മനുഷ്യന്റെ മൂഡ് തിരിച്ചറിയാന്‍ സാധിക്കുന്ന ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. നൂതനമായ പല സവിശേഷതകളും അടങ്ങിയതായിരിക്കും വാഹനം. ചെന്നൈയിലെ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ കമ്പനി 5 ജി ക്ലൗഡ് കണക്ടിവിറ്റി ഉപയോഗപ്പെടുത്തി പുതിയ ഇവി പ്‌ളാറ്റ്‌ഫോം നിര്‍മ്മിക്കാനൊരുങ്ങുകയാണ്.
പുതിയ വാഹനത്തിന്റെ കംപ്യൂട്ടിംഗ് സ്‌ട്രെങ്ത് നിലവിലുള്ള സാങ്കേതിക വിദ്യകളെ അപേക്ഷിച്ച് 5 മടങ്ങ് ശക്തിയുള്ളതായിരിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓട്ടോമോട്ടിവ് ടെക്‌നോളജി ആന്‍ഡ് പ്രൊഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് ആര്‍. വേലുസ്വാമി പറഞ്ഞു. ഇലക്ട്രിക് വാഹനത്തില്‍, മൊബൈല്‍ ഐയില്‍ നിന്നുള്ള ഐ-ക്യൂ6 ചിപ്‌സെറ്റുകള്‍ പ്രധാന ഘടകമായ ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഘടിപ്പിച്ചിരിക്കും.
ഓട്ടോമാറ്റിക്കായി വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഫീച്ചറുണ്ടാകും. 5 റഡാറുകളും 11 സെന്‍സറുകളുമടങ്ങിയിട്ടുള്ളതാകും ഇലക്ട്രിക് കാര്‍. ഈ വാഹനത്തിന്റെ നൂതനമായ പ്രത്യേകത ഡ്രൈവറുടെ മൂഡ് തിരിച്ചറിയാനും അതിനനുസരിച്ച് പ്രതികരിക്കാനും കഴിയും എന്നതാണ്. ഉദാഹരണത്തിന്, ഡ്രൈവര്‍ അല്‍പം വിഷമമുള്ള മാനസികാവസ്ഥയിലാണെങ്കില്‍ ഓട്ടോമാറ്റിക്കായി മ്യൂസിക് ഓണ്‍ ആകും. ഡ്രൈവറുടെ സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിക്കൊണ്ടാണ് പുതുമകള്‍ വന്നിരിക്കുന്നത്.
ഡ്രൈവര്‍ക്ക് തളര്‍ച്ച തോന്നുകയാണെങ്കില്‍ കാറിന്റെ സെന്‍സറുകള്‍ക്ക് അത് തിരിച്ചറിയാന്‍ കഴിയും, അതിനനുസരിച്ച് വണ്ടി സ്ലോ ഡൗണ്‍ ചെയ്യുകയും, അലര്‍ട്ടുകള്‍ നല്‍കുകയും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ കോഫി സിംബലുകള്‍ നല്‍കുകയും, സ്റ്റിയറിംഗിന്റെ ആംഗിള്‍ നിരീക്ഷിക്കുകയും ചെയ്യും. ഡ്രൈവറുടെ ആക്‌സിലററേറ്റിലുള്ള കാലിന്റെ ചലനം പോലും നിരീക്ഷിക്കാന്‍ കഴിയുന്ന സംവിധാനമാണ് വരാന്‍ പോകുന്നത്.
എന്തിനധികം പറയുന്നു, ഡ്രൈവറുടെയും അടുത്തിരിക്കുന്ന ആളുടെയും കണ്ണുകളും കൂടി നിരീക്ഷിക്കുന്നു ഈ സിസ്റ്റം. അവരുടെ ശ്രദ്ധ വണ്ടി ഓടിക്കുന്നതിലാണോ എന്നറിയാന്‍ കഴിയും. കൈകള്‍ സ്റ്റിയറിംഗില്‍ അല്ലെങ്കില്‍ സെന്‍സറുകള്‍ ഡ്രൈവറെ അലര്‍ട്ട് ചെയ്യും. അതുപോലെ ആയുധങ്ങളുണ്ടെങ്കിലോ, ചില സാഹചര്യങ്ങളില്‍ സംശയാത്മകമായ പെരുമാറ്റം ആരുടെയെങ്കിലും ഭാഗത്ത് നിന്നുണ്ടാകുകയോ ചെയ്താല്‍ സെന്‍സറുകള്‍ അതും തിരിച്ചറിഞ്ഞ് കാറിലുള്ളവരെ അറിയിക്കും. 16 ഹെര്‍മന്‍ സ്പീക്കറുകളാകും ഇവിക്ക് ഉണ്ടാകുക.