ടാറ്റയുടെ കീഴിലുള്ള വ്യത്യസ്ത ഫാഷന്‍ ബ്രാന്‍ഡായ സുഡിയോയുടെ ആശ്ചര്യപ്പെടുത്തുന്ന വിജയം മാതൃകമ്പനിയായ ട്രെന്റിന് ആഗോളമല്‍സരത്തിന് ധൈര്യം നല്‍കിയിരിക്കുന്നു. രണ്ട് വര്‍ഷത്തിനിടെ ടാറ്റ ട്രെന്റിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയ്ക്ക് കരുത്തേകിയതും സുഡിയോ തന്നെ.
ഓരോ മിനിറ്റിലും 90 ടിഷര്‍ട്ടുകള്‍ വില്‍ക്കാന്‍ സാധിക്കുമോ… സാധിക്കുമെന്ന് സുഡിയോ പറയും. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഓരോ മിനിറ്റിലും 90 ടിഷര്‍ട്ടുകള്‍ വിറ്റ് റീട്ടെയ്ല്‍ വിപണിയെ അമ്പരപ്പെടുത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ അഫോര്‍ഡബിള്‍ വസ്ത്ര ബ്രാന്‍ഡായ സുഡിയോ. അതിവേഗമുള്ള ഈ ഹോംഗ്രോണ്‍ ബ്രാന്‍ഡിന്റെ വിജയം മാതൃകമ്പനിയായ ട്രെന്റിന് ആഗോളതലത്തിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍
വരെ ധൈര്യം നല്‍കിയിരിക്കുന്നു.
നോയല്‍ ടാറ്റ നയിക്കുന്ന ട്രെന്റ് കമ്പനിക്ക് കീഴിലുള്ള ബ്രാന്‍ഡാണ് സുഡിയോ. ആഭ്യന്തര വിപണിയിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍ ദുബായില്‍ തുടങ്ങാനുള്ള പദ്ധതിയിലാണ് ട്രെന്റ്. കമ്പനിയുടെ ജനകീയ ബ്രാന്‍ഡായ സുഡിയോ മാത്രം 7,000 കോടി രൂപയുടെ വരുമാനം കൈവരിച്ചതോടെയാണ് ഈ തീരുമാനം.
സിംപിള്‍ സക്‌സസ്
അര്‍ബന്‍ മിഡില്‍ ക്ലാസിന്റെ ഫാഷന്‍ അഭിരുചികള്‍ക്കനുസരിച്ച ബ്രാന്‍ഡ് എന്ന നിലയില്‍ വെസ്റ്റ്‌സൈഡിനെ അവതരിപ്പിച്ച് 1998ലാണ് ടാറ്റ ട്രെന്റിന് തുടക്കം കുറിച്ചത്. എന്നാല്‍ വെസ്റ്റ്‌സൈഡിന്റെ വളര്‍ച്ച ഒച്ചിഴയും പോലെയായിരുന്നു. 1,500 രൂപയായിരുന്നു വസ്ത്രങ്ങളുടെ ശരാശരി വില. കൃത്യമായ സമയത്ത് സ്ട്രാറ്റജി മാറ്റി ടാറ്റ ഗ്രൂപ്പ്. അതോടെ ട്രെന്റ് കുതിച്ചു. അഫോര്‍ഡബിള്‍ ഫാഷന്‍ രംഗത്തേക്ക് സുഡിയോയിലൂടെ കാലെടുത്തുവച്ചു ടാറ്റ. 2016ലായിരുന്നു ബ്രാന്‍ഡ് അവതരിപ്പിച്ചത്, ബെംഗളൂരുവില്‍.
അന്താരാഷ്ട്ര ബ്രാന്‍ഡുകളായ സറയും എച്ച്ആന്‍ഡ്എമ്മുമെല്ലാം ഡോമിനേറ്റ് ചെയ്തിരുന്ന ഫാസ്റ്റ് ഫാഷന്‍ സ്‌പേസിലേക്കാണ് സുഡിയോ എത്തിയത്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ യുവാക്കളുടെ ഹരമാകാന്‍ സുഡിയോയ്ക്ക് പെട്ടെന്ന് സാധിച്ചു. ട്രെന്‍ഡി വസ്ത്രങ്ങള്‍, അതിവേഗം താങ്ങാവുന്ന വിലയില്‍ സാധാരണ ജനങ്ങളിലെക്കെത്തിക്കാന്‍ സാധിച്ചു എന്നതായിരുന്നു വിജയരഹസ്യം.
