സ്‌പേസ് എക്‌സിന്റെ സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്റെ അച്ഛനായ ഇറോളിനെ വീണ്ടും കണ്ടു മുട്ടി. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം! വികാരനിര്‍ഭരമായിരുന്നു ആ കൂടിക്കാഴ്ചയെന്ന് ഇറോളിന്റെ ഇപ്പോഴത്തെ ഭാര്യയായ ഹീഡ് മസ്‌ക് പറഞ്ഞു.
ഇലോണ്‍ മസ്‌കിന്റെ അപ്രതീക്ഷിത ക്ഷണം കിട്ടിയതോടെയാണ് സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ വിക്ഷേപണം കാണാന്‍ പിതാവ് ഇറോളും ഭാര്യയും രണ്ട് പെണ്‍മക്കളും എത്തിയത്.
ഇലോണ്‍ മസ്‌കും അച്ഛനും ഏറെ നേരം സംസാരിച്ചിരുന്നു. ഏഴു വര്‍ഷം നീണ്ട കൂടിക്കാഴ്ചയില്‍ മസ്‌കുമാരുടെ സംസാര വിഷയം എംആര്‍എന്‍എ വാക്‌സിന്‍ ഗവേഷണം, അണുവിമുക്തമായ ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയൊക്കെയായിരുന്നു.
വിദഗ്ധനായ എഞ്ചിനീയറായ ഇറോളാണ് കമ്പ്യൂട്ടര്‍ ലോകത്തെ ഇലോണ്‍ മസ്‌കിന് പരിചയപ്പെടുത്തിയത്. ഇലോണിന് 8 വയസ്സുള്ളപ്പോള്‍ അമ്മയായ മേ മസ്‌കും ഇറോളും വേര്‍പിരിഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് പിന്നീട് ഇലോണിനെ അമ്മ വളര്‍ത്തിയത്. പിതാവിനോടുള്ള ദേഷ്യം പലപ്പോഴും ഇലോണ്‍ പരസ്യമാക്കിയിരുന്നു.
2016 ല്‍ സൗത്ത് ആഫ്രിക്കയിലെ കേപ്പ്ടൗണില്‍ വെച്ചായിരുന്നു പിതാവും പുത്രനും ഒടുവില്‍ കണ്ടുമുട്ടിയത്. ഇറോളിന്റെ 70 ാം ജന്മദിനാഘോഷമായിരുന്നു അന്ന്.