Tech

ഹോം ടിവിയെ കമ്പ്യൂട്ടറാക്കാന്‍ ‘ജിയോ ക്ലൗഡ് പിസി’

ഇന്റര്‍നെറ്റ് കണക്ഷന്‍, സ്മാര്‍ട്ട് ടിവി, കീബോര്‍ഡ്, മൗസ്, ജിയോ ക്ലൗഡ് പിസി ആപ്പ് എന്നിവ മാത്രമാണ് ഇതിന് വേണ്ടത്

ഹോം സ്മാര്‍ട്ട് ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റുന്ന സാങ്കേതികവിദ്യ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024-ല്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ‘ജിയോ ക്ലൗഡ് പിസി’ എന്ന ഈ സാങ്കേതികവിദ്യ കുറഞ്ഞ മുതല്‍മുടക്കില്‍ ടിവികളെ കമ്പ്യൂട്ടറുകളാക്കി മാറ്റും. ഇന്റര്‍നെറ്റ് കണക്ഷന്‍, സ്മാര്‍ട്ട് ടിവി, കീബോര്‍ഡ്, മൗസ്, ജിയോ ക്ലൗഡ് പിസി ആപ്പ് എന്നിവ മാത്രമാണ് ഇതിന് വേണ്ടത്.

സ്മാര്‍ട്ട് ടിവി ഇല്ലാത്തവര്‍ക്ക് അവരുടെ സാധാരണ ടിവിയെ ജിയോ ഫൈബര്‍ അല്ലെങ്കില്‍ ജിയോ എയര്‍ഫൈബറിനൊപ്പം വരുന്ന സെറ്റ്-ടോപ്പ് ബോക്സുകളിലൂടെ കമ്പ്യൂട്ടറാക്കാം. ഇന്റര്‍നെറ്റ് വഴി ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്ക് കണക്റ്റുചെയ്യാന്‍ ഏത് ടിവിയെയും പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ജിയോ ക്ലൗഡ് പിസി.

ഉപഭോക്താക്കള്‍ അപ്ലിക്കേഷനിലേക്ക് ലോഗിന്‍ ചെയ്യുന്നതിലൂടെ ക്ലൗഡില്‍ സംഭരിച്ചിരിക്കുന്ന എല്ലാ ഡാറ്റയും ടിവി സ്‌ക്രീനില്‍ ദൃശ്യമാകും. ഇമെയില്‍, സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്, ഇന്റര്‍നെറ്റ് സര്‍ഫിംഗ്, സ്‌കൂള്‍ പ്രൊജക്റ്റുകള്‍, ഓഫീസ് അവതരണങ്ങള്‍ എന്നിങ്ങനെ ഒരു കമ്പ്യൂട്ടറില്‍ സാധാരണ ചെയ്യാവുന്ന ജോലികള്‍ ഹോം ടിവികളില്‍ സാധ്യമാകും. എല്ലാ ഡാറ്റയും ക്ലൗഡില്‍ ആയിരിക്കും സംഭരിക്കുക. ടിവിയിലൂടെ സെര്‍വര്‍, സ്റ്റോറേജ്, ഡാറ്റാബേസ്, നെറ്റ്വര്‍ക്കിംഗ്, സോഫ്റ്റ്വെയര്‍, അനലിറ്റിക്സ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം.

ഇന്ത്യന്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ എന്നത് പലപ്പോഴും താങ്ങാനാകാത്ത ചെലവാണ്. ഈ സാഹചര്യത്തില്‍, ഈ സാങ്കേതികവിദ്യ അവര്‍ക്ക് സഹായകരമാകും. ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ ശേഷി ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. സാധാരണ കമ്പ്യൂട്ടറുകളെ അപേക്ഷിച്ച് വളരെ വേഗത്തിലുള്ള ഡാറ്റ റിക്കവറി ഇത് വാഗ്ദാനം ചെയ്യുന്നു. ടിവിക്ക് പുറമെ മൊബൈല്‍ ഫോണുകളിലും ഉപയോഗിക്കാം. ആപ്പിന്റെ ഔദ്യോഗിക ലോഞ്ച് കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version