News

പാം ഓയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധന

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യം ഇന്ത്യയാണ്

ഇന്ത്യയുടെ പാം ഓയിലിന്റെയും സൂര്യകാന്തി എണ്ണയുടെയും ഇറക്കുമതിയില്‍ റെക്കോര്‍ഡ് വര്‍ധന. അതേസമയം സോയ എണ്ണയുടെ ഇറക്കുമതിയില്‍ ഇടിവാണുള്ളത്. 2022-23 വര്‍ഷത്തില്‍ ഇന്ത്യയുടെ പാം ഓയില്‍ ഇറക്കുമതിയില്‍ 24% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സൂര്യകാന്തി എണ്ണയുടെ ഇറക്കുമതിയില്‍ 54 % വര്‍ധനയും ഉണ്ടായി.

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഇറക്കുമതി രാജ്യം ഇന്ത്യയാണ്. ഇന്ത്യയുടെ ഇറക്കുമതി കൂടുന്നത് ഇന്‍ഡോനേഷ്യയിലെയും മലേഷ്യയിലെയും പാം ഓയില്‍ ശേഖരത്തില്‍ കുറവ് വരുത്തിയേക്കാം. ഒക്ടോബര്‍ 31 ന് അവസാനിച്ച മാര്‍ക്കറ്റിംഗ് വര്‍ഷം 2022-23 ന് പാം എണ്ണയുടെ ഇറക്കുമതി 9.79 ദശലക്ഷം മെട്രിക്ക് ടണ്ണും, സൂര്യകാന്തി എണ്ണയുടെ ഇറക്കുമതി 3 ദശലക്ഷം ടണ്ണായി ഉയര്‍ന്നതായും സോള്‍വെന്റ് എക്സട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പറഞ്ഞു. എന്നാല്‍, സോയ എണ്ണയുടെ ഇറക്കുമതി ഇക്കൊല്ലം 12 % കുറഞ്ഞ് 3.68 ദശലക്ഷം ടണ്ണായി.

മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതി, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം 17.4% ഉയര്‍ന്ന് 16.47 ദശലക്ഷം ടണ്ണിന്റെ റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്ക് കടന്നു. ഭക്ഷ്യ എണ്ണ ഇറക്കുമതി നികുതിയില്‍ 5.5% ഇളവ് കൊണ്ടുവന്നതും വാങ്ങലിനെ പ്രോത്സാഹിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ലോകവിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില വര്‍ധിച്ചപ്പോള്‍ സര്‍ക്കാര്‍ ഇറക്കുമതി നികുതിയില്‍ ഇളവ് വരുത്തിയിരുന്നു. എന്നാല്‍ വില കുറഞ്ഞതിന് ശേഷം നികുതി ഉയര്‍ത്തിയതുമില്ല.

ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പാം ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ സോയ എണ്ണയും സൂര്യകാന്തി എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത് അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version