Connect with us

Hi, what are you looking for?

Mutual Funds

2025ല്‍ നിക്ഷേപിക്കാന്‍ ഇക്വിറ്റിയും മ്യൂച്വല്‍ ഫണ്ടും തന്നെ മികച്ചത്!

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

2025ലേക്ക് കാലെടുത്തുവച്ചതോടെ നിക്ഷേപവുമായി ബന്ധപ്പെട്ട പ്ലാനിങ്ങിലായിരിക്കും നമ്മളെല്ലാവരും. ഓരോ വര്‍ഷം പിറക്കുമ്പോഴും നിക്ഷേപത്തില്‍ അച്ചടക്കം കൊണ്ടുവന്ന് കൂടുതല്‍ നേട്ടമെങ്ങനെയുണ്ടാക്കാമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ ഇതിന് നാം എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍.

എന്‍ ഭുവനേന്ദ്രന്‍

ഫിനാന്‍സ് മാനേജ്‌മെന്റില്‍ ഫിനാന്‍ഷ്യല്‍ ഡിസിപ്ലിന്‍ എന്നത് എത്രമാത്രം പ്രധാനമാണ്?

സാമ്പത്തിക മാനേജ്മെന്റിന്റെ നട്ടെല്ലെന്ന് പറയുന്നത് തന്നെ ഫിനാന്‍ഷ്യല്‍ ഡിസിപ്ലിന്‍ അഥവാ സാമ്പത്തിക അച്ചടക്കമാണ്. വരവിന് ആനുപാതികമായി മാത്രം ചെലവ് കൊണ്ട് പോകാന്‍ കഴിയണം. അത്, വ്യക്തിഗത ജീവിതത്തിലാണെങ്കിലും ഒരു സ്ഥാപനത്തിന്റെ നടത്തിപ്പിലാണെങ്കിലും ഒരു പോലെയാണ്. ഒരിക്കലും വരവിനേക്കാള്‍ കൂടുതല്‍ ചെലവുണ്ടാകുന്ന അവസ്ഥ പാടില്ല. വരുമാനത്തിനും ചെലവിനും ഇടയില്‍ സേവിങ്സ് ഉണ്ടാകണം. ഇത് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് വ്യക്തി ജീവിതത്തിലാണ്.

റിട്ടയര്‍മെന്റ് ലൈഫിന് പ്രാധാന്യം നല്‍കിക്കൊണ്ടാകണം വ്യക്തി ജീവിതത്തില്‍ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് ആസൂത്രണം ചെയ്യേണ്ടത്. വരുമാനത്തിന്റെ പത്തുശതമാനമെങ്കിലും റിട്ടയര്‍മെന്റ് ജീവിതത്തെ അടിസ്ഥാനമാക്കി മാറ്റി വയ്ക്കണം. അതിനുള്ള ഏറ്റവും നല്ല മാര്‍ഗം എസ്‌ഐപി ആണ്. അടുത്ത ഒരു 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വരുമ്പോള്‍ ഓഹരി വിപണി, മ്യൂച്ച്വല്‍ ഫണ്ട് എന്നിവ മികച്ച റിട്ടേണ്‍ നല്‍കും.

അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ നിലവില്‍ ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗം എസ്‌ഐപി, മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവയാണ്. ഫിക്സഡ് ഡെപ്പോസിറ്റുകളില്‍ നിന്നും സേവിങ്സ് ഡെപ്പോസിറ്റുകളില്‍ നിന്നും വലിയ തോതിലുള്ള റിട്ടേണ്‍ കിട്ടാത്ത അവസ്ഥായാണ് നിലവിലുള്ളത്. അതേസമയം ഓഹരി വിപണി മികച്ച നേട്ടം നല്‍കുന്നുണ്ട്. എന്റെ അഭിപ്രായത്തില്‍ എല്ലാവര്‍ക്കും ഒരു ഇക്വിറ്റി എക്സ്പോഷര്‍ ആവശ്യമാണ്.

