Success Story

തെരുവോര കച്ചവടത്തിലൂടെ തുടങ്ങി, ഇന്ന് 300 കോടിയുടെ വിറ്റ് വരവ്

ഓഹരി നിക്ഷേപത്തില്‍ ഭാഗ്യം പരീക്ഷിച്ച് ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ നഷ്ടമാകുകയും, വെറും വട്ടപൂജ്യമായി മാറിയ അവസ്ഥയില്‍ നിന്നും തെരുവിലെ ബാഗ് വില്‍പനയിലൂടെ ജീവിതം കെട്ടിപ്പടുത്ത്, ഹൈ സ്പിരിറ്റ് കൊമേഷ്യല്‍ വെന്‍ച്വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായി മാറുകയും ചെയ്ത വ്യക്തിയാണ് മുംബൈ സ്വദേശിയായ തുഷാര്‍ ജെയിന്‍

തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വിജയം കൈവരിക്കുന്ന സംരംഭകരോട് സംരംഭക ലോകത്തിന് ഒരു പ്രത്യേക ബഹുമാനമാണ്. ബിസിനസിലെ യഥാര്‍ത്ഥ വിജയി എന്ന് അക്ഷരം തെറ്റാതെ വിളിക്കാന്‍ അര്‍ഹതപ്പെട്ട ആളുകളാണ് ഇവര്‍. ഓഹരി നിക്ഷേപത്തില്‍ ഭാഗ്യം പരീക്ഷിച്ച് ഉണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ നഷ്ടമാകുകയും, വെറും വട്ടപൂജ്യമായി മാറിയ അവസ്ഥയില്‍ നിന്നും തെരുവിലെ ബാഗ് വില്‍പനയിലൂടെ ജീവിതം കെട്ടിപ്പടുത്ത്, ഹൈ സ്പിരിറ്റ് കൊമേഷ്യല്‍ വെന്‍ച്വേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയായി മാറുകയും ചെയ്ത വ്യക്തിയാണ് മുംബൈ സ്വദേശിയായ തുഷാര്‍ ജെയിന്‍. കടം വാങ്ങിയ പണം കൊണ്ട് തുടങ്ങിയ തുഷാറിന്റെ ബാഗ് നിര്‍മാണ കമ്പനി 250 കോടി രൂപയുടെ വിറ്റുവരവുമായി ഇന്ത്യയിലെ ഏറ്റവും മികച്ച നാലാമത്തെ ബാഗ് ബ്രാന്‍ഡ് ആയി മാറിയിരിക്കുന്നു. തോല്‍വി സ്വയം സമ്മതിച്ചു കൊടുക്കുന്നിടത്താണ് ഒരു സംരംഭകന്റെ യഥാര്‍ത്ഥ പരാജയമിരിക്കുന്നത് എന്ന് തെളിയിക്കുന്നു തുഷാറിന്റെ സംരംഭകകഥ.

1990 കളില്‍ മുംബൈ നഗരത്തിലെ ജനങ്ങള്‍ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഓഹരി നിക്ഷേപത്തെയായിരുന്നു. ഇടനിലക്കാരായി നിന്ന് നിക്ഷേപകരില്‍ നിന്നും നിശ്ചിത ശതമാനം ലാഭം കൈപറ്റി ട്രേഡിംഗ് നടത്തുന്നതിന് തയ്യാറായ നിരവധിയാളുകള്‍ അക്കാലത്ത് മുംബൈ നഗരത്തില്‍ സജീവമായിരുന്നു. ഓഹരിവിപണിയിലെ ചാഞ്ചാട്ടങ്ങളെയും സാധ്യതകളെയും പാട്ടി വലിയ ധാരണയില്ലാത്ത ആളുകള്‍ പോലും ഇത്തരം ഇടനിലക്കാരെ വിശ്വസിച്ച് ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചു.

