Business & Corporates

ഇന്ത്യയില്‍ സെമികണ്ടക്റ്റര്‍ വിപ്ലവം; 10 ലക്ഷം തൊഴില്‍; ഡിമാന്‍ഡ് ഇവയ്ക്ക്…

ടാലന്റ് സൊലൂഷന്‍സ് കമ്പനിയായ എന്‍എല്‍ബി സര്‍വീസസ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2026 ആകുമ്പോഴേക്കും 10 ലക്ഷം തൊഴിലവസരങ്ങള്‍ ഈ രംഗത്ത് ഇന്ത്യയിലുണ്ടാകും

ക്രിയാത്മകവും അവസരോചിതവുമായ തീരുമാനങ്ങളിലൂടെ സെമികണ്ടക്റ്റര്‍ ഹബ്ബായി മാറാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഇതിലൂടെ തുറക്കപ്പെടുന്നത് വമ്പന്‍ തൊഴിലവസരങ്ങളാണ്. ടാലന്റ് സൊലൂഷന്‍സ് കമ്പനിയായ എന്‍എല്‍ബി സര്‍വീസസ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2026 ആകുമ്പോഴേക്കും 10 ലക്ഷം തൊഴിലവസരങ്ങള്‍ ഈ രംഗത്ത് ഇന്ത്യയിലുണ്ടാകും. സെമി കണ്ടക്റ്റര്‍ ഹബ്ബാകാനുള്ള യാത്രയിലാണ് ഇന്ത്യ. ഈ മേഖലയുമായി ബന്ധപ്പെട്ട് ഏറ്റവും ഡിമാന്‍ഡുള്ള തൊഴിലുകള്‍ ഏതെല്ലാമാണെന്ന് നോക്കാം..

ആഗോളതലത്തിലെ ട്രെന്‍ഡുകള്‍ക്കനുസരിച്ച് നയപരമായ മാറ്റങ്ങള്‍ ചടുലതയോടെ അതിവേഗത്തില്‍ നടപ്പാക്കിയാണ് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം. ഇതില്‍ സമീപകാലത്ത് ഏറ്റവും ശ്രദ്ധേയമായതായിരുന്നു ഇന്ത്യയുടെ സെമികണ്ടക്റ്റര്‍ വിപ്ലവം. ടിവിയും മൊബൈല്‍ ഫോണും ലാപ്ടോപ്പുകളും മുതല്‍ കാറുകളും വിമാനങ്ങളും വരെ ആഗോളതലത്തിലെ ചിപ്പ് ക്ഷാമം മൂലം പ്രതിസന്ധി നേരിട്ടിരുന്നു കോവിഡ് കാലത്ത്. ഈ ചിപ്പ് ക്ഷാമത്തോട് വളരെ വേഗം പ്രതികരിച്ചാണ് ഇന്ത്യ പുതിയ അവസരങ്ങള്‍ തുറന്നത്.

ക്രിയാത്മകവും അവസരോചിതവുമായി തീരുമാനങ്ങളിലൂടെ സെമികണ്ടക്റ്റര്‍ ഹബ്ബായി മാറാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. ഇതിലൂടെ തുറക്കപ്പെടുന്നത് വമ്പന്‍ തൊഴിലവസരങ്ങളാണ്. ടാലന്റ് സൊലൂഷന്‍സ് കമ്പനിയായ എന്‍എല്‍ബി സര്‍വീസസ് അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2026 ആകുമ്പോഴേക്കും 10 ലക്ഷം തൊഴിലവസരങ്ങള്‍ ഈ രംഗത്ത് ഇന്ത്യയിലുണ്ടാകും.

സിലിക്കണ്‍ അധിഷ്ഠിത സെമിക്കണ്ടക്ടര്‍ ചിപ്പുകള്‍ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത് 1947കളിലാണ്, അമേരിക്കയില്‍. അതിനും മുമ്പ് കംപ്യൂട്ടറുകള്‍ ഇക്കാണുന്നതുപോലെയൊന്നുമായിരുന്നില്ല. വാക്വം ട്യൂബുകളും ഡയലുകളും കൊണ്ട് നിര്‍മ്മിച്ച വലിയൊരു യന്ത്രമായിരുന്നു ആദ്യതലമുറ കംപ്യൂട്ടറുകള്‍. സെമിക്കണ്ടക്ടര്‍ ചിപ്പുകള്‍ പുറത്തിറങ്ങിയതോടെയാണ് കാര്യങ്ങള്‍ സുഗമമായത്. വാക്വം ട്യൂബുകള്‍ക്ക് പകരം സെമിക്കണ്ടക്ടര്‍ ചിപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വന്‍ മാറ്റം വന്നു.

ചില സന്ദര്‍ഭങ്ങളില്‍ വൈദ്യുതി കടത്തിവിടുകയും അല്ലാത്തപ്പോള്‍ വൈദ്യുതി കടത്തിവിടാതിരിക്കുകയും ചെയ്യുന്ന പദാര്‍ത്ഥങ്ങളാണ് സെമികണ്ടക്റ്ററുകള്‍. സെമിക്കണ്ടക്ടര്‍ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഇലക്ട്രോണിക് സവിശേഷതകളുള്ള ഇന്റെഗ്രേറ്റഡ് സര്‍ക്യൂട്ടുകളാണ് (ഐസി) സെമിക്കണ്