Banking & Finance

പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

ആര്‍ബിഐ പണനയ സമീപനം ന്യൂട്രല്‍ ആക്കിയതാണ് ഇത്തവണയുണ്ടായ പ്രഖ്യാപനങ്ങളില്‍ പ്രധാനം

പത്താം തവണയും തുടര്‍ച്ചയായി പോളിസി നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനമായി. മോണിറ്ററി പോളിസി കമ്മിറ്റിയിലെ (എംപിസി) 6 അംഗങ്ങളില്‍ 5 അംഗങ്ങളുടെ സമ്മതത്തോടെയാണ് പോളിസി നിരക്ക് 6.5 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ആര്‍ബിഐ പണനയ സമീപനം ന്യൂട്രല്‍ ആക്കിയതാണ് ഇത്തവണയുണ്ടായ പ്രഖ്യാപനങ്ങളില്‍ പ്രധാനം. ഇത് ഭാവിയില്‍ പലിശ നിരക്ക് കുറയ്ക്കാം എന്ന പ്രതീക്ഷ നല്‍കുന്നു. കൂടാതെ പണലഭ്യതയില്‍ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്ന സൂചനയും ഇതിലടങ്ങിയിരിക്കുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിഗമനം 7.2 ആയി ആര്‍ബിഐ നിലനില്‍ത്തിയിട്ടുമുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ 50 ബേസിസ് പോയിന്റ് കുറച്ചിട്ടും ആര്‍ബിഐ തല്‍സ്ഥിതി നിലനിര്‍ത്തുകയായിരുന്നു.ചില വികസിത രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകളും അവരുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ ദ്വൈമാസ ധനനയം പ്രഖ്യാപിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്, റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനമായി.

2023 ഫെബ്രുവരി മുതല്‍ ബെഞ്ച്മാര്‍ക്ക് പലിശ നിരക്കില്‍ ആര്‍ബിഐ തല്‍സ്ഥിതി നിലനിര്‍ത്തിവരികയാണ്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശക്തമായി തുടരുമ്പോഴും ഉയര്‍ന്ന ഭക്ഷ്യ പണപ്പെരുപ്പം ആര്‍ബിഐ നിരീക്ഷിക്കുകയാണെന്ന് ദാസ് പറഞ്ഞു. പുനഃസംഘടിപ്പിച്ച എംപിസിയുടെ ആദ്യ യോഗമായിരുന്നു ഇത്. രാം സിംഗ്, സൗഗത ഭട്ടാചാര്യ, നാഗേഷ് കുമാര്‍ എന്നിവരാണ് പുതുതായി നിയമിതരായ മൂന്ന് ബാഹ്യ അംഗങ്ങള്‍. കഴിഞ്ഞ മാസമാണ് എംപിസി സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version