ഉത്സവ സീസണിലെ ശക്തമായ ഡിമാന്‍ഡ് രാജ്യത്തെ ഗോതമ്പ് വിലയെ 8 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തിച്ചു. ഉയര്‍ന്ന ഇറക്കുമതി തീരുവമൂലം മില്ലുകള്‍ വിദേശത്തുനിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുന്ന സമയത്താണ് ആഭ്യന്തര ഡിമാന്‍ഡും വിലയും ഉയര്‍ന്നിരിക്കുന്നത്.
ഡല്‍ഹിയില്‍ ഗോതമ്പ് വില 1.6 ശതമാനം ഉയര്‍ന്ന് മെട്രിക് ടണ്ണിന് 27,390 രൂപയിലെത്തി. ഫെബ്രുവരി 10ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ആറ് മാസത്തിനിടെ വില 22 ശതമാനത്തോളം ഉയര്‍ന്നു.
ഉത്സവ സീസണിലെ ഡിമാന്‍ഡ് ഗോതമ്പിന്റെ വില വര്‍ധിപ്പിക്കുന്നുണ്ടെന്നും വര്‍ധിച്ചുവരുന്ന ചെലവ് ലഘൂകരിക്കാന്‍ നികുതി രഹിത ഇറക്കുമതി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും റോളര്‍ ഫ്ളോര്‍ മില്ലേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് പ്രമോദ് കുമാര്‍ പറഞ്ഞു.
ഗോതമ്പിന്റെ 40 ശതമാനം ഇറക്കുമതി നികുതി ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് ഉടനടി പദ്ധതികളൊന്നുമില്ലെങ്കിലും, സര്‍ക്കാര്‍ വെയര്‍ഹൗസുകളിലെ ഗോതമ്പ് സ്റ്റോക്ക് കുറയുന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. ഇത് ഒക്ടോബര്‍ 1 വരെ 24 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു. അഞ്ച് വര്‍ഷത്തെ ശരാശരി സ്റ്റോക്കായ 37.6 ദശലക്ഷം ടണ്ണിന് വളരെ താഴെയാണിത്.
2023ല്‍ 34.15 ദശലക്ഷം ടണ്‍ ഗോതമ്പ് കര്‍ഷകരില്‍ നിന്ന് സംഭരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ലഭിച്ചത്് 26.2 ദശലക്ഷം ടണ്‍ ഗോതമ്പ് മാത്രമാണ്. മഴയുടെ തോത് ഗണ്യമായി താഴ്ത്തുന്ന എല്‍ നിനോ പ്രതിഭാസത്തെക്കുറിച്ചുള്ള ആശങ്കകളും വിപണി കണക്കിലെടുക്കുന്നുണ്ട്. ശൈത്യകാലത്തെ സാധാരണ താപനിലയേക്കാള്‍ ചൂട് ഉയരാനും ഗോതമ്പ് ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. 2023-ല്‍ 112.74 ദശലക്ഷം മെട്രിക് ടണ്‍ റെക്കോഡ് ഗോതമ്പ് ഉല്‍പ്പാദനമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.