Business & Corporates

കേരളത്തിലെ ഏറ്റവും വിപുലമായ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ തുറന്ന് ലുലു

അത്യാധുനിക സൗകര്യങ്ങളിലുള്ള കേന്ദ്രം സമുദ്രോത്പ്പന്ന വികസന രംഗത്തെ നിര്‍ണായക ചുവടുവയ്പ്പെന്ന് മന്ത്രി പി. രാജീവ്

മത്സ്യതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി; രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം കളമശേരിയില്‍ വരുന്നു.

റീട്ടെയ്ല്‍ മേഖലയ്ക്ക് പുറമേ ഭക്ഷ്യസംസ്‌കരണ കയറ്റുമതി രംഗത്തും കേരളത്തില്‍ പുതിയ വികസന അധ്യായം തുറന്ന് ലുലു ഗ്രൂപ്പ്. സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം അരൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പൂര്‍ണമായും ഓട്ടോമാറ്റിക് സൗകര്യത്തിലുള്ള നൂതനമായ സജ്ജീകരണങ്ങളാണ് ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പ്പന്ന സംസ്‌കരണ കയറ്റുമതി കേന്ദ്രത്തിലുള്ളത്. 150 കോടി മുതല്‍മുടക്കിലാണ് സംസ്ഥാനത്തെ ഏറ്റവും വിപുലമായ ഈ സമുദ്രോത്പ്പന്ന കേന്ദ്രം ഒരുങ്ങിയിട്ടുള്ളത്. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ മത്സ്യസംസ്‌കരണ യൂണിറ്റ് കൂടിയാണ് ഈ അത്യാധുനിക സംവിധാനത്തിലുള്ള സമുദ്രോത്പ്പന്ന കയറ്റുമതി കേന്ദ്രം. 800 പേര്‍ക്കാണ് പുതിയ പുതിയ തൊഴിലവസരം ഒരുങ്ങുന്നത്.

മറൈന്‍ പ്രൊഡ്കട്സ് എക്സ്പോര്‍ട്ട് ഡെവല്‍പ്പ്മെന്റ് അതോറിറ്റി (MPEDA) ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി ഐഎഎസിന്റെ സാന്നിദ്ധ്യത്തില്‍, വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സമുദ്രോത്പ്പന്ന കയറ്റുമതി രംഗത്ത് കേരളത്തിന് മികച്ച സാധ്യതയാണ് ഉള്ളതെന്നും, ലുലു ഗ്രൂപ്പിന്റെ ഈ സംരംഭം മത്സ്യസംസ്‌കരണ രംഗത്തെ വിപ്ലവമാകുമെന്നും മന്ത്രി പി രാജീവ് ഉദ്ഘാടന പ്രസംഗത്തിനിടെ വ്യക്തമാക്കി. കേരളത്തിലെ യൂണിറ്റുകളില്‍ 75ശതമാനവും ഇയു സര്‍ട്ടിഫൈഡാണ്, ഏറ്റവും നൂതനമായ സംവിധാനത്തിലുള്ള ലുലു ഗ്രൂപ്പിന്റെ പുതിയ കേന്ദ്രം മത്സ്യതൊഴിലാളി മേഖലയ്ക്ക് വലിയ കൈത്താങ്ങാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ ഭക്ഷ്യസംസ്‌കരണ മേഖലയിലേക്കുള്ള ലുലു ഗ്രൂപ്പിന്റെ ഈ ചുവടുവയ്പ്പ് പുതിയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും കൂടുതല്‍ യൂണിറ്റുകള്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ തുറക്കണമെന്നും മന്ത്രി ചൂണ്ടികാട്ടി.

