നാല് വ്യത്യസ്ത യൂണിറ്റുകളായി വിഭജിച്ച് വലിയ പരിവര്‍ത്തനത്തിന് വിധേയമാകാന്‍ തയ്യാറായി വേദാന്ത ലിമിറ്റഡ്. മെറ്റല്‍, പവര്‍, അലുമിനിയം, ഓയില്‍ ആന്‍ഡ് ഗ്യാസ് ബിസിനസുകള്‍ക്കായി പ്രത്യേക കമ്പനികള്‍ രൂപീകരിക്കും. വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ചാവസാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ യൂണിറ്റുകള്‍ക്കായി മെച്ചപ്പെടുത്തിയ മൂല്യനിര്‍ണ്ണയം എന്നതാണ് വിഭജനത്തിന്റെ ലക്ഷ്യം. ഓരോ പ്രധാന മേഖലയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് ചെയര്‍മാന്‍ അനില്‍ അഗര്‍വാളിന്റെ ലക്ഷ്യം. കൂടുതല്‍ പ്രവര്‍ത്തന കാര്യക്ഷമതയ്ക്കും മെച്ചപ്പെട്ട സാമ്പത്തിക പ്രകടനത്തിനും വിഭജനം തുണയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കമ്പനിയുടെ വിവിധ ബിസിനസുകള്‍ വേര്‍പെടുത്താനുള്ള സാധ്യതയെക്കുറിച്ച് ഒരു മാസം മുമ്പ് അനില്‍ അഗര്‍വാള്‍ സൂചന നല്‍കിയിരുന്നു. നിക്ഷേപകര്‍ക്ക് വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ സ്ഥാപനങ്ങളില്‍ ഓഹരികള്‍ കൈവശം വയ്ക്കാനുള്ള അവസരം നല്‍കുക എന്നതാണ് അഗര്‍വാളിന്റെ സമഗ്രമായ ലക്ഷ്യം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, വിവിധ മേഖലകളിലുടനീളം നിക്ഷേപത്തിനായി പുതിയ വഴികള്‍ തുറക്കുകയും അതുവഴി കൂടുതല്‍ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ലഭിക്കുകയും ചെയ്യും.
മാതൃസ്ഥാപനമായ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡിനെ റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് തരംതാഴ്ത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ സെഷനില്‍ കുത്തനെ ഇടിഞ്ഞ വേദാന്ത ലിമിറ്റഡിന്റെ ഓഹരികള്‍, ബിസിനസുകളുടെ വിഭജനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ കുറച്ച് മെച്ചപ്പെട്ടു.