വൈദ്യുത വാഹന സ്റ്റാര്‍ട്ടപ്പായ വിന്‍ഫാസ്റ്റ് വിപണി മൂല്യത്തിന്റെ കാര്യത്തില്‍ ഫോര്‍ഡിനെയും ജനറല്‍ മോട്ടേഴ്‌സിനെയും കടത്തിവെട്ടി. അമേരിക്കന്‍ ഓഹരി വിപണയില്‍ ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വിന്‍ഫാസ്റ്റിന്റെ ഈ കുതിപ്പ്. 85 ബില്യണ്‍ ഡോളറാണ് വിന്‍ഫാസ്റ്റിന്റെ വിപണി മൂല്യമം. 47.9 ബില്യണ്‍ ഡോളറാണ് ഫോര്‍ഡിന്റെ വിപണി മൂല്യമെങ്കില്‍, ജനറല്‍ മോട്ടോഴ്‌സിന്റേത് 46.2 ബില്യണ്‍ ഡോളറാണ്. എന്നാല്‍ ടെസ്ലക്ക് 751 ബില്യണ്‍ ഡോളറാണ് വിപണിമൂല്യം. അങ്ങനെ വരുമ്പോള്‍, ടെസ്ലക്കു മുന്നില്‍, ബാക്കി എല്ലാ കമ്പനികളും കുഞ്ഞന്മാര്‍ മാത്രം.
വിയറ്റ്‌നാമിലെ ഏറ്റവും സമ്പന്നനായ ഫാം നാട്ട് വോങാണ് വിന്‍ഫാസ്റ്റിന്റെ 99 ശതമാനം ഓഹരികളും കൈവശം വെച്ചിരിക്കുന്നത്. ഇക്കൊല്ലം, 2.5 ബില്യണ്‍ ഡോളറാണ് വിന്‍ഫാസ്റ്റ് സ്ഥാപകന്‍ കമ്പനിയില്‍ നിക്ഷേപിച്ചത്. അമേരിക്കയില്‍ കഴിഞ്ഞ ഡിസംബറിലാണ് വിന്‍ഫാസ്റ്റ് ആദ്യമായി തങ്ങളുടെ കാറുകള്‍ വില്‍പനക്കെത്തിച്ചത്. കാറിന്റെ ഭാഗങ്ങള്‍ക്ക് നിലവാരമില്ല എന്നിങ്ങനെ ചില വിമര്‍ശനങ്ങള്‍ തുടക്കത്തില്‍ വിന്‍ഫാസ്റ്റിന് നേരിടേണ്ടി വന്നിരുന്നു. ഇക്കാരണങ്ങളാല്‍ വിയറ്റ്നാം വാഹനനിര്‍മ്മാതാക്കള്‍ക്ക് വാഹനങ്ങള്‍ തിരിച്ചുവിളിക്കേണ്ടതായും വന്നു. എന്നാല്‍ വിപണി മൂല്യത്തില്‍ വന്‍ കുതിപ്പാണ് വിയറ്റനാം കമ്പനി നടത്തിയത്.
അഞ്ചു വര്‍ഷമായി വിന്‍ഫാസ്റ്റിന്റെ വൈദ്യുത വാഹനങ്ങള്‍ നിരത്തിലുണ്ട്. 20,000 ലധികം വിന്‍ഫാസ്റ്റ് വാഹനങ്ങളാണ് ഇതു വരെ പുറത്തിറക്കിയിട്ടുള്ളത്. ഇക്കൊല്ലം അരലക്ഷം വൈദ്യുത കാറുകള്‍ പുറത്തിറക്കാനാണ് വിന്‍ഫാസ്റ്റിന്റെ തയ്യാറെടുപ്പ്.