News

റബര്‍ മേഖലയ്ക്കുള്ള പിന്തുണ 23% കൂട്ടി Rs.708 കോടിയാക്കി കേന്ദ്രം

വ്യവസായ മേഖലയ്ക്ക് പിന്തുണയേകാന്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പരമ്പരാഗത മേഖലയില്‍ 12,000 ഹെക്ടറിലേക്ക് കൂടി റബര്‍ കൃഷി വ്യാപിപ്പിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് അരികെ എത്തി നില്‍ക്കുമ്പോള്‍ റബര്‍ മേഖലയ്ക്കുള്ള സഹായം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലേക്കുള്ള ധനസഹായം 576.41 കോടി രൂപയില്‍ നിന്ന് 708.69 കോടി രൂപയായാണ് ഉയര്‍ത്തിയത്. വ്യവസായ മേഖലയ്ക്ക് പിന്തുണയേകാന്‍ അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പരമ്പരാഗത മേഖലയില്‍ 12,000 ഹെക്ടറിലേക്ക് കൂടി റബര്‍ കൃഷി വ്യാപിപ്പിക്കും.

ഇതിനായി 43.50 കോടി രൂപ ചെലവിലാകും റബര്‍ നടീല്‍. പാരമ്പര്യേതര മേഖലയിലെ 3,752 ഹെക്ടറിലുള്ള കൃഷി 18.76 കോടി രൂപ ചെലവില്‍ റബര്‍ കൃഷിക്ക് കീഴിലും കൊണ്ടുവരും. ഹെക്ടറിന് 50,000 രൂപയുടെ നടീല്‍ വസ്തുക്കളും ഇതിനായി റബര്‍ ബോര്‍ഡ് നല്‍കും. നഴ്സറികള്‍ക്ക് 2.50 ലക്ഷം രൂപ നിലവാരമുള്ള നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ പാരമ്പര്യേതര മേഖലകളില്‍ റബര്‍ ബോര്‍ഡ് നഴ്സറികളെ പ്രോത്സാഹിപ്പിക്കും.

റബറിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ടുവര്‍ഷത്തിനുള്ളില്‍ കേന്ദ്രം 35.60 കോടി രൂപയുടെ സഹായവും നല്‍കും. റബര്‍ കര്‍ഷകരുടെ ശാക്തീകരണത്തിനായി റബര്‍ ഉത്പാദക സംഘങ്ങളെ (RPS) പ്രോത്സാഹിപ്പിക്കും. അടുത്ത രണ്ടുവര്‍ഷത്തിനകം 250 പുതിയ ആര്‍.പി.എസുകള്‍ തുടങ്ങാനുള്ള സഹായവും നല്‍കും. റബര്‍ ബോര്‍ഡിനെ പൂര്‍ണമായും ഡിജിറ്റൈസ് ചെയ്യാന്‍ 8.91 കോടി രൂപയും കേന്ദ്രം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version