സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ്. വിലയില്‍ സര്‍വകാലറെക്കോര്‍ഡ് തീര്‍ത്ത് സ്വര്‍ണം. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8120 രൂപയും പവന് 64960 രൂപയുമായി. അതായത് പൊന്നുവില 65000-ത്തിലെത്താന്‍ ഇനി കേവലം 40 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. വിവാഹവിപണിയില്‍ വലിയ സമ്മര്‍ദ്ദമായാണ് വിലവര്‍ധന മൂലം ഉണ്ടായിരിക്കുന്നത്.
ഫെബ്രുവരി 25ന് സൃഷ്ടിച്ച 64600 രൂപ എന്ന റെക്കാര്‍ഡാണ് ഇന്ന് സ്വര്‍ണം തിരുത്തിക്കുറിച്ചത്. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയുമടക്കം ഒരു പവന്‍ ആഭരണത്തിന് 70,000ത്തിനുമുകളിലാണ് വില. കേട്ടുകേള്‍വി പോലുമില്ലാത്ത നിരക്കാണിത്.
ഇന്നും അന്താരാഷ്ട്ര വിലയിലുണ്ടായ കുതിപ്പാണ് സംസ്ഥാനത്തും സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. രാവിടെ അന്താരാഷ്ട്ര വില ഔണ്‍സിന് 2944 ഡോളര്‍ എന്ന നിലയിലേക്കാണ് ഉയര്‍ന്നത്. ഡോളറിന്റെ മൂല്യത്തിലുണ്ടായ വിളര്‍ച്ചയും സ്വര്‍ണത്തിനെ കൂടുതല്‍ കരുത്തുറ്റതാക്കി. ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങളും വിപണിയില്‍ ചാഞ്ചാട്ടം സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിത നിക്ഷേപമായി പൊന്നിനെ തെരഞ്ഞെടുക്കാന്‍ ആളുകള്‍ തയ്യാറാകുന്നു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ദ്ധിച്ച് 6680 ആയി. എന്നാല്‍ വെള്ളിവിലയില്‍ ഇന്ന് വര്‍ധനവ് ഉണ്ടായിട്ടില്ല. ഗ്രാമിന് 108 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.