85ാം വയസിലെത്തിയിരിക്കുന്നു ഇന്ത്യയിലെ ഏറ്റവും സെലിബ്രേറ്റഡായ സംരംഭകന്‍ രത്തന്‍ ടാറ്റ. ബിസിനസിനേക്കാള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിലേക്ക് അദ്ദേഹം ഇന്ന് ശ്രദ്ധയൂന്നുന്നു. എന്നാല്‍ ഇതോടൊപ്പം വളരെ സുപ്രധാനമായ ഒരു കര്‍ത്തവ്യം കൂടി അദ്ദേഹം നിര്‍വഹിക്കുന്നുണ്ട്. 154 വര്‍ഷം പഴക്കമുള്ള കുടുംബ ബിസിനസിന്റെ നായകത്വം പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കുക എന്നതാണത്. അവിവാഹിതനായ രത്തന്‍, അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളായ ലിയയെയും മായയെയും നെവിലിനെയുമാണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്. ടാറ്റയുടെ ഈ പുതിയ നായകരെ പരിചയപ്പെടാം…
ഇന്ത്യന്‍ വ്യാവസായിക രംഗത്തെ അതികായനായ രത്തന്‍ ടാറ്റ, ആഗോള കമ്പനിയായ ടാറ്റ സണ്‍സിലെ പരിവര്‍ത്തനാത്മക നേതൃത്വത്തിന്പ്രശസ്തനാണ്. 1990 മുതല്‍ 2012 വരെ അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്ത് ടാറ്റ സണ്‍സ് ഒരു ആഗോള വമ്പനായി വളര്‍ന്നു. ഇന്ത്യയില്‍ ചുവടുറപ്പിച്ച് ആഗോള തലത്തില്‍ വളര്‍ന്ന സ്ഥാപനങ്ങള്‍ കൂടാതെ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) പോലെ വിദേശ വമ്പന്‍മാരെയും സ്വന്തമാക്കി. ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ ശേഷവും ടാറ്റ ഗ്രൂപ്പിനെയും രാജ്യത്തെ ബിസിനസ് ലോകത്തെയാകെയും പ്രചോദിപ്പിക്കുന്ന സംരംഭകനായി രതന്‍ ടാറ്റ തുടരുന്നു. ആദ്യ കാലത്തെ അതേ ആവേശത്തോടെ ചെറുകിട സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നു. 85-ാം വയസ്സില്‍ അദ്ദേഹം തന്റെ ശ്രദ്ധ മനുഷ്യസ്‌നേഹത്തിലേക്ക് മാറ്റി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
ശതകോടികള്‍ വരുന്ന ടാറ്റയെന്ന സാമ്രാജ്യം തനിക്കു ശേഷം എങ്ങനെ വളരണമെന്നും രതന്‍ ടാറ്റയെന്ന ഭാവനാശാലിക്ക് ബോധ്യമുണ്ട്. അതിനായി ടാറ്റയുടെ അടുത്ത തലമുറയെ വളര്‍ത്തിയെടുക്കുന്ന പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമാണ്. ബ്രഹ്‌മാണ്ഡ ബിസിനസ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ തലമുറ – ലിയ, മായ, നെവില്‍ ടാറ്റ എന്നിവരെ – ബിസിനസ്സ് സാമ്രാജ്യത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ സജീവമായി വളര്‍ത്തുന്നത് രതനാണ്. രതന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനായ നോയല്‍ ടാറ്റയുടെ മക്കളാണ് മൂവരും. ഇത്രയും അനുഭവ പരിചയങ്ങള്‍ നിറഞ്ഞ ഒരു ബിസിനസ് ഗുരുവിന്റെ ശിഷ്യരാവാനുള്ള ഭാഗ്യം ഇവര്‍ മൂവരും ചെയ്തിരിക്കുന്നു എന്നുവേണം കരുതാന്‍. ഭാവിയിലെ നേതാക്കളെന്ന സ്ഥാനം ഉറപ്പിച്ച്, 2022 നവംബര്‍ 2-ന്, ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മെഡിക്കല്‍ സെന്റര്‍ ട്രസ്റ്റിന്റെ ബോര്‍ഡില്‍ ലിയയും മായയും നെവിലും അംഗങ്ങളാക്കപ്പെട്ടു.