വളര്‍ച്ച അതിവേഗം
5 ശതമാനമാണ് ഇന്ത്യയില്‍ അത്യാഡംബര വസ്ത്ര വിപണിയുടെ ഉപഭോക്താക്കള്‍. ബാക്കി 95 ശതമാനത്തിന്റെയും വാങ്ങല്‍ തീരുമാനത്തില്‍ വിലയെന്ന ഘടകത്തിന് സ്ഥാനമുണ്ട്. ഇത് മനസിലാക്കി ആ 95 ശതമാനത്തിലേക്ക് ഇറങ്ങാനാണ് സുഡിയോ തീരുമാനിച്ചത്. ഇന്ത്യന്‍ ഫാസ്റ്റ് ഫാഷന്‍ വിപണിയുടെ പ്രത്യേകത ഉയര്‍ന്ന, മികച്ച ഫാഷന്‍ ഡിസൈനുകള്‍ താങ്ങാനാവുന്ന വിലയില്‍ റെഡി-ടു-വെയര്‍ വസ്ത്രങ്ങളാക്കി മാറ്റുന്നതിന്റെ സവിശേഷതയാണ്. ഇത് കൃത്യമായി മനസിലാക്കിയുള്ള തന്ത്രങ്ങള്‍ സുഡിയോയ്ക്ക് ഗുണം ചെയ്തു.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍, ഉയര്‍ന്ന ശ്രേണിയിലുള്ള ഉപഭോക്താക്കളെ ഫോക്കസ് ചെയ്യുന്ന വെസ്റ്റ്‌സൈഡിന് 91 നഗരങ്ങളിലായി 232 സ്റ്റോറുകളാണുള്ളത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2016-ല്‍ അവതരിപ്പിച്ച സുഡിയോയ്ക്ക്, 161 നഗരങ്ങളിലായി 545 സ്റ്റോറുകളുണ്ടെന്ന് ട്രെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
2024 മാര്‍ച്ച് പാദത്തില്‍ വെസ്റ്റ്‌സൈഡ് കൂട്ടിച്ചേര്‍ത്തത് 12 സ്റ്റോറുകളാണ്, എന്നാല്‍ സുഡിയോ തുടങ്ങിയതാകട്ടെ 86 പുതിയ സ്റ്റോറുകളും. 2024 സാമ്പത്തിക വര്‍ഷത്തില്‍ പുതുതായി 46 നഗരങ്ങളിലേക്ക് പ്രവേശിക്കാന്‍ സുഡിയോയ്ക്കായി. 203 പുതിയ സ്റ്റോറുകളാണ് ആ വര്‍ഷം തുടങ്ങിയത്. അഫോര്‍ഡബിള്‍ മെന്‍സ് ബ്രാന്‍ഡായി തുടങ്ങിയ സുഡിയോ പിന്നീട് വിമെന്‍ ക്ലോത്തിംഗ്, കിഡ്‌സ്, ഇന്നര്‍വെയര്‍, പേഴ്‌സണല്‍ കെയര്‍ സെഗ്മെന്റിലേക്കും കടന്നു. അക്‌സസിബിലിറ്റി, അഫോര്‍ഡബിലിറ്റി, അട്രാക്റ്റീവ്പ്രൊഡക്റ്റ് ഓഫറിംഗ്… ഈ മൂന്ന് ഘടകങ്ങളാണ് സുഡിയോയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായി മാറിയത്.
വരുമാനം കൂടുന്നു
വസ്ത്രവിപണിയില്‍ നേരിയ ഇടിവ് അനുഭവപ്പെട്ടപ്പോഴും വളര്‍ച്ച നേടാന്‍ സുഡിയോയുടെ മാതൃകമ്പനിയായ ട്രെന്റിന് സാധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വാര്‍ഷിക വളര്‍ച്ചാനിരക്ക് 45 ശതമാനം വരും. അതിഗംഭീര വളര്‍ച്ചയാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ ട്രെന്റ് കൈവരിച്ചത്. അറ്റ വില്‍പ്പന 50 ശതമാനം വര്‍ധനയോടെ 12,375 കോടി രൂപയായി ഉയര്‍ന്നു. അറ്റാദായം ഏകദേശം നാലിരട്ടി വര്‍ധിച്ച് 1,477 കോടി രൂപയിലുമെത്തി.
ഓഹരിയിലും കുതിപ്പ്
സുഡിയോയുടെ വളര്‍ച്ചാകുതിപ്പില്‍ ട്രെന്റിന്റെ ഓഹരിയും കുതിച്ചു. പോയ വര്‍ഷം 192 ശതമാനം നേട്ടമാണ് ട്രെന്റ് ഓഹരി നല്‍കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് 305 ശതമാനം വരും. ഇതേ കാലയളവില്‍ സെന്‍സക്‌സ് മൊത്തം നല്‍കിയ ശരാശരി നേട്ടം 10 ശതമാനവും 18 ശതമാനവുമാണ്. ഈ കാലയളവില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടാറ്റ കമ്പനിയും ട്രെന്റ് തന്നെയാണ്. ഫ്രഷ് ഫുഡ്, ആന്‍ഡ് ഗ്രോസറി ശൃംഖലയായ സ്റ്റാര്‍ ബാസാറാണ് ട്രെന്റിന് കീഴിലുള്ള മറ്റൊരു ബ്രാന്‍ഡ്.