വളര്‍ച്ചയുടെ പടവുകള്‍ കുറഞ്ഞകാലങ്ങള്‍ക്കുള്ളില്‍ കയറി അതെ വേഗത്തില്‍ കൂപ്പുകുത്തി വീണ ഇന്ത്യന്‍ എഡ്യു ടെക്ക് കമ്പനി ബൈജൂസിന്റെ കഷ്ടകാലം തുടരുന്നു. ബൈജൂസിന്റെ ഓഹരി മരവിപ്പിക്കണമെന്ന് അമേരിക്കന്‍ വായ്പാദാതാക്കള്‍ ട്രൈബുണലില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
അമേരിക്കയിലെ ബാങ്കിതര വായ്പാസേവന കമ്പനിയായ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ട്രൈബ്യൂണലില്‍ പാപ്പര്‍ (ഇന്‍സോള്‍വന്‍സി) ഹര്‍ജി നല്‍കിയത്. ബൈജൂസിന്റെ പ്രൊമോട്ടര്‍മാര്‍ ഓഹരി പണയംവയ്ക്കുന്നതിനും വില്‍ക്കുന്നതും കൈമാറ്റം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അവര്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ (NCLT) സമീപിച്ചു.
ബൈജൂസിന്റെ അമേരിക്കന്‍ ഉപസ്ഥാപനമായ ബൈജൂസ് ആല്‍ഫയ്ക്ക് വായ്പ അനുവദിച്ച 100ഓളം കമ്പനികളുടെ പ്രതിനിധിയാണ് ഗ്ലാസ് ട്രസ്റ്റ്. അതിനാല്‍ തന്നെ നീക്കം കടുത്തതാകാനാണ് സൂചന. അമേരിക്കന്‍ ഉപകമ്പനിക്ക് അനുവദിച്ച വായ്പ തിരിച്ചടയ്ക്കാന്‍ പല അവധികള്‍ കഴിഞ്ഞിട്ടും ബൈജൂസിനു ആയിട്ടില്ല.നിലവില്‍ ബൈജു രവീന്ദ്രന്‍ ദുബൈയിലാണെന്നിരിക്കേ, വായ്പാത്തുക കണ്ടുകെട്ടുന്നത് ശ്രമകരമാണ്. അതിനാലാണ് ബൈജൂസ് ഓഹരി വില്പന തടയണമെന്ന ആവശ്യം കമ്പനി മുന്നോട്ട് വയ്ക്കുന്നത്. അടുത്തിടെ ഓഹരി വില്പനയിലൂടെ ബൈജൂസ് 350 കോടി രൂപയാണ് നേടിയത്.
അതെ സമയം ബൈജൂസില്‍ പ്രതിസന്ധികള്‍ തുടരുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പ്രയാസം. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. കമ്പനിയുടെ ഉപദേശക സമിതിയില്‍ നിന്ന് എസ്.ബി.ഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍, ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹന്‍ദാസ് പൈ എന്നിവര്‍ രാജിവച്ച് പുറത്ത് പോയി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സര്‍മാരായിരിക്കേ 158 കോടി രൂപയുടെ കുടിശിക വരുത്തിയതിന് ബി.സി.സി.ഐയും ബൈജൂസിനെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.