News

ആസ്തികള്‍ വില്‍ക്കാനൊരുങ്ങി എല്‍.ഐ.സി; പുതിയ ഉപകമ്പനി രൂപീകരിച്ചേക്കും

പ്രമുഖ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുത്ത് ഈ രംഗത്തേക്ക് കൂടി ചുവടുവയ്ക്കാന്‍ എല്‍.ഐ.സി ഒരുങ്ങുന്നതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വസ്തുവകകള്‍ വിറ്റഴിച്ച് ഫണ്ട് കണ്ടെത്താന്‍ കമ്പനി ഒരുങ്ങുന്നത്

58,000 കോടിരൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ രാജ്യത്തിന്റെ പ്രധാന മേഖലകളിലും മെട്രോ നഗരങ്ങളിലുമുള്ള സ്ഥലങ്ങളും കെട്ടിടങ്ങളും വില്‍ക്കാനൊരുങ്ങുന്നു. എല്‍.ഐ.സിയുടെ കൈവശമുള്ള വസ്തുവകകളുടെ മൂല്യം നിശ്ചയിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രമുഖ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുത്ത് ഈ രംഗത്തേക്ക് കൂടി ചുവടുവയ്ക്കാന്‍ എല്‍.ഐ.സി ഒരുങ്ങുന്നതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വസ്തുവകകള്‍ വിറ്റഴിച്ച് ഫണ്ട് കണ്ടെത്താന്‍ കമ്പനി ഒരുങ്ങുന്നത്.

എല്‍.ഐ.സിക്ക് രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം സ്വന്തമായി ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ഡല്‍ഹി കൊണാട്ട് പ്ലേസിലെ ജീവന്‍ ഭാരതി ബില്‍ഡിംഗ്, കൊല്‍ക്കത്തയിലെ ചിത്തരഞ്ജന്‍ അവന്യു തുടങ്ങിയ കെട്ടിടങ്ങള്‍ നഗരത്തിലെ ഏറ്റവും വിലയേറിയ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.എല്‍.ഐ.സിക്ക് 51 ലക്ഷം കോടിയിലധികം രൂപയുടെ ആസ്തികളുണ്ടെന്നാണ് കണക്ക്.

റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ആസ്തികളുടെ വില്പനയ്ക്കും പരിപാലനത്തിനുമായി ഉപകമ്പനി രൂപീകരിക്കാന്‍ പദ്ധതിയുള്ളതായി പറയപ്പെടുന്നു. മൗസറിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) പ്രവര്‍ത്തിക്കുന്ന കെട്ടിടം, ഡല്‍ഹി, ലക്നൗ എന്നിവിടങ്ങളിലെ മാധ്യമസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഓഫീസുകളെല്ലാം എല്‍.ഐ.സിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനു മുഴമ്പും സ്ഥാപനത്തിന്റെ ആസ്തികള്‍ വില്‍ക്കാന്‍ നീക്കം ഉണ്ടായിരുന്നെങ്കിലും പലവിധ കാരണങ്ങളാല്‍ നടന്നില്ല.

എല്‍.ഐ.സിയുടെ 2023-24 സാമ്പത്തികവര്‍ഷത്തെ ലാഭം 40,885 കോടി രൂപയാണ്. മുന്‍ സാമ്പത്തികവര്‍ഷത്തെ 35,997 കോടി രൂപയില്‍ നിന്ന് 4,888 കോടി രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്.
വില്പന സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതോടെ എല്‍.ഐ.സിയുടെ ഓഹരികളെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഓഹരിവില 11 രൂപ ഇടിഞ്ഞ് 1,055 രുപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version