അംബാസിഡര്‍ കാര്‍ എന്ന് പറഞ്ഞാല്‍ ഇന്ത്യക്കാര്‍ക്ക് അഭിമാനമാണ്, നൊസ്റ്റാള്‍ജിയയാണ്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് 1958 പുറത്തിറക്കിയ ഈ കാറിന്റെ രൂപകല്പന യുണൈറ്റഡ് കിങ്ഡത്തിലെ മോറിസ് ഓക്‌സ്‌ഫോര്‍ഡ് എന്ന കാറിനെ അടിസ്ഥാനപ്പെടുത്തി ആയിരുന്നു. കൊല്‍ക്കത്തയിലെ ഉത്തര്‍പാറയിലെ പ്ലാന്റിലാണ് ഈ കാര്‍ നിര്‍മ്മിച്ചത്. രാജ്യത്ത് അന്നൊക്കെ ആഡംബരമെന്നാല്‍ അംബാസിഡര്‍ കാര്‍ ആയിരുന്നു.
എന്തിനേറെ പറയുന്നു, 2002 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ഔദ്യോഗിക വാഹനമായിരുന്നു അംബാസഡര്‍. ഇന്നും ഇന്ത്യയിലെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും യാത്രക്കായി ഉപയോഗിക്കുന്നത് ഈ വാഹനമാണ്. അപലരും ഈ വാഹനത്തോടുള്ള ഇഷ്ടം കാരണം ഓര്‍മയ്ക്കായി സൂക്ഷിക്കുകയും ചെയ്യുന്നു. വിദേശവിനോദസഞ്ചാരികളും ഇന്ത്യന്‍ നിരത്തിലെ അവരുടെ യാത്രയ്ക്കായി അംബാസഡര്‍ ആവശ്യപ്പെടാറുണ്ട്.
ആദ്യ കാലത്ത് പെട്രോള്‍ ഏഞ്ചിനില്‍ മാത്രം ഇറങ്ങിയിരുന്ന അംബാസഡര്‍ പിന്നീട് പെട്രോളിനു പുറമേ ഡീസലിലും എല്‍.പി.ജി.യിലും ലഭ്യമായി. 2013 ജൂലൈ മാസം ബി.ബി.സി.യുടെ ഓട്ടോമൊബീല്‍ ഷോ – ടോപ് ഗിയര്‍ – സംഘടിപ്പിച്ച വോട്ടെടുപ്പില്‍ അംബാസഡര്‍ – ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
2014 മേയില്‍ ഇന്ത്യയില്‍ കൊല്‍ക്കത്തയിലെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംബാസിഡര്‍ കാര്‍ ഉല്പാദനം നിര്‍ത്തി ഓര്‍മയായി!