ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ മാലിന്യങ്ങളുള്ള സ്ഥലമേത് എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, ബെംഗളൂരു. പ്രതിദിനം ബാംഗ്ലൂര്‍ നഗരത്തില്‍ മാത്രം പുറന്തള്ളപ്പെടുന്നത് ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യമാണ്. ഇത്തരത്തില്‍ കുന്നുകൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ബെംഗളുരുവിന്റെ ഭാവി ജീവിതത്തെ ബാധിക്കും എന്ന ഘട്ടം വന്നപ്പോഴാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക പദ്ധതിക്ക് കീഴില്‍ ബെംഗളുരുവിനെ പ്ലാസ്റ്റിക്ക് മാലിന്യമുക്ത നഗരമാക്കുന്നതിനുള്ള പദ്ധതികള്‍ സ്വീകരിച്ചു തുടങ്ങിയത്. ഈ പദ്ധതിയുടെ ഭാഗമായി നീക്കം ചെയ്യുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ ടൈലുകളായി മാറുകയാണ്. സ്വച്ഛ എക്കോ സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് ഇതിനു പിന്നില്‍.
ഉപയോഗശേഷം നാം വലിച്ചെറിയുന്ന ശീതളപാനീയങ്ങളുടെയും ഗാര്‍ഹിക ഉല്‍പ്പന്നങ്ങളുടെയും പാഴായ കുപ്പികളില്‍ നിന്നും വീടിന്റെ ഉള്‍വശം, നടപ്പാതകള്‍, ഭിത്തികള്‍ എന്നിവയില്‍ പിടിപ്പിക്കുന്നതിനായുള്ള ടൈലുകളാണ് നിര്‍മിക്കുന്നത്.വിവിധ ഘട്ടങ്ങളിലൂടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ കടത്തിവിട്ടു ശേഷമാണ് ടൈല്‍ നിര്‍മാണം നടക്കുന്നത്. കുപ്പികളാണ് പ്രധാനമായും ടൈല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഇതിനായുള്ള മെഷീനറികള്‍ എല്ലാം തന്നെ വിദേശത്തുനിന്നും എത്തിച്ചവയാണ്. മാലിന്യങ്ങള്‍ വേര്‍തിരിച്ചശേഷം. ഉയര്‍ന്ന മര്‍ദ്ദത്തില്‍ ഇവയ്ക്ക് രൂപ വ്യത്യാസം വരുത്തുന്നു. ഈ സമയത്ത് ചാരം, റബ്ബര്‍, മറ്റു വസ്തുക്കള്‍ എന്നിവ ഇതോടൊപ്പം ചേര്‍ക്കുന്നു. റീസൈക്കിള്‍ ചെയ്ത പൊളി പ്രോപ്പലൈന്‍ രൂപത്തില്‍ നിന്നുമാണ് ടൈലിലേക്കുള്ള രൂപമാറ്റം.
ടൈല്‍ നിര്‍മാണത്തിനായി പ്രത്യേക വൈദഗ്ദ്യം നേടിയ തൊഴിലാളികള്‍ ഉണ്ട്. പ്രത്യേക രീതിയിലുള്ള അച്ചുകളില്‍ വിവിധ ആകൃതിയിലാണ് ടൈലുകളുടെ നിര്‍മാണം നടക്കുന്നത്. 150 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് തടയുന്നതിനുള്ള ശേഷി ഇവയ്ക്കുണ്ട്. മാത്രമല്ല, 35 ടണ്‍ ഭാരം താങ്ങാനും ഇവയാകുന്നു. ഇതിനെല്ലാം പുറമെ, തീപിടുത്തം, വെള്ളപ്പൊക്കം എന്നിവയെ ചെറുക്കനും ഈ ടൈലുകള്‍ക്ക് കഴിയുന്നു.
ഒരു ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടൈല്‍ ഒന്നിന് 70 മുതല്‍ 90 രൂപവരെയാണ് വിലവരുന്നത്.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നിരവധിയാളുകള്‍ സെറാമിക് ടൈലുകള്‍ക്ക് പകരം പ്ലാസ്റ്റിക് ടൈലുകള്‍ പരീക്ഷിക്കുന്നുണ്ട്. 15 ഡിസ്പോസിബിള്‍ ഫുഡ് കണ്ടൈനറുകളില്‍ നിന്നും ഒരു ടൈല്‍ നിര്‍മിക്കാന്‍ കഴിയും. അതുപോലെ തന്നെ 150 പോളിത്തീന്‍ ബാഗുകളില്‍ നിന്നും 150 ഡിസ്പോസിബിള്‍ സ്പൂണുകളില്‍ നിന്നും 15 കോസ്മറ്റിക് ബോറട്ടിലുകളില്‍ നിന്നും ഓരോ ടൈലുകള്‍ വീതം നിര്‍മിക്കാനായി സാധിക്കും.