നല്‍കിക്കഴിഞ്ഞു. ടിസിഎസിന്റെ പക്കല്‍ 250 ലേറെ ജനറേറ്റിവ് എഐ അവസരങ്ങള്‍ നിലവിലുണ്ട്. ആഗോള എഐ കിടമല്‍സരത്തിലേക്ക് അതിശക്തമായ പ്രവേശനമാണ് ടിസിഎസ് ലക്ഷ്യമിടുന്നത്.
ടിസിഎസ് പോലുള്ള വന്‍ കമ്പനികളില്‍ ഇന്ന് എഐയുടെ പ്രാധാന്യം വര്‍ധിച്ചു വരികയാണ്. ഗൂഗിള്‍, ഐബിഎം, ആപ്പിള്‍, ഫേസ് ബുക്, മൈക്രോസോഫ്ട് എന്നീ കമ്പനികളും എഐ രംഗത്ത് നിവധി വലിയ പരീക്ഷണങ്ങളാണ് നടത്തുന്നത്. 2035 ആകുമ്പോഴേക്കും എഐ ഉപയോഗിച്ച് 40% വരെ ഉത്പാദനം സാധ്യമാകുമെന്ന് പഠനങ്ങളില്‍ പറയുന്നു.
രണ്ടാം പാദഫലങ്ങള്‍ പുറത്തുവിടവെ കമ്പനിയുടെ സിഇഒയും എംഡിയുമായ കെ. കൃതിവാസനാണ് എഐ ലക്ഷ്യങ്ങള്‍ വെളിപ്പെടുത്തിയത്. മുംബൈ ആസ്ഥാനമായ ടെക്ക് ഭീമന്‍ ജൂലൈ സെപ്റ്റംബര്‍ പാദത്തിലാണ് അതിന്റെ എഐ ക്‌ളൗഡ് യൂണിറ്റ് തുടങ്ങിയത്.
ടിസിഎസിന് സെപ്റ്റംബര്‍ പാദത്തില്‍ 11,342 രൂപയുടെ മൊത്ത ലാഭമാണ് കൈവരിക്കാനായത്. 8.7 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയും കമ്പനി കൈവരിച്ചു. ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് മേഖലയില്‍ നിന്നുള്ള വമ്പന്‍ ഓര്‍ഡറുകളാണ് കമ്പനിക്ക് ഈ പാദത്തില്‍ നേട്ടമായത്.