മ്യൂച്ച്വല്‍ ഫണ്ടിലും മറ്റും നിക്ഷേപിക്കുമ്പോള്‍ നമുക്ക് വലിയ പ്രാഗത്ഭ്യം ഇല്ലെങ്കിലും ഫണ്ട് മാനേജര്‍മാര്‍ അത് കൃത്യമായി കൈകാര്യം ചെയ്യും. ഏത് മേഖല വേണം എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് തീരുമാനിക്കാം. മാത്രമല്ല, 500 രൂപയില്‍ വരെ നിക്ഷേപം നടത്തിത്തുടങ്ങാം, എപ്പോള്‍ വേണമെങ്കിലും നിക്ഷേപം നിര്‍ത്താം തുടങ്ങി സാധ്യതകള്‍ ഏറെയാണ്. ഭാവിയിലേക്കുള്ള ഒരു നീക്കിയിരുപ്പ് എന്ന നിലയില്‍ ഏറ്റവും നല്ലൊരു മാര്‍ഗമാണ് എസ്‌ഐപി.

ഫിനാന്‍സ് മാനേജ്‌മെന്റിലെ ഹ്രസ്വകാല ലക്ഷ്യങ്ങളെയും ദീര്‍ഘകാല ലക്ഷ്യങ്ങളെയും എങ്ങനെയാണ് നിശ്ചിത വരുമാനത്തില്‍ ബാലന്‍സ് ചെയ്ത് മുന്നോട്ട് പോകുക?

നിശ്ചിത വരുമാനത്തില്‍ ഹ്രസ്വകാല ലക്ഷ്യങ്ങളെയും ദീര്‍ഘകാല ലക്ഷ്യങ്ങളെയും മാനേജ് ചെയ്ത് കൊണ്ടുപോകുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ഹ്രസ്വകാല ലക്ഷ്യങ്ങളെന്ന് പറയുമ്പോള്‍ കുട്ടികളുടെ വിദ്യാഭാസം, വീട്, വിവാഹം എന്നിവയൊക്കെയാകാം. അതിന് ഏറ്റവും നല്ല മാര്‍ഗം മികച്ച ഷെയറുകള്‍ കണ്ടെത്തി അതില്‍ നിക്ഷേപിക്കുക എന്നതാണ്. എന്നാല്‍ അതില്‍ റിസ്‌ക് ഉണ്ട്.

അതേസമയം എടുക്കുന്ന റിസ്‌കിനു അനുസൃതമായ റിട്ടേണ്‍ ലഭിക്കുകയും ചെയ്യും. അഞ്ചു മുതല്‍ എട്ടു വര്‍ഷം വരെ കാലാവധിയുള്ള ഇന്‍വെസ്റ്റ്‌മെന്റ് ആണെങ്കില്‍ ഇക്വിറ്റി, മ്യൂച്വല്‍ ഫണ്ട്സ് എന്നിവ മികച്ച നിക്ഷേപ മാര്‍ഗമാണ്. ഒന്നോ രണ്ടോ വര്‍ഷത്തെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കൃത്യമായ ഒരു തുക റിട്ടേണ്‍ ലഭിക്കുന്ന നിക്ഷേപം ആയിരിക്കും നല്ലത്. അതല്ല, പത്ത് വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപമാണ് വേണ്ടതെങ്കില്‍ നന്നായി റിസര്‍ച്ച് നടത്തി ഇക്വിറ്റിയില്‍ നിക്ഷേപിക്കുന്നത് നല്ലതായിരിക്കും.

ഉദാഹരണമായി പറഞ്ഞാല്‍, കുട്ടികളുടെ വിവാഹം മുന്‍നിര്‍ത്തി പ്രതിമാസം 3000 രൂപ ഇരുപത് വര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ ഇപ്പോഴത്തെ ഒരു വളര്‍ച്ചാ നിരക്കനുസരിച്ച് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒന്നേകാല്‍ കോടിയോളം രൂപ വരും. അത് മികച്ചൊരു നിക്ഷേപ മാര്‍ഗമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എസ്‌ഐപി ആണ് ഏറ്റവും മികച്ച മാര്‍ഗം. ഫിനാന്‍സ് മാനേജ്‌മെന്റിനെക്കുറിച്ച് പറയുമ്പോള്‍, ശ്രദ്ധേയമായഒരു കാര്യം ഇന്ത്യയില്‍ എന്നും ഉണ്ടായിരുന്നത് ഒരു ഇന്‍വെസ്റ്റ്‌മെന്റ് കള്‍ച്ചര്‍ ആയിരുന്നു എന്നതാണ്.