156 വര്‍ഷം പഴക്കമുള്ള ബിസിനസിന്റെ അടുത്ത തലമുറ നേതാക്കളായുള്ള അവരോധം കൂടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. നോയല്‍ ടാറ്റയുടെ മൂത്ത മകളായ ലിയ ടാറ്റ, താജ് ഹോട്ടല്‍സ് റിസോര്‍ട്ട്‌സ് ആന്‍ഡ് പാലസസില്‍ അസിസ്റ്റന്റ് സെയില്‍സ് മാനേജരായി പ്രൊഫഷണല്‍ യാത്ര ആരംഭിച്ചു. മാഡ്രിഡിലെ ഐഇ ബിസിനസ് സ്‌കൂളിലെ വിദ്യാഭ്യാസത്തെത്തുടര്‍ന്ന് ലിയ സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അനുഭവം നേടി. തുടര്‍ന്ന്, ടാറ്റ ഗ്രൂപ്പ് ഓഫ് ഹോട്ടലുകളുടെ മാനേജ്മെന്റിലും പ്രവര്‍ത്തനത്തിലും മേല്‍നോട്ടം വഹിക്കുന്ന പ്രധാന സ്ഥാപനമായ ഇന്ത്യന്‍ ഹോട്ടല്‍ കമ്പനിക്കുള്ളിലെ സുപ്രധാന റോളിലേക്ക് അവര്‍ എത്തിയിരിക്കുന്നു.
ലിയ ടാറ്റയുടെ ഇളയ സഹോദരി മായ ടാറ്റ, രത്തന്‍ ടാറ്റയുടെ നേതൃത്വത്തില്‍ ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടില്‍ തന്റെ പ്രൊഫഷണല്‍ യാത്ര ആരംഭിച്ചു. പോര്‍ട്ട്‌ഫോളിയോ മാനേജരായും ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് പ്രതിനിധിയായും സേവനമനുഷ്ഠിച്ചു. വാര്‍വിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബയേസ് ബിസിനസ് സ്‌കൂളില്‍ നിന്നും ബിരുദം നേടിയ മായ ടാറ്റ ഗ്രൂപ്പിനുള്ളിലെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സംഭാവന നല്‍കിയിട്ടുണ്ട്. ടാറ്റ ക്യാപിറ്റലിലെ പ്രവര്‍ത്തനത്തിന് ശേഷം അവര്‍ അടുത്തിടെ ടാറ്റ ഡിജിറ്റലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത് ശ്രദ്ധേയമാണ്.
നോയല്‍ ടാറ്റയുടെ ഇളയ മകന്‍ നെവില്‍ ടാറ്റ ബയേസ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിരുദമെടുത്തു. അദ്ദേഹം നിലവില്‍ ട്രെന്റ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ തലവനാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ്സൈഡ്, സ്റ്റാര്‍ ബസാര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ബ്രാന്‍ഡുകളുടെ മാനേജ്മെന്റിന്റെ മേല്‍നോട്ടം വഹിക്കുന്ന മാതൃ സ്ഥാപനമായി ഈ കമ്പനി പ്രവര്‍ത്തിക്കുന്നു. തന്റെ മൂത്ത സഹോദരിമാരുടെ പാത പിന്തുടര്‍ന്ന്, നെവില്‍ ടാറ്റ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ വിപുലമായ പോര്‍ട്ട്‌ഫോളിയോയ്ക്കുള്ളില്‍ ഒന്നിലധികം സംരംഭങ്ങളില്‍ സജീവമായി ഭാഗധേയത്വം വഹിക്കുന്നുണ്ട്.
ലിയ, മായ, നെവില്‍ എന്നിവര്‍ ടാറ്റ ഗ്രൂപ്പിന്റെ ഭാസുരമായ ഭാവിയെ പ്രതിനിധീകരിക്കുന്നു. രത്തന്‍ ടാറ്റയുടെ മാര്‍ഗനിര്‍ദേശം നേതൃത്വപരമായ റോളുകളിലേക്കുള്ള തടസ്സമില്ലാത്ത മാറ്റം ഉറപ്പാക്കുന്നു. അവര്‍ തുടര്‍ന്നും പഠിക്കുകയും സംരംഭത്തിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു. ടാറ്റയുടെ പൈതൃകം പ്രാപ്തിയുള്ള കൈകളിലാണെന്ന ശക്തമായ സന്ദേശം നല്‍കാന്‍ മൂവര്‍ക്കും സാധിച്ചിട്ടുണ്ട്.
