Success Story

പോളിഹൗസ് ഫാമിംഗ്; 400 കോടി രൂപ നേട്ടം കൊയ്യുന്ന ധ്യാനേശ്വര്‍ മോഡല്‍

പരമ്പരാഗത കൃഷി രീതി മാറ്റി പോളിഹൗസ് ഫാമിംഗ് പരീക്ഷിച്ചതോടെ 400 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ധ്യാനേശ്വര്‍ നേടുന്നത്.

കര്‍ഷക ആത്മഹത്യകള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന ഇന്ത്യയില്‍ കാര്‍ഷിക രംഗത്ത് വിജയം നേടിയ ധ്യാനേശ്വര്‍ ബോഡെ എന്ന കര്‍ഷകനെ അടുത്തറിയണം. പരമ്പരാഗത കൃഷി രീതി പിന്തുടര്‍ന്നിരുന്ന ധ്യാനേശ്വറിന്റെ കുടുംബത്തില്‍ ദാരിദ്യം തളംകെട്ടി നിന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് പരമ്പരാഗത കൃഷി രീതി മാറ്റി പോളിഹൗസ് ഫാമിംഗ് എന്ന ആധുനിക രീതി പരീക്ഷിച്ചതോടെ മാറ്റം പ്രകടമായി. ഇന്ന് 400 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ധ്യാനേശ്വര്‍ നേടുന്നത്.

ഒരിക്കല്‍ കൃഷി തന്നെ പിന്തുണക്കില്ലെന്നു മനസിലാക്കി ആ മേഖല പൂര്‍ണമായും ഉപേക്ഷിച്ച് മറ്റ് ജോലി തേടിപ്പോയ വ്യക്തിയാണ് ധ്യാനേശ്വര്‍. പിന്നീട്, കൃഷിക്കല്ല കൃഷി രീതിക്കാണ് പ്രശ്നമെന്ന് മനസിലാക്കി അദ്ദേഹം നടത്തിയ തിരിച്ചു വരവ് ഗംഭീരമായിരുന്നു. 1999 കളിലാണ് അദ്ദേഹം തന്റെ ദിശ സ്വയം കണ്ടെത്തുന്നത്. പത്രത്തില്‍ സംഗലിയിലെ ഒരു കര്‍ഷകന്റെ വിജയകരമായ ജീവിതം സംബന്ധിച്ച ലേഖനം വരുന്നത്. ധ്യാനേശ്വര്‍ ആ ലേഖനം മുഴുവന്‍ വായിച്ചു. ആയിരം സക്വയര്‍ഫീറ്റ് സ്ഥലത്ത് കൃഷി ചെയ്ത് ഒരു വര്‍ഷം 12 ലക്ഷം വരെ നേടുന്ന കര്‍ഷകന്‍. ഇത്ര ചുരുങ്ങിയ സ്ഥലത്ത് നിന്നും ഇത്ര മികച്ച വരുമാനമോ ? ആശ്ചര്യം തോന്നിയ ധ്യാനേശ്വര്‍ കൃഷി രീതിയെപ്പറ്റി കൂടുതല്‍ അന്വേഷിച്ചു. പോളിഹൗസ് ഫാമിംഗ് എന്ന വ്യത്യസ്തമായ രീതിയാണ് പിന്തുടര്‍ന്നിരുന്നത്.

