News

ടൂറിസം വകുപ്പിന് ഇടുക്കി പൊന്‍മുട്ടയിടുന്ന താറാവ്- മുഹമ്മദ് റിയാസ്

പീരുമേട്ടില്‍ നിര്‍മ്മിച്ച പുതിയ ഇക്കോ ലോഡ്ജിന്റെയും നവീകരിച്ച പൈതൃക അതിഥിമന്ദിരത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം

ടൂറിസം വകുപ്പിനെ സംബന്ധിച്ച് ഇടുക്കി ജില്ല പൊന്‍മുട്ടയിടുന്ന താറാവാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പീരുമേട്ടില്‍ നിര്‍മ്മിച്ച പുതിയ ഇക്കോ ലോഡ്ജിന്റെയും നവീകരിച്ച പൈതൃക അതിഥിമന്ദിരത്തിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ ടൂറിസം ഉത്പന്നങ്ങളുടെ പ്രചരണാര്‍ഥം മൈസ് ടൂറിസം കോണ്‍ക്ലേവ് കൊച്ചിയിലും വെല്‍നെസ് ടൂറിസം കോണ്‍ക്ലേവ് കോഴിക്കോടും നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കൊവിഡിനു ശേഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ആഗോളതലത്തില്‍ തന്നെ കൂടിയിട്ടുണ്ടെങ്കിലും വിദേശ സഞ്ചാരികളുടെ വരവില്‍ ഏറ്റവും വര്‍ധനവ് ഉണ്ടായത് ഇടുക്കി ജില്ലയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ സാമ്പത്തിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന താമസ സൗകര്യങ്ങള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകള്‍ എന്നിവ ഇടുക്കിയുടെ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചു.

പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കേരള ടൂറിസം ലുക്ക് ഈസ്റ്റ് നയം സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായി മലേഷ്യന്‍ എയര്‍ലൈന്‍സുമായി കൈകോര്‍ത്തുകൊണ്ട് എട്ട് പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്റുമാര്‍ എന്നിവരെ കേരളത്തിലേക്കെത്തിക്കുകയാണ്. ലുക്ക് ഈസ്റ്റ് നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇടുക്കിയും വയനാടുമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

രാജഭരണ കാലം മുതല്‍ ടൂറിസം രംഗത്ത് ഏറെ പ്രധാനപ്പെട്ട സ്ഥലമാണ് പീരുമേടെന്ന് ചടങ്ങില്‍ അധ്യക്ഷനായ എംഎല്‍എ വാഴൂര്‍ സോമന്‍ ചൂണ്ടിക്കാട്ടി. ഇച്ഛാശക്തിയോടു കൂടിയുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം പീരുമേട് ടൂറിസം രംഗത്ത് പഴയ പ്രതാപത്തിലേക്കെത്തും. പാഞ്ചാലിമേട്, വാഗമണ്‍, ഉളുപ്പുണി, സത്രം തുടങ്ങിയ പീരുമേടിന്റെ ടൂറിസം കേന്ദ്രങ്ങളുള്‍പ്പെട്ട സര്‍ക്യൂട്ട് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വദേശ് ദര്‍ശന്‍ പദ്ധതിയിലുള്‍പ്പെടുത്തി 5.05 കോടി രൂപ ചെലവഴിച്ചാണ് പീരുമേട്ടിലെ ഇക്കോ ലോഡ്ജ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഭിന്നശേഷി സൗഹൃദമായ മുറിയുള്‍പ്പെടെ പന്ത്രണ്ട് റൂമുകള്‍ ഉള്‍പ്പെടുന്ന രണ്ട് ബ്ലോക്കുകള്‍, അടുക്കള, ഡൈനിംഗ് ഹാള്‍ എന്നിവയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ചുവരുകള്‍, തറ, മച്ച്, എന്നിവയുടെ നിര്‍മ്മാണം പൂര്‍ണമായും തേക്ക് തടിയിലാണ്. ഇതിനു പുറമെ നവീകരണ പ്രവൃത്തികള്‍ക്കായി 97.5 ലക്ഷം രൂപയും അധികമായി അനുവദിച്ചിരുന്നു.

ഇക്കോ ലോഡ്ജിന്റെ അനുബന്ധ വികസന പ്രവൃത്തികള്‍ക്കായി 1.38 കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചു. പാര്‍ക്കിംഗ് സ്ഥലം, മതില്‍, അതിര്‍ത്തി വേലി, നടപ്പാത, പൂന്തോട്ടം, കളിസ്ഥലം, സര്‍വീസ് ബ്ലോക്ക്, ടൈല്‍പാകല്‍, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള സംഭരണി, സൈന്‍ ബോര്‍ഡുകള്‍, പ്രവേശനകവാടം വൈദ്യുതീകരണം എന്നിവയാണ് അനുബന്ധ വികസന പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.പീരുമേട്ടിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ വികസനത്തിനായി വിവിധ ഘട്ടങ്ങളിലായി 1.85 കോടി രൂപയും, 1.79 കോടി രൂപയുമാണ് ചെലവഴിച്ചത്. പൈതൃക കെട്ടിടം പൂര്‍ണമായും നവീകരിച്ചത് കൂടാതെ സര്‍വീസ് ബ്ലോക്ക് നവീകരണം, ജലസംഭരണി, പാര്‍ക്കിംഗ് ഷെഡ്, കോണ്‍ഫറന്‍സ് ഹാള്‍, വൈദ്യുതീകരണത്തിലെ നവീകരണം എന്നിവയും ഇതിലൂടെ പൂര്‍ത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version