എമേര്‍ജിംഗ് ലീഡര്‍ ലിയ ടാറ്റ
നോയല്‍ ടാറ്റയുടെയും അന്തരിച്ച ടാറ്റ ഗ്രൂപ്പ് മേധാവി സൈറസ് മിസ്ത്രിയുടെ സഹോദരി ആലു മിസ്ത്രിയുടെയും മൂത്ത മകളായി ജനിച്ച ലിയ, ബിസിനസ് പശ്ചാത്തലമുള്ള മാതാപിതാക്കളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്നു. മാഡ്രിഡിലെ ഐഇ ബിസിനസ് സ്‌കൂളില്‍ മാര്‍ക്കറ്റിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം 2010-ല്‍ ലൂയി വൂട്ടണില്‍ മൂന്ന് മാസത്തെ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കി. കഴിഞ്ഞ പത്ത് വര്‍ഷമായി ടാറ്റയുടെ ഇന്ത്യന്‍ ഹോട്ടല്‍സിനായാണ് ലിയ സമയവും അധ്വാനവും നീക്കി വെച്ചത്. നേതൃപരമായ സ്ഥാനങ്ങള്‍ വഹിച്ചു.
2006-ല്‍ താജ് ഹോട്ടല്‍ റിസോര്‍ട്ട്സ് ആന്‍ഡ് പാലസിന്റെ അസിസ്റ്റന്റ് സെയില്‍സ് മാനേജരായാണ് കരിയര്‍ ആരംഭിച്ചത്. ഇപ്പോള്‍ താജ് ഹോട്ടല്‍സില്‍ ഡെവലപ്മെന്റ് ആന്‍ഡ് എക്സ്പാന്‍ഷന്‍ മാനേജരാണ് ലിയ. താജ് ഗ്രൂപ്പിന്റെ പുതിയ വളര്‍ച്ചാ തന്ത്രത്തിന് ചുക്കാന്‍ പിടിക്കുന്നത് ലിയയാണ്. കൊല്‍ക്കത്തയില്‍ കാന്‍സര്‍ ആശുപത്രി നടത്തിപ്പിന്റെ ചുമതലയുള്ള ടാറ്റ മെഡിക്കല്‍ സെന്റര്‍ ട്രസ്റ്റിന്റെ (ടിഎംസിടി) ട്രസ്റ്റിയായി 2022 ലാണ് ലിയ തെരഞ്ഞെടുക്കപ്പെടുന്നത്. ലിയയുടെ ഇളയ സഹോദരങ്ങളായ മായയും നെവിലും ഈ ട്രസ്റ്റില്‍ അംഗങ്ങളാക്കപ്പെട്ടിട്ടുണ്ട്.
ഡിജിറ്റല്‍ സ്വപ്നങ്ങളുമായി മായ ടാറ്റ
രത്തന്‍ ടാറ്റയുടെ മരുമകളായ മായ, ടാറ്റ സാമ്രാജ്യത്തിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ പൂര്‍ണമായും സജ്ജയാണ്. നോയല്‍ ടാറ്റയുടെയും ആലു മിസ്ത്രിയുടെയും രണ്ടാമത്തെ മകളാണ് 34 കാരിയായ മായ. ടാറ്റ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനായിരുന്ന സൈറസ് മിസ്ത്രിയുടെ സഹോദരിയും അന്തരിച്ച ശതകോടീശ്വരന്‍ പല്ലോന്‍ജി മിസ്ത്രിയുടെ മകളുമാണ് അമ്മ ആലു മിസ്ത്രി എന്നതിനാല്‍ മായയുടെ മാതൃപരമ്പരയും ബിസിനസ് മേഖലയില്‍ ശ്രദ്ധേയമാണ്.