എന്നാല്‍, ഇപ്പോള്‍ നമ്മുടെ സമൂഹത്തെ ശ്രദ്ധിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്നത് വിദേശ രാജ്യങ്ങളുടെയും ജീവിതശൈലിയുടെയും സ്വാധീനഫലമായി ചെലവിടല്‍ സംസ്‌കാരം ഇവിടെ വര്‍ധിച്ചിട്ടുണ്ടെന്നാണ്. ‘ലിവ് ഇന്‍ പ്രസന്റ്’ എന്ന രീതിയില്‍ ഇന്നിനെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന യുവതലമുറക്കാരുടെ എണ്ണം കൂടുന്നുണ്ട്. എന്നാല്‍, സാമൂഹ്യ സുരക്ഷ കുറവുള്ള രാജ്യമാണ് ഇന്ത്യ എന്നത് മറക്കരുത്. അതിനാല്‍ തന്നെ നാളയെക്കുറിച്ചുള്ള കരുതല്‍, റിട്ടയര്‍മെന്റ് പ്ലാന്‍സ് എന്നിവ അനിവാര്യമാണ്. ചെറിയ രീതിയിലെങ്കിലും എസ്‌ഐപി പോലുള്ള പദ്ധതികളില്‍ പണം നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യും.

എല്ലാമാസവും കൃത്യമായി നിശ്ചിത തുക വരുമാനം ലഭിക്കാത്തവരെ സംബന്ധിച്ച്, എങ്ങനെയായിരിക്കണം ഫിനാന്‍സ് മാനേജ്‌മെന്റ്?

വേരിയബിള്‍ ഇന്‍കം ഉള്ളവരെ സംബന്ധിച്ച് മുന്നില്‍ വലിയ അവസരങ്ങളാണുള്ളത്. റിയല്‍ എസ്റ്റേറ്റ് പോലുള്ളവയൊന്നും ചെറിയ നിക്ഷേപം നടത്താന്‍ ഉചിതമല്ല. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വലിയൊരു ഉയര്‍ച്ചയൊന്നും ഇവിടെ വന്നിട്ടുമില്ല. അതിനാല്‍ വേരിയബിള്‍ ഇന്‍കം ഉള്ളവര്‍ക്ക് എക്കാലത്തെയും മികച്ച നിക്ഷേപ മാര്‍ഗം മ്യൂച്വല്‍ ഫണ്ടും ഇക്വിറ്റിയുമാണ്. ഫണ്ട് കൈവശം വരുമ്പോള്‍ നല്ല രീതിയിലുള്ള നിക്ഷേപം നടത്തുക.

നിക്ഷേപം തുടങ്ങാന്‍ പറ്റിയ പ്രായമേതാണ്?

എപ്പോള്‍ വരുമാനം കിട്ടി തുടങ്ങുന്നുവോ, അപ്പോള്‍ മുതല്‍ നിക്ഷേപം തുടങ്ങണം. നമ്മുടെ നാട്ടില്‍ വിദ്യാലയങ്ങളില്‍ ഫിനാന്‍സ് മാനേജ്‌മെന്റിനെ പറ്റി കാര്യമായി പഠിപ്പിക്കുന്നില്ല. അതിനാല്‍ തന്നെ കുട്ടികള്‍ വളര്‍ന്നു വരുന്നത് വരുമാനം മുഴുവന്‍ ചെലവാക്കാന്‍ ശീലിച്ചുകൊണ്ടാണ്. ഈ പ്രവണത മാറണം. ഭാവിയെ മുന്‍നിര്‍ത്തി, എന്താണ് നിക്ഷേപം, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചെല്ലാം കുട്ടികള്‍ക്ക് കൃത്യമായ ധാരണ നല്‍കുന്ന സംവിധാനങ്ങള്‍ വിദ്യാലയങ്ങളില്‍ വേണം.

