പ്രതിസന്ധി നേരിടുന്ന എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ തലപ്പത്ത് വീണ്ടും അഴിച്ചുപണി. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) സ്ഥാനത്തുനിന്ന് അജയ് ഗോയല്‍ രാജിവെച്ചു. ചുമതല ഏറ്റെടുത്ത് ആറ് മാസം തികയുന്നതിന് മുന്‍പാണ് ഗോയലിന്റെ പടിയിറക്കം. ഗോയല്‍ വേദാന്ത ലിമിറ്റജിലേക്ക് തന്നെ മടങ്ങുകയാണെന്ന് ബൈജൂസ് പ്രസ്താവനയില്‍ പറഞ്ഞു.
മൂന്ന് മാസത്തിനുള്ളില്‍ 2022 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് നിര്‍വഹിക്കാന്‍ സഹായിച്ചതിന് ബൈജൂസിന്റെ സ്ഥാപകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഗോയല്‍ നന്ദി പറഞ്ഞു. പ്രദീപ് കനകിയയെ കമ്പനിയുടെ സീനിയര്‍ അഡൈ്വസറായി നിയമിച്ചതായും നിതിന്‍ ഗോലാനിയെ ചീഫ് ഫിനാന്‍സ് ഓഫീസറുടെ അധിക ചുമതലകള്‍ ഏല്‍പ്പിച്ചതായും ബൈജൂസ് പ്രഖ്യാപിച്ചു.
35 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള പ്രദീപ് കനകിയ പ്രൈസ് വാട്ടര്‍ഹൗസിലും കെപിഎംജിയിലും നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പുതുതായി നിയമിതനായ സിഎഫ്ഒയും ഫിനാന്‍സ് പ്രസിഡന്റുമായ നിതിന്‍ ഗൊലാനി മുമ്പ് ആകാശ് എജുക്കേഷനില്‍ ചീഫ് സ്ട്രാറ്റജി ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബൈജൂസിന്റെ ആകാശ് ഏറ്റെടുക്കലില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
ബൈജൂസിന്റെ സ്ഥാപകരായ ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍നാഥും ഫിനാന്‍സ് ടീമിലെ പുതിയ മാറ്റങ്ങളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.