വീട്ടില്‍ തിരിച്ചെത്തിയ ധ്യാനേശ്വര്‍ ഹോര്‍ട്ടി കള്‍ച്ചര്‍ ട്രെയിനിംഗ് സെന്ററിന്റെ പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനം കഴിഞ്ഞപ്പോള്‍ ധ്യാനേശ്വര്‍ ഒരു ലോണിന് അപേക്ഷിച്ചു. പോളിഹൗസ് നിര്‍മാണത്തിനായിരുന്നു ലോണ്‍. പലതരത്തിലുള്ള പൂക്കള്‍ കൃഷി ചെയ്യാനായിരുന്നു അദ്ദീഹത്തിന്റെ പദ്ധതി. 1999മുതല്‍ പോളിഹൗസ് ഫാമിംഗില്‍ സജീവമായി. ആദ്യം പ്രാദേശിക വിപണി മാത്രം ലക്ഷ്യമിട്ടായിരുന്നു പൂക്കള്‍ വിറ്റു പോയിരുന്നത്. എന്നാല്‍ പിന്നീട്, ലോക്കല്‍ മാര്‍ക്കറ്റുകള്‍ക്കപ്പുറം ഹോട്ടലുകളില്‍ അലങ്കാരത്തിനായി പൂക്കള്‍ നല്‍കിത്തുടങ്ങി. പൂനെ, മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്കും പൂക്കള്‍ കയറ്റി അയച്ചു.അങ്ങനെ 2004 ആയപ്പോഴേക്കും ധ്യാനേശ്വര്‍ അറിയപ്പെടുന്ന കര്‍ഷകനായി മാറി.

2004 ല്‍ നബാര്‍ഡിന്റെ സഹായത്തോടെ ധ്യാനേശ്വറും മറ്റ് 11 പേര്‍ കൂടി ചേര്‍ന്ന് ‘അഭിനവ് ഫാര്‍മേഴ്സ് ക്ലബ്ബ്’ എന്നൊരു ക്ലബ്ബിന് രൂപം കൊടുത്തു. പോളിഹൗസ് ഫാമിംഗ് വിപുലപ്പെടുത്തുകയായിരുന്നു ഉദ്ദേശം. അംഗങ്ങളില്‍ കുറച്ചു പേര്‍ മാര്‍ക്കറ്റിംഗ് കാര്യങ്ങള്‍ ശ്രദ്ധിച്ചു, കുറച്ചുപേര്‍ ട്രാന്‍സ്പോര്‍ട്ട്. അവര്‍ ലാഭം പരസ്പരം പങ്കുവെച്ചു. വളരെ പെട്ടെന്ന് തന്നെ 11 പേരില്‍ നിന്നും 305 ആയി അംഗസംഖ്യ ഉയര്‍ന്നു. ഇന്ന് പൂനെ എന്ന നഗരത്തെ അടക്കി വാഴുന്ന ശക്തികേന്ദ്രമായി മാറിയിരിക്കുകയാണ് അഭിനവ് ഫാര്‍മേഴ്സ് ക്ലബ്.ഇതിലൂടെ കൂടുതല്‍ ആളുകള്‍ കൃഷിയിലേക്ക് വന്നു. കൂടുതല്‍ കര്‍ഷകരെ നാടിനു സമ്മാനിക്കാന്‍ കഴിഞ്ഞു. ഈ പ്രദേശത്തെ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞു. മികച്ച വരുമാനം ലഭിക്കുന്ന ഒന്നെന്ന രീതിയില്‍ കൃഷി വീണ്ടും അംഗീകരിക്കപ്പെട്ടു.

മാസത്തില്‍ 25,000 രൂപയൊക്കെ കിട്ടിക്കൊണ്ടിരുന്ന കര്‍ഷകരുടെ ഗ്രൂപ്പിന് താമസിയാതെ വര്‍ഷത്തില്‍ അഞ്ച് ലക്ഷം വരെ വരുമാനം കിട്ടിത്തുടങ്ങി. എന്നാല്‍ ഇടയ്ക്ക് നഷ്ടങ്ങളും ബിസിനസിലുണ്ടായി. കൂട്ടായ പരിശ്രമത്തിലൂടെ ഈ നഷ്ടങ്ങള്‍ മറികടക്കാന്‍ ഇവര്‍ക്ക് സാധിച്ചു. ഇന്നിപ്പോള്‍ അഭിനവ് ഫാര്‍മേഴ്സ് ക്ലബ്ബ് ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. 1.5 ലക്ഷം കര്‍ഷകരുണ്ട് അംഗങ്ങളായി. 400 കോടി വരെ വര്‍ഷം ഇവര്‍ക്ക് ലഭിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version