പണപ്പെരുപ്പ് ആശങ്കകള്‍ വീണ്ടും ഉയര്‍ത്തി ഉള്ളി വില ഉയരുന്നു. ഒക്ടോബര്‍ 26 ലെ സര്‍ക്കാര്‍ കണക്കുകളനുസരിച്ച് ഉള്ളിയുടെ ചില്ലറ വില കിലോഗ്രാമിന് 70 രൂപയായി ഉയര്‍ന്നു. ഖാരിഫ് വിള വിപണിയില്‍ ലഭ്യമാകുന്ന ഡിസംബര്‍ വരെ വിലക്കയറ്റം തുടരുമെന്നാണ് സൂചന.
ഉള്ളിയുടെ ശരാശരി മൊത്തവില ക്വിന്റലിന് 3,112.6 രൂപയില്‍ എത്തിയതായി ഉപഭോക്തൃ കാര്യ വകുപ്പില്‍ നിന്നുള്ള ഡാറ്റ വെളിപ്പെടുത്തുന്നു. ഒക്ടോബര്‍ ഒന്നിന് ക്വിന്റലിന് 2,506.62 രൂപയായിരുന്നു വില.
മഹാരാഷ്ട്രയിലെ ലസല്‍ഗാവ് മൊത്തവ്യാപാര കേന്ദ്രത്തിലെ ശരാശരി വില കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 60 ശതമാനം ഉയര്‍ന്നു. മൊത്തവിലയിലെ ഈ കുതിച്ചുചാട്ടം രാജ്യവ്യാപകമായി ഉള്ളി വിലയില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പല പ്രദേശങ്ങളിലും വില കിലോഗ്രാമിന് 50 രൂപ കവിഞ്ഞു.
ഡെല്‍ഹിയില്‍ കിലോഗ്രാമിന് 50-60 രൂപയ്ക്കാണ് ഉള്ളി വില്‍ക്കുന്നത്. അഹമ്മദ്‌നഗര്‍ മാര്‍ക്കറ്റിലെ ശരാശരി ഉള്ളി വില പത്ത് ദിവസം മുമ്പ് കിലോഗ്രാമിന് 35 രൂപയില്‍ നിന്ന് 45 രൂപയായി ഉയര്‍ന്നു.
വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡും ഉല്‍പ്പാദനം വൈകുന്നതും നേരിടാന്‍ ഓഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ഉള്ളി കയറ്റുമതിക്ക് മേല്‍ 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു. നാഫെഡ് സംഭരിച്ച ഉള്ളി മൊത്തവ്യാപാര വിപണികളില്‍ വിലക്കയറ്റം നേരിടാന്‍ കുറഞ്ഞ നിരക്കില്‍ വില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിച്ചതും സ്റ്റോക്ക് കുറയുന്നതും ഉള്ളി വില കുതിച്ചുയരാന്‍ കാരണമായി.കഴിഞ്ഞ രണ്ട് വര്‍ഷമായി ഖാരിഫ് വിള നഷ്ടത്തിലായതിനാല്‍ കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും കര്‍ഷകര്‍ ഉള്ളി കൃഷി ചെയ്യുന്നത് കുറച്ചിട്ടുണ്ട്. കൂടാതെ, ഈ സംസ്ഥാനങ്ങളിലെ ശരാശരിയിലും താഴെയുള്ള മഴ ഉള്ളി ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചു.
പയറുവര്‍ഗ്ഗങ്ങളുടെയും ധാന്യങ്ങളുടെയും ഉയര്‍ന്ന വിലയ്‌ക്കൊപ്പം ഉള്ളി വിലയിലെ കുതിച്ചുചാട്ടം അടുത്ത രണ്ട് മാസങ്ങളില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദത്തിന് കാരണമായേക്കാം.