വീടുകളിലെ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ വൈദ്യുതി ആവശ്യകത 2050 ഓടെ ഒമ്പത് മടങ്ങ് വര്‍ദ്ധിക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ). ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഇപ്പോഴത്തെ മുഴുവന്‍ വൈദ്യുതി ഉപഭോഗത്തെയും കവച്ചുവെക്കുന്നതായിരിക്കും ഇതെന്ന് ഐഇഎ ചൂണ്ടിക്കാട്ടി.
അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ ഊര്‍ജ്ജ ആവശ്യകത വളര്‍ച്ചയാവും ഇന്ത്യയില്‍ കാണുകയെന്ന് ഐഇഎ അതിന്റെ ഏറ്റവും പുതിയ വേള്‍ഡ് എനര്‍ജി ഔട്ട്ലുക്കില്‍ പറഞ്ഞു.
ഇന്ത്യയുടെ ഊര്‍ജ വിതരണം 2022 ല്‍ 42 എക്‌സജൂളുകളില്‍ (ഇജെ) നിന്ന് 2030 ല്‍ 53.7 ഇജെ ആയും 2050 ല്‍ 73 ഇജെ ആയും ഉയരും.
പ്രഖ്യാപിത നയ സാഹചര്യത്തില്‍ എണ്ണ ആവശ്യകത 2022 ല്‍ പ്രതിദിനം 5.2 ദശലക്ഷം ബാരലുകളില്‍ നിന്ന് (ബിപിഡി) 2030 ല്‍ 6.8 ദശലക്ഷം ബിപിഡിയായും 2050ല്‍ 7.8 ദശലക്ഷം ബിപിഡിയായും ഉയര്‍ന്നേക്കും.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ, 17,000 ല്‍ അധികം പേരുടെ ജീവന്‍ അപഹരിച്ച 700 ല്‍ അധികം ഉഷ്ണതരംഗ സംഭവങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ഐഇഎ പറഞ്ഞു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ സാഹചര്യങ്ങളാല്‍ ഇന്ത്യയിലെ എയര്‍കണ്ടീഷണര്‍ ഉടമസ്ഥത ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ 100 വീടുകളില്‍ 24 യൂണിറ്റുകള്‍ എന്ന നിലയിലാണ് എസികളുടെ സാന്നിധ്യം. 2010 നെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനയാണിത്.
