ചരിത്രത്തില്‍ ആദ്യമായി, ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി ഇന്റ്യൂഷീവ് മെഷിന്‍സ് മാറി. 1972-ല്‍ അപ്പോളോ 17-ന് ശേഷം ചന്ദ്രനില്‍ അമേരിക്കയുടെ ആദ്യത്തെ സോഫ്റ്റ് ലാന്‍ഡിംഗ് കൂടിയാണിത്.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച്ച അതിരാവിലെ 4.53നാണ് ചന്ദ്രനില്‍ ഇന്റ്യൂഷീവ് മെഷിന്‍സ് സോഫ്റ്റ് ലാന്‍ഡ് ചെയ്തതെന്ന് ആഗോള സയന്‍സ് പോര്‍ട്ടലായ എഡ്പബ്ലിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ചാന്ദ്രയാന്‍ 3 ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ എത്തിയ ശേഷം ആദ്യമായാണ് ഒരു ദൗത്യം ഈ നേട്ടം കരസ്ഥമാക്കുന്നത്.
ഈ മേഖലയിലേക്കുള്ള നാസയുടെ ആദ്യ മനുഷ്യ ദൗത്യം 2026-ല്‍ അധികം വൈകാതെ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. അമേരിക്കയുടെ എതിരാളിയായ ചൈനയും ബഹിരാകാശ മത്സരത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് 2030-ല്‍ ചന്ദ്രനിലേക്ക് ആദ്യ സംഘത്തെ അയയ്ക്കാന്‍ പദ്ധതിയിടുന്നു.
ടെക്സാസിലെ ഹൂസ്റ്റണില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അമേരിക്കന്‍ ബഹിരാകാശ പര്യവേഷണ കമ്പനിയാണ് ഇന്റ്യൂഷിവ് മെഷീന്‍സ്. സ്റ്റീഫന്‍ അല്‍റ്റെമസ്, കാം ഗഫാരിയന്‍, ടിം ക്രെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് 2013 ല്‍ കമ്പനി സ്ഥാപിച്ചത്.