ഇന്ത്യയില്‍ ഐഫോണ്‍ ഒഴികെ മറ്റ് ആപ്പിള്‍ ഉപകരണങ്ങളുടെ വില്‍പന ഇടിഞ്ഞേക്കാം എന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. മാക്, ഐപാഡുകള്‍, എയര്‍പോഡുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കുറഞ്ഞേക്കാം. അതേസമയം ഐഫോണുകളുടെ ഡിമാന്റ് ഇന്ത്യയില്‍ വര്‍ധിച്ചു വരുന്നെന്നാണ് വിലയിരുത്തല്‍.
2023ല്‍ മാക് സിസ്റ്റത്തിന്റെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി 15 മുതല്‍ 18 ശതമാനം വരെയും, ഐപാഡുകളുടെ ഇറക്കുമതി 6 മുതല്‍ 8 ശതമാനം വരെയും കുറയാന്‍ സാധ്യതയുണ്ട്. എയര്‍പോഡുകളുടെയും ആപ്പിള്‍ വാച്ചുകളുടെയും ഇറക്കുമതി പകുതിയിലധികം കുറയുമെന്നും വിദഗ്ധര്‍ പറയുന്നു.
ഇതിന് വിരുദ്ധമായി ഇന്ത്യയിലേക്കുള്ള ഐഫോണിന്റെ ഇറക്കുമതിയില്‍ 50% വര്‍ധനവാണ് വര്‍ഷാവസാനം ഉണ്ടായേക്കുക. മൊത്തം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ 2% ഇടിവ് പ്രതീക്ഷിക്കുന്ന സമയത്താണ് ഐഫോണിന്റെ കുതിച്ചുചാട്ടം.
ഇന്ത്യയില്‍ വില്‍ക്കുന്ന ആകെ സ്മാര്‍ട്ട് ഫോണുകളില്‍ 5% വിപണി വിഹിതം മാത്രമേ ഉള്ളെങ്കിലും വരുമാനത്തില്‍ സാംസംഗിന് പിന്നില്‍ രണ്ടാമതുണ്ട് ആപ്പിള്‍.