സമാനമായ രീതിയില്‍ നിക്ഷേപം നടത്തിയ ഒരു വ്യക്തിയായിരുന്നു ജാര്‍ഖണ്ഡ് സ്വദേശിയും സംരംഭകനുമായിരുന്ന മുല്‍ചന്ദ് ജെയിന്‍. സ്റ്റോക്ക് ബ്രോക്കറായിരുന്ന ഹര്‍ഷത് മേത്തയെ വിശ്വസിച്ചാണ് മുല്‍ചന്ദ് നിക്ഷേപം നടത്തിയത്. എന്നാല്‍ 1992 ല്‍ ഓഹരി വിപണിയില്‍ കൃത്രിമം കാണിച്ച് പണം തട്ടി എന്ന കാരണത്താല്‍ ഹര്‍ഷത് മേത്തക്കെതിരെ നിയമ നടപടിയുണ്ടായി. അതോടെ മേത്തയെ വിശ്വസിച്ചു നിക്ഷേപം നടത്തിയവരെല്ലാം കുടുങ്ങി.

ഇത്തരത്തില്‍ വലിയ സാമ്പത്തിക നഷ്ടമാണ് മുല്‍ചന്ദ് ജെയിനിന് ഉണ്ടായത്. നല്ലത് വരെയുള്ള സമ്പാദ്യമെല്ലാം നഷ്ടമായി. മുന്നില്‍ ഇരുളടഞ്ഞ വഴികള്‍ മാത്രം. പുതിയൊരു ബിസിനസില്‍ നിക്ഷേപം നടത്തുന്നതിന് വേണ്ട പണമോ മാനസീകാവസ്ഥയോ ഇല്ല. കുടുംബത്തിന്റെ ഭാരിച്ച ചുമതലയും സാമ്പത്തിക പ്രശ്‌നങ്ങളും മുന്നില്‍ ഒരു ഭീഷണിയായി ഉയര്‍ന്നു. സംഭവത്തെക്കുറിച്ച് കെട്ടവരെല്ലാം തന്നെ അറിയാത്ത മേഖലയില്‍ നിക്ഷേപം നടത്തി പണം കളഞ്ഞെന്ന് പറഞ്ഞു ഒറ്റപ്പെടുത്തി. സ്വയം വരുത്തിവച്ച വീണയില്‍ നിന്നും രക്ഷനേടേണ്ടത് തന്റെ മാത്രം ചുമതലയാണെന്ന് മുല്‍ചന്ദ് ജെയിന്‍ തിരിച്ചറിഞ്ഞു.

വളരെ ചെറിയ പ്രായമായിരുന്നു എങ്കിലും മുല്‍ചന്ദ് ജെയിന്‍ തന്റെ മകന്‍ പതിനാല് വയസ്സുകാരന്‍ തുഷാര്‍ ജെയിനിനോടാണ് തന്റെ പദ്ധതികളും പ്രശ്‌നങ്ങളുമെല്ലാം പങ്കുവച്ചിരുന്നത്. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ അസാമാന്യമായ നേതൃപാഠവവും സംരംഭകത്വ താല്‍പര്യവും തുഷാര്‍ പ്രകടിപ്പിച്ചിരുന്നു. മറ്റുള്ളവരുടെ വാക്കുകള്‍ക്ക് മുന്നില്‍ പലപ്പോഴും നിസ്സഹായനായി തളര്‍ന്നു പോകുന്ന മുല്‍ചന്ദ് ജെയിനിന് താങ്ങും തണലുമായിരുന്നു മകന്‍ തുഷാറിന്റെ സാമിപ്യം.

മുംബൈ തെരുവുകളില്‍ നിന്നും വീണ്ടുമൊരു തുടക്കം

നഷ്ടപ്പെട്ട പണവും സമ്പത്തുമെല്ലാം തിരികെപിടിക്കണമെങ്കില്‍ വീണ്ടും ഒന്നില്‍ നിന്നും തുടങ്ങണമെന്ന് മുല്‍ചന്ദ് ജെയിനിന് അറിയാമായിരുന്നു. അതിനാല്‍ അദ്ദേഹം പുതിയ ഒരു പദ്ധതി രൂപീകരിച്ചു. ബാഗ് നിര്‍മാണ വിപണന രംഗത്ത് ശ്രദ്ധ പതിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. മകന്‍ തുഷാറിനെയും അദ്ദേഹം തുടക്കം മുതല്‍ക്ക് തങ്ങളുടെ പദ്ധതികളുടെ ഭാഗമാക്കി മാറ്റി. ലഗ്ഗേജ് ബാഗുകള്‍, ഹാന്‍ഡ് ബാഗുകള്‍, ബ്വാക്ക് പാക്കുകള്‍ എന്നിവയാണ് പ്രധാനമായും ഇവര്‍ വിറ്റിരുന്നത്. സൂററ്റിലെ ഹോള്‍സെയില്‍ വ്യാപാരികളില്‍ നിന്നും ബാഗുകള്‍ വാങ്ങിയ ശേഷം റീട്ടെയ്ല്‍ ആയ വില്‍ക്കുകയായിരുന്നു പതിവ്. സൂറത്തിലും മുംബൈ തെരുവുകളിലുമായിരുന്നു പ്രധാന വില്‍പന.

1999 ലാണ് ഇരുവരും ബാഗ് വില്‍പനയില്‍ ഒന്ന് പച്ചപിടിച്ചു തുടങ്ങിയത്. വളരെ ചെറിയ നിക്ഷേപത്തിലായിരുന്നു സംരംഭം നടത്തിയിരുന്നത്. പ്രയോറിറ്റി ബാഗ്‌സ് എന്ന ബ്രാന്‍ഡ് നെയിമിലായിരുന്നു തുടക്കം. തെരുവുകളിലെ വില്‍പനയില്‍ നിന്നും ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് എന്ന നിലയിലേക്ക് ചുവടുമാറാന്‍ എടുത്ത പ്രയത്‌നം ചെറുതായിരുന്നില്ല. ഫണ്ട് കണ്ടെത്തുക എന്നത് തന്നെയായിരുന്നു പ്രധാന വിഷയം. എന്നാല്‍ തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയില്‍ അച്ഛനും മകനും അര്‍പ്പിച്ച പൂര്‍ണമായ വിശ്വാസം നിക്ഷേപകരെ കണ്ടെത്തുന്നതിന് തുണയായി. 2002 ആയപ്പോഴേക്കും സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും മുംബൈ നഗരത്തില്‍ കേന്ദ്രീകൃതമായി. പ്രയോറിറ്റി എന്ന ബ്രാന്‍ഡില്‍ കസ്റ്റമൈസ്ഡ് ബാഗുകള്‍ നിര്‍മിച്ചു നല്‍കാന്‍ തുടങ്ങിയതോടെ, സ്ഥാപനം അടുത്ത തലത്തിലേക്ക് വളര്‍ന്നു.

കൃത്യമായ ഇടവേളകളില്‍ നിക്ഷേപകരില്‍ നിന്നും കൈപറ്റിയിരുന്ന തുക താമസം കൂടാതെ തിരിച്ചു നല്‍കാന്‍ കഴിഞ്ഞത് കമ്പനിക്ക് മുതല്‍ക്കൂട്ടായി. തുടക്കം വളരെ ക്ലേശകരമായിരുന്നു എങ്കിലും ഏറെ ദൂരം തങ്ങള്‍ക്ക് മുന്നോട്ട് പോകാനുണ്ട് എന്നത് കമ്പനി മാനേജ്‌മെന്റിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. മുല്‍ചന്ദ് ജെയിന്‍ തുടങ്ങി വച്ച ബിസിനസ് ആയിരുന്നു എങ്കിലും താമസിയാതെ തുഷാര്‍ ജെയിന്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളത്രയും ഏറ്റെടുത്തു. പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരുന്നതും നടപ്പാക്കിയിരുന്നതും തുഷാര്‍ തന്നെയായിരുന്നു.