യുകെയിലെ ബേയേഴ്‌സ് ബിസിനസ് സ്‌കൂളിലും വാര്‍വിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് മായ ടാറ്റ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സഹോദരങ്ങളില്‍ ഏറ്റവും ഇളയവളാണെങ്കിലും, ടാറ്റ ഗ്രൂപ്പിനുള്ളില്‍ മായ തന്റെ കരിയറില്‍ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ടാറ്റ ക്യാപിറ്റലിന്റെ കുടക്കീഴിലുള്ള പ്രമുഖ സ്വകാര്യ ഇക്വിറ്റി ഫണ്ടായ ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടില്‍ നിന്നാണ് മായ പ്രൊഫഷണല്‍ യാത്ര ആരംഭിച്ചത്. പിന്നീട്, ടാറ്റ ഡിജിറ്റലിലേക്ക് കരിയര്‍ മാറ്റി. അവിടെ ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ടാറ്റ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടില്‍ പ്രവര്‍ത്തിച്ച സമയത്ത് പോര്‍ട്ട്ഫോളിയോ മാനേജ്മെന്റിലും നിക്ഷേപക ബന്ധങ്ങളിലും മായയുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. നിലവില്‍, 2011 ല്‍ രത്തന്‍ ടാറ്റ ഉദ്ഘാടനം ചെയ്ത, കൊല്‍ക്കത്ത ആസ്ഥാനമായുള്ള ക്യാന്‍സര്‍ ആശുപത്രിയുടെ മേല്‍നോട്ടം വഹിക്കുന്ന ടാറ്റ മെഡിക്കല്‍ സെന്റര്‍ ട്രസ്റ്റിന്റെ ആറ് ബോര്‍ഡ് അംഗങ്ങളില്‍ ഒരാളായി മായയ്ക്ക് സ്ഥാനമുണ്ട്.
റീട്ടെയ്ലില്‍ സ്റ്റാറായി നെവില്‍ ടാറ്റ
ബിസിനസ് കുടുംബത്തില്‍ നിന്ന് സംരംഭകത്വ മനോഭാവവും മൂല്യങ്ങളും സ്വാംശീകരിച്ചു നെവില്‍ ടാറ്റ. ബയേസ് ബിസിനസ് സ്‌കൂളില്‍ നിന്ന് ബിരുദം നേടിയ നെവില്‍, ബിസിനസ്സ് രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കുന്നത് ഒരു ദൗത്യമായി തന്നെ ഏറ്റെടുത്തു.
തന്റെ മുത്തശ്ശി സിമോണ്‍ ടാറ്റ സ്ഥാപിച്ചതും ഇപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് നോയല്‍ ടാറ്റ നയിക്കുന്നതുമായ ട്രെന്റിന്റെ ഭാഗമായി അദ്ദേഹം. ട്രെന്‍ഡിനു കീഴിലുള്ള പ്രശസ്ത ഫാഷന്‍ റീട്ടെയില്‍ ബ്രാന്‍ഡായ സൂഡിയോ സ്റ്റോറുകളുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം നെവില്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ തന്ത്രപരമായ ദീര്‍ഘവീക്ഷണവും അര്‍പ്പണബോധവും സൂഡിയോയുടെ വളര്‍ച്ചയ്ക്കും വിജയത്തിനും ഗണ്യമായ സംഭാവന നല്‍കി.
വ്യവസായി വിക്രം കിര്‍ലോസ്‌കറിന്റെ മകള്‍ മാനസി കിര്‍ലോസ്‌കറിനെ 2019 ല്‍ നെവില്‍ വിവാഹം കഴിച്ചു. രണ്ട് വമ്പന്‍ ബിസിനസ്സ് കുടുംബങ്ങളുടെ ഒത്തുചേരല്‍ കൂടിയായി ഇത്. നെവില്‍ റീട്ടെയില്‍ ലോകത്ത് കുതിച്ചുയരുമ്പോള്‍ ഭാര്യ മാനസി കിര്‍ലോസ്‌കറും തന്റേതായ വഴിവെട്ടി മുന്നോട്ടുപോയി. പിതാവിന്റെ കിര്‍ലോസ്‌കര്‍ സാമ്രാജ്യത്തില്‍ ഡയറക്ടറായി അടുത്തിടെ മാനസി നിയമിതയായി. ദമ്പതികള്‍ക്ക് ജംഷേത് ടാറ്റ എന്നൊരു മകനുണ്ട്.