പണം കയ്യിലെത്തിയാല്‍ അതെങ്ങനെ ചെലവഴിക്കണം എന്നതിനെ പറ്റി ധാരണ വേണം. വരുമാനത്തിന്റെ ഇരുപത് ശതമാനം, അല്ലെങ്കില്‍ കുറഞ്ഞത് പത്ത് ശതമാനമെങ്കിലും റിട്ടയര്‍മെന്റ് കാലം മുന്‍നിര്‍ത്തി മാറ്റി വയ്ക്കണം. കുട്ടികളുടെ കാര്യം മാത്രമല്ല, മുതിര്‍ന്ന ആളുകളിലും സാമ്പത്തിക അവബോധം ഇനിയും വരാനുണ്ട്. ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടികള്‍ തുടങ്ങിയ പഴയ രീതിയിലുള്ള നിക്ഷേപ മാര്‍ഗങ്ങളില്‍ മാത്രം ഇപ്പോഴും ശ്രദ്ധിക്കുന്നവരുണ്ട്. എന്നാല്‍ കോവിഡ് കാലഘട്ടത്തില്‍ ഈ പ്രവണതയ്ക്ക് വളരെ വ്യത്യാസം വന്നു. നിരവധിയാളുകള്‍ ഇക്വിറ്റി, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവയുടെ സാധ്യതകള്‍ അടുത്തറിഞ്ഞു. 35 വയസിനോടടുത്ത പുതുതലമുറ ഇപ്പോള്‍ പുതിയ നിക്ഷേപ മാര്‍ഗങ്ങളില്‍ വ്യാപരിച്ചു തുടങ്ങിയിട്ടുണ്ട്.

നിക്ഷേപത്തെക്കുറിച്ച് ഇനിയും കാര്യക്ഷമമായി ചിന്തിച്ചു തുടങ്ങാത്ത ഒരാള്‍, അല്ലെങ്കില്‍ നാല്‍പതുകളില്‍ നില്‍ക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെ ഫിനാന്‍സ് മാനേജ്‌മെന്റ് കാര്യക്ഷമമായി ആസൂത്രണം ചെയ്യാന്‍ കഴിയും?

ഇന്‍വെസ്റ്റ്മെന്റ് തുടങ്ങുന്നതിനു പ്രായം ഒരിക്കലും ഒരു തടസമല്ല. ഏത് പ്രായത്തിലും ആകാം. എന്നാല്‍ കൃത്യമായി വരുമാനം ഉണ്ടാകുക എന്നത് പ്രധാനമാണ്. 40 വയസുള്ള ഒരു വ്യക്തിയെസംബന്ധിച്ചു പറഞ്ഞാല്‍ 60 വയസെന്ന ശരാശരി റിട്ടയര്‍മെന്റ് പ്രായത്തിലേക്ക് ഇനിയും 20 വര്‍ഷമുണ്ട്. അതിനാല്‍ ഇനിയുള്ള 20 വര്‍ഷങ്ങളില്‍ കൃത്യമായി എസ്‌ഐപി നിക്ഷേപം നടത്തുക എന്നതാണ് പ്രധാനം.

വൈറ്റ് കോളര്‍ ജോലി മാത്രമേ ചെയ്യൂ എന്ന നിബന്ധനയില്ലെങ്കില്‍ ഇന്ന് സമൂഹത്തില്‍ ജോലി കിട്ടാന്‍ യാതൊരുവിധ ബുദ്ധിമുട്ടും ഇല്ല. അതിനാല്‍ സ്ഥിരമായ വരുമാനം ഉണ്ടാക്കുക, നിക്ഷേപിക്കുക. നിക്ഷേപിക്കുന്നത് എത്ര ചെറിയ തുക ആണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് ഗുണം ചെയ്യും.

അഹല്യയെ സംബന്ധിച്ച് പുതുവര്‍ഷത്തിലെ പ്രധാന ലക്ഷ്യം എന്താണ്?

കൃത്യമായ വികസന പദ്ധതികളോടും ലക്ഷ്യങ്ങളോടും കൂടിയാണ് അഹല്യ മുന്നോട്ട് പോകുന്നത്. അടുത്ത വര്‍ഷത്തോടെ നാഷണല്‍ സ്റ്റോക് എക്സ്‌ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഏപ്രില്‍ ആദ്യം മുതല്‍ അതിന്റെ നടപടികള്‍ ആരംഭിക്കും.

എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്യപ്പെടുക എന്നത് ഏതൊരു സ്ഥാപനത്തിന്റെയും വലിയ ആഗ്രഹമാണല്ലോ, ഇതിലൂടെ കൂടുതല്‍ നിക്ഷേപം നേടാനും കഴിയും. നിലവില്‍ ഒരു ലക്ഷം ഉപഭോക്താക്കളാണ് അഹല്യയ്ക്കുള്ളത്. കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിന് പുറത്ത് തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍
ആരംഭിക്കാനാണ് പദ്ധതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും