Business & Corporates

ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനം മാറുന്നു

2025- 26 വര്‍ഷത്തില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഈ കാര്യം അറിയിച്ചത്

ചെറുകിട വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ വലിയ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2025- 26 വര്‍ഷത്തില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഈ കാര്യം അറിയിച്ചത്. വ്യവസായങ്ങളുടെ നിക്ഷേപത്തിന്റെ കാര്യത്തില്‍ രണ്ടര മടങ്ങും വിറ്റുവരവിന്റെ കാര്യത്തില്‍ രണ്ട് മടങ്ങും വര്‍ദ്ധനവാണ് പുതിയ നിര്‍വചനം അനുസരിച്ച് വരുത്തിയിരിക്കുന്നത്. നിര്‍വചനത്തിലെ ഈ മാറ്റങ്ങള്‍ 2025 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

പുതിയ നിര്‍വചനമനുസരിച്ച് സൂക്ഷ്മ സംരംഭം എന്നാല്‍ പ്ലാന്റിലും മെഷിനറിയിലും ഉപകരണങ്ങളിലും ഉള്ള നിക്ഷേപം രണ്ടര കോടി രൂപ അധികരിക്കാതെയും വാര്‍ഷിക വിറ്റു വരവ് പത്ത് കോടി അധികരിക്കാതെയും ഉള്ളവയാണ്. നേരത്തെ ഇത് യഥാക്രമം 1 കോടി രൂപയും 5 കോടി രൂപയും ആയിരുന്നു.

എന്നാല്‍ പ്ലാന്റ്, മെഷീനറി, ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം 25 കോടിയില്‍ അധികരിക്കാതെ ഇരിക്കുകയും വാര്‍ഷിക വിറ്റ് വരവ് 100 കോടിയില്‍ അധികരിക്കാതിരിക്കുകയും വേണം. (നേരത്തെ ഇത് യഥാക്രമം 10കോടിയും 50 കോടിയും ആയിരുന്നു).

എന്നാല്‍ പ്ലാന്റ് മെഷിനറി, ഉപകരണങ്ങള്‍ എന്നിവയിലെ നിക്ഷേപം 125 കോടിയില്‍ അധികരിക്കാതിരിക്കുകയും വിറ്റു വരവ് 500 കോടിയില്‍ അധികരിക്കാതിരിക്കുകയും വേണം. (നേരത്തെ ഇത് യഥാക്രമം 50 കോടിയും 250 കോടിയും ആയിരുന്നു) ഇവയ്ക്കു മുകളില്‍ വരുന്നവയെയെല്ലാം വന്‍കിട സംരംഭങ്ങളായാണ് കണക്കാക്കുന്നത്. സംയുക്ത മാനദണ്ഡങ്ങളില്‍ ഏതെങ്കിലും ഒരു മാനദണ്ഡത്തില്‍ വ്യത്യാസം വന്നാല്‍ കാറ്റഗറിയും മാറും. എന്നിരുന്നാലും ഒരു സ്ഥാപനത്തിന് ഉയര്‍ന്ന കാറ്റഗറിയില്‍ മാത്രമേ മാറാന്‍ കഴിയൂ. കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് അതിന്റെ മൂല്യം ഒഴിവാക്കി കൊണ്ടുള്ള വിറ്റു വരവ് മാത്രമേ കണക്കാക്കുകയുള്ളൂ.

  • സ്ഥാപനങ്ങളുടെ ശേഷി ഉയര്‍ത്തുന്നതില്‍ കാര്യക്ഷമത കൈവരിക്കുക.
  • മികച്ച സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുക.
  • മെച്ചപ്പെട്ട ക്യാപ്പിറ്റല്‍ ലഭ്യമാക്കുക.

ചെറുകിട വ്യവസായങ്ങള്‍ക്ക് നല്‍കിവരുന്ന ഉദ്യം രജിസ്ട്രേഷനില്‍ മാറ്റം വരുത്തിയിട്ടില്ല. സംരംഭകര്‍ക്ക് രാജ്യത്താകമാനം ഒരു യുണീക് നമ്പര്‍ ആണ് ഉദ്യം രജിസ്ട്രേഷന്‍ വഴി ലഭിക്കുക. സര്‍ക്കാര്‍ സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കെല്ലാം ഇപ്പോള്‍ ഉദ്യം രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.

എസ്എസ്ഐ രജിസ്ട്രേഷന്‍ സംരംഭകര്‍ക്ക് സുപരിചിതമാണ്. അത് പരിഷ്‌കരിച്ച് എംഎസ്എംഇ മെമ്മോറാണ്ടം, ഉദ്യോഗ് ആധാര്‍ എന്നീ രജിസ്ടേഷനുകള്‍ എസ്എസ്ഐയുടെ സ്ഥാനത്ത് നല്‍കി വന്നു. നിലവിലുള്ള ചെറുകിട വ്യവസായങ്ങളുടെ രജിസ്ട്രേഷന്‍ ഉദ്യം രജിസ്ട്രേഷന്‍ ആണ്. 2020 ജൂലൈ ഒന്നുമുതലാണ് ഉദ്യം രജിസ്ട്രേഷന്‍ നിലവില്‍ വന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നുണ്ടെങ്കില്‍ നേടിയിരിക്കേണ്ട ഒരു രജിസ്ട്രേഷന്‍ ആണ് ഇത്. ഇത് ഒരു സ്റ്റാറ്റിയൂട്ടറി രജിസ്ട്രേഷന്‍ അല്ല.

എന്നാല്‍ ചില ആനുകൂല്യങ്ങളും സംരക്ഷണവും ലഭിക്കുന്നതിന് ഈ രജിസ്ട്രേഷന്‍ ആവശ്യമാണ്. ഉദാഹരണമായി ബാങ്ക് വായ്പകള്‍ക്ക് പലിശ ആനുകൂല്യങ്ങള്‍, മുന്‍ഗണന, ടെന്‍ഡര്‍ സൗജന്യങ്ങള്‍, സബ്സിഡി എന്നിവ. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തി ഓണ്‍ലൈനായി പുതിയ ഉദ്യം രജിസ്ട്രേഷന്‍ എടുക്കാവുന്നതാണ്. ഉദ്യം രജിസ്ട്രേഷന്‍ പോര്‍ട്ടറില്‍ കയറി സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിക്കാം. രേഖകള്‍ ഒന്നും തന്നെ അപ്ലോഡ് ചെയ്യേണ്ടതില്ല.

ആധാറുമായി തന്റെ സംരംഭത്തെ ബന്ധപ്പെടുത്തുന്നു എന്നുള്ളതാണ് ഉദ്യം രജിസ്ട്രേഷന്റെ പ്രധാന സവിശേഷത. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ രജിസ്ട്രേഷന്‍ നമ്പറും തുടര്‍ന്ന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. പോര്‍ട്ടലില്‍ കാണുന്ന രജിസ്ട്രേഷന്‍ ഫോമില്‍ സൗജന്യമായി അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിക്കാം.

ഒരുവ സംരംഭകന്‍ ഒന്നില്‍ കൂടുതല്‍ ഉദ്യം രജിസ്ട്രേഷന്‍ എടുക്കാന്‍ പാടില്ല. ഒന്നില്‍ കൂടുതല്‍ സംരംഭം ഉണ്ടെങ്കിലും ഒറ്റ രജിസ്ട്രേഷനേ അനുവദിക്കൂ. എല്ലാറ്റിന്റെയും വിവരങ്ങള്‍ നിലവിലുള്ള സര്‍ട്ടിഫിക്കറ്റില്‍ തന്നെ ഉള്‍പ്പെടുത്തണം. നിര്‍മ്മാണവും സേവനവും മറ്റ് അധിക പ്രവര്‍ത്തികളും ഉണ്ടെങ്കിലും എല്ലാം ഒരേ രജിസ്ട്രേഷനില്‍ തന്നെ ഉള്‍പ്പെടുത്തണം. ഒരു വ്യക്തിക്ക് ഒരു ആധാര്‍ നമ്പറില്‍ ഒരേ ഒരു ഉദ്യം രജിസ്ട്രേഷന്‍ മാത്രമേ അനുവദിക്കൂ.

നിലവില്‍ ഉദ്യോഗ് ആധാര്‍, എംഎസ്എംഇ മെമ്മോറാണ്ടം, എസ്എസ്ഐ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ നിര്‍ബന്ധമായും ഉദ്യം രജിസ്ട്രേഷന്‍ എടുത്തിരിക്കേണ്ടതാണ്. പ്രവര്‍ത്തനം തുടങ്ങിയതും തുടങ്ങാത്തതുമായ സ്ഥാപനങ്ങള്‍ക്കും ഉദ്യം രജിസ്ട്രേഷന്‍ എടുക്കാം. സ്ഥാപനത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അതത് സമയത്ത് തന്നെ രേഖപ്പെടുത്തി രജിസ്ട്രേഷന്‍ കാലാനുസൃതമായി പുതുക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. മറ്റ് ഏതൊരു സ്ഥാപനത്തിലെ രജിസ്ട്രേഷന്‍ ഉണ്ടെങ്കിലും ഉദ്യം രജിസ്ട്രേഷന്‍ എടുക്കാവുന്നതാണ്. ചെറുകിട സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി അഞ്ചു കോടിയില്‍ നിന്നും 10 കോടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്ര ധനമന്ത്രി.

(സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version