സമുദ്ര വിഭവങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യുന്നതിനോടൊപ്പം സമുദ്ര ഉല്‍പ്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ കയറ്റുമതിയും ഈ കേന്ദ്രത്തിലൂടെ ലുലു ഉറപ്പ് വരുത്തുന്നു. മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി മാത്രം പ്രത്യേക യൂണിറ്റുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ നേരിട്ടും അല്ലാതെയും 800 ലധികം ആളുകള്‍ക്കാണ് പുതുതായി തൊഴില്‍ ലഭ്യമാകുന്നത്. മാസം 2,500 ടണ്‍ സമുദ്രോത്പന്നങ്ങള്‍ സംസ്‌കരിച്ച് കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ് ഈ പദ്ധതിയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. മത്സ്യത്തിന് മികച്ച വില തൊഴിലാളികള്‍ക്ക് ലഭിക്കാനും പുതിയ പദ്ധതി വഴിതുറക്കും. പച്ചക്കറി പഴം കയറ്റുമതിയില്‍ രാജ്യത്തെ ഏറ്റവും വലിയ എക്സ്പോര്‍ട്ടറാണ് ലുലു ഗ്രൂപ്പ്. ഈജിപ്ത്, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങളിലെ സൈനിക സംവിധാനങ്ങള്‍ക്ക് വരെ ഇന്ത്യയിലെ ഉല്‍പ്പന്നങ്ങള്‍ ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്. ഈ വര്‍ഷം പതിനായിരം കോടി രൂപയുടെ കയറ്റുമതിയാണ് ലുലു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കളമശ്ശേരിയില്‍ രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യസംസ്‌കരണ കയറ്റുമതി കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത് തന്നെ ആരംഭിക്കുമെന്ന് യൂസഫ് അലി വ്യക്തമാക്കി. പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും നല്‍കുന്ന മികച്ച പിന്തുണ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

കേരളത്തില്‍ നിന്നുള്ള മത്സ്യഉല്‍പ്പന്നങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, യൂറോപ്പ്, യു.കെ. യു.എസ്., ജപ്പാന്‍, കൊറിയ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും.വിദേശത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് പ്രധാന വിപണി. ലുലു ഗ്രൂപ്പിന്റെ കയറ്റുമതി ഡിവിഷനായ ഫെയര്‍ എക്സ്പോര്‍ട്സ് ഇന്ത്യ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്നും 6,200 കോടി രൂപയുടെ പഴം പച്ചക്കറികള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, മത്സ്യ മാംസവിഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ഇതില്‍ കേരളത്തില്‍ നിന്നുള്ള വിഹിതം 560 കോടി രൂപയുടെ ഉത്പ്പന്നങ്ങളാണ്. കേരളത്തില്‍ നിന്നുള്ള കയറ്റുമതി വിഹിതം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യമാണ് പുതിയ പദ്ധതിയിലൂടെ ലുലു യാഥാര്‍ത്ഥ്യമാക്കുന്നത്.

സംസ്ഥാനത്തെ ഭക്ഷ്യകയറ്റുമതിയില്‍ പത്ത് ശതമാനവും മൂല്യവര്‍ധിത ഉല്പന്നങ്ങളാണ്. ഈ മേഖലയില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികള്‍ സംസ്ഥാനത്ത് ധാരാളമായുണ്ടെന്നും ലുലു ഗ്രൂപ്പിന്റെ പുതിയ സംരംഭം തൊഴിലാളികള്‍ക്കും ഏറെ ഗുണമാകുമെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ മറൈന്‍ പ്രൊഡ്കട്സ് എക്സ്പോര്‍ട്ട് ഡെവല്‍പ്പ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ ദൊഡ്ഡ വെങ്കടസ്വാമി ഐഎഎസ് പറഞ്ഞു. തായ്ലാന്‍ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരായ തൊഴിലാളികളുടെ സേവനം ലഭ്യമാക്കണമെന്ന് ഈ രാജ്യങ്ങളിലെ എംബസികളോട് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ സാന്നിദ്ധ്യം കൂടുതല്‍ പ്രയോജനപ്പെടുത്തി പുതിയ വികസന സാധ്യകള്‍ ലുലു ഗ്രൂപ്പിന് തുറക്കാന്‍ കഴിയട്ടെ എന്നും ദൊഡ്ഡ വെങ്കടസ്വാമി ആശംസിച്ചു.

ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സലീം വി.ഐ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലീം എം.എ, ലുലു ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്, ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ലുലു ഫെയര്‍ എക്സ്പോര്‍ട്ടസ് സിഇഒ നജ്മുദ്ദീന്‍ ഇബ്രാഹിം, ഫെയര്‍ എക്പോര്‍ട്സ് ജനറല്‍ മാനേജര്‍ അനില്‍ ജലധാരന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version