2006 ല്‍ വളരെ ചെറിയ രീതിയില്‍ കസ്റ്റമൈസ്ഡ് ബാഗുകളുടെ നിര്‍മാണം ആരംഭിച്ച സ്ഥാപനം 2007 ആയപ്പോഴേക്കും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന, എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഒരു പ്രൊഡക്ഷന്‍ യൂണിറ്റിന് തുടക്കം കുറിച്ചു. ഈ സമയത്ത് പ്രതിദിനം 4000 ബാഗുകളാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. തുടര്‍ന്നാണ് ഡിസ്ട്രിബൂഷന്‍ നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നതില്‍ തുഷാര്‍ ശ്രദ്ധ പതിപ്പിക്കുന്നത്. മുംബൈ നഗരത്തിലെ ഒട്ടുമിക്ക സ്റ്റോറുകളിലേക്കും പ്രയോറിറ്റി ബാഗുകള്‍ വില്‍പ്പനക്കെത്തി. ഇന്ത്യ മുഴുവന്‍ വ്യാപിച്ച ഒരു കമ്പനിയായി മാറുക എന്ന ആഗ്രഹം അവിടെ ആരംഭിക്കുകയായിരുന്നു. കമ്പനിയുടെ തുടര്‍ന്നുള്ള വികസനം ഏറെ ശ്രദ്ധയോടെയാണ് നടന്നത്. ഈ കലയളവില്‍ വിറ്റുവരവ് 25 കോടി രൂപയായി വര്‍ധിച്ചു.

2012 ല്‍ ഹൈ സ്പിരിറ്റ് കൊമേഷ്യല്‍ വെന്‍ച്വര്‍ എന്ന പേരില്‍ കമ്പനി ബ്രാന്‍ഡ് ചെയ്തു. പിന്നീട് ബാഗുകളുടെ ഉല്‍പ്പാദനം ഈ കമ്പനിക്ക് കീഴിലാണ് നടന്നത്. 2012 ല്‍ 60 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റ് വരവ്. 2014 ല്‍ ബാഗുകളുടെ പ്രതിദിന ഉല്‍പ്പാദനം 20000 ആയി. ഇതോടെ വിറ്റ് വരവ് 90 കോടി രൂപയായി വര്‍ധിച്ചു. 2017 ആയതോടെ കമ്പനി കൂടുതലായി ബ്രാന്‍ഡിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.

ട്രാവല്‍ ബാഗുകളുടെ ബ്രാന്‍ഡായ ട്രാവേള്‍ഡ് ആരംഭിച്ചത് ഈ കാലയളവിലാണ്. മാത്രമല്ല ഹാഷ്ടാഗ് എന്ന പേരില്‍ യുവാക്കള്‍ക്കായുള്ള ബാഗുകളുടെ നിര്‍മാണവും ആരംഭിച്ചു. 35000 യൂണിറ്റ് ബാഗുകളാണ് ഈ കാലയളവില്‍ പ്രതിദിനം ഉല്‍പ്പാദിപ്പിച്ചത്. അങ്ങനെ വിറ്റുവരവ് 250 കോടി രൂപയില്‍ എത്തുകയും ചെയ്തു. ഒന്നുമില്ലായ്മയില്‍ നിന്നുമാണ് രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇത്രയും വലിയ ബിസിനസ് കെട്ടിപ്പടുത്തത് എന്നിവടത്താണ് ഈ സംരംഭകന്റെ വിജയം.

അനന്തമായ സാധ്യതകളുമായി ബാഗ് വിപണി

ഇന്ത്യയില്‍ ബാഗ് വിപണിക്ക് അനന്തമായ സാധ്യതയാണുള്ളതെന്നാണ് തുഷാര്‍ ജെയിന്‍ അവകാശപ്പെടുന്നത്. 22000 കോടി രൂപയുടെ വലുപ്പമുള്ള ബാഗ് ഇന്‍ഡസ്ട്രി പ്രതിവര്‍ഷം 17 % എന്ന നിരക്കില്‍ വളരുകയും ചെയ്യുന്നതായി അദ്ദേഹം അവകാശപ്പെടുന്നു. ഉപഭോക്താക്കളുടെ പര്‍ച്ചേസിംഗ് ട്രെന്‍ഡില്‍ വന്ന മാറ്റവും വര്‍ധിച്ച യാത്രകളുമാണ് ബാഗ് വിപണി വികസിക്കുന്നതിനുള്ള പ്രധാന കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

കുറച്ചു കാലം മുന്‍പ് വരെ ഒരു ബാഗ് ഉപയോഗിച്ച് മോശമായാല്‍ മാത്രം പുതിയതൊന്ന് വാങ്ങുക എന്നതായിരുന്നു രീതി. എന്നാല്‍ ഇന്നങ്ങനെയല്ല. ആവശ്യങ്ങള്‍, സ്‌റ്റൈല്‍, ട്രെന്‍ഡ് എന്നിവയെല്ലാം നോക്കി ആളുകള്‍ കൂടുതല്‍ ബാഗുകള്‍ വാങ്ങുന്നു. ഇത് മനസിലാക്കിയാണ് ഹൈ സ്പിരിറ്റ് കൊമേഷ്യല്‍ വെന്‍ച്വര്‍ ബാഗ് നിര്‍മാണ രംഗത്ത് കൂടുതല്‍ നിക്ഷേപം കൊണ്ട് വന്നത്.

2015 ഓടെ ആഭ്യന്തര അന്താരാഷ്ട്ര വിപണികളില്‍ ഒരേ പോലെ സജീവമായി. മികച്ച ഡിസൈനുകള്‍ക്കൊപ്പം ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും വിപണിയിലെത്തിച്ചു. വിപണി പിടിച്ചടക്കുന്നതിന്റെ ഭാഗമായി പരസ്യമുള്‍പ്പെടെയുള്ള ബ്രാന്‍ഡിംഗ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. ബോളിവുഡ് നായിക സോനം കപൂര്‍ ട്രാവേള്‍ഡ് ബ്രാന്‍ഡിന്റെ അംബാസിഡര്‍ ആയി വന്നതോടെ ഹൈ സ്പിരിറ്റ് കൊമേഷ്യല്‍ വെന്‍ച്വര്‍ സംരംഭങ്ങള്‍ കൂടുതല്‍ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.

ഓരോ പ്രായത്തില്‍പെടുന്ന ഉപഭോക്താക്കളെയും പ്രത്യേകമായി കണ്ടെത്തി അവരുടെ അഭിരുചികള്‍ മനസിലാക്കി ബാഗുകള്‍ നിര്‍മിച്ചു. ഉദാഹരണമായി, കുട്ടികള്‍ക്കായി നിര്‍മിച്ച ബാഗുകള്‍ക്ക് ഹംപ്റ്റി ഡംപ്റ്റി എന്ന ബ്രാന്‍ഡ് നെയിമാണ് നല്‍കിയിരിക്കുന്നത്. യുവാക്കള്‍ക്കായുള്ള ബാഗുകള്‍ ഹാഷ്ടാഗ് എന്ന ബ്രാന്‍ഡില്‍ വില്‍പ്പനക്കെത്തിച്ചു. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ലഗ്ഗേജ് ബാഗുകളാണ് ട്രാവേള്‍ഡ് എന്ന പേരില്‍ വിപണിയിലെത്തിച്ചത്.

കാലം മാറുന്നതിനനുസരിച്ച് കോലം മാറിയതിലൂടെയാണ് ഹൈ സ്പിരിറ്റ് കൊമേഷ്യല്‍ വെന്‍ച്വര്‍ ശ്രദ്ധേയമായത്. ഡിജിറ്റല്‍ പരസ്യങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം സജീവമായപ്പോള്‍ ആ നിലക്കുള്ള പ്രചാരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി. സോഷ്യല്‍ മീഡിയ സാന്നിധ്യം ഡിജിറ്റല്‍ പരസ്യങ്ങള്‍ എന്നിവ വര്‍ധിപ്പിച്ചതോടെ കൂടുതല്‍ ജനങ്ങളിലേക്ക് നേരിട്ടത് എത്തിച്ചേരാന്‍ കഴിഞ്ഞു. സോഷ്യല്‍ മീഡിയ കാമ്പയിനുകള്‍ക്ക് വേണ്ടി വിനിയോഗിച്ച പണം ഒരിക്കലും നഷ്ടമല്ല എന്നാണ് പിന്നീടുള്ള വില്‍പന തെളിയിച്ചത്. മാത്രമല്ല, ബാഗുകളുടെ ബ്രാന്‍ഡ് വാല്യൂ വര്‍ധിപ്പിക്കുന്നതിനും ഇത് സഹായകമായി.

ലളിതമായ മാതൃക

എന്താണ് ഹൈ സ്പിരിറ്റ് കൊമേഷ്യല്‍ വെന്‍ച്വറിന്റെ വിജയമന്ത്രം എന്ന് ചോദിച്ചാല്‍ തുഷാര്‍ പറയും ചെലവ് ചുരുക്കി ഉല്‍പ്പാദനം വര്‍ധിപ്പിച്ചതാണെന്ന്. ഏറ്റവും ഗുണമേന്മയുള്ള മെറ്റിരിയലുകള്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ കണ്ടെത്താനും ബാഗുകളാക്കി മാറ്റുവാനും കമ്പനിക്ക് സാധിച്ചു. 500 സ്ഥിരം ജോലിക്കാരും 500 താല്‍ക്കാലിക ജോലിക്കാരുമാണ് ഹൈ സ്പിരിറ്റ് കൊമേഷ്യല്‍ വെന്‍ച്വറിനുള്ളത്. ട്രഡീഷണല്‍ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ചുള്ള ബാഗുകള്‍ നിര്‍മിക്കുന്നതിന് കഴിവുള്ള ഗ്രാമീണ കലാകാരന്മാരെ ഉപയോഗിച്ചു. ഇത് വളരെ വിജയകരമായ ഒരു നടപടിയായിരുന്നു.

ആര്‍ക്കു വേണമെങ്കിലും കടന്നു വരാനും നിക്ഷേപം നടത്താനും സാധിക്കുന്ന ഒരു മേഖലയാണ് ഇതെന്നാണ് തുഷാര്‍ ജെയിന്‍ പറയുന്നത്. ഒരു ബാഗിന്റെ വിലയുടെ 35 ശതമാനമാണ് വേതനമായി വരുന്നത്. ബാക്കി തുക മെറ്റിരിയലിനും വര്‍ക്ക് സ്‌പേസിനുമായി മാറ്റി വച്ചാലും സാമാന്യം ഭേദപ്പെട്ട ഒരു വരുമാനം ലഭിക്കും. അതിനാല്‍ നിക്ഷേപം നടത്താന്‍ പറ്റിയ മേഖലയാണ് ബാഗ് ഇന്‍ഡസ്ട്രിയെന്ന് തുഷാര്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ പ്രതിദിനം 60000 ബാഗുകള്‍ നിര്‍മിക്കുന്ന 1000 കോടി വിറ്റുവരവുള്ള കമ്പനിയായി ഹൈ സ്പിരിറ്റ് കൊമേഷ്യല്‍ വെന്‍ച്വറിനെ മാറ്റുക എന്നതാണ് തുഷാര്‍ ജെയിന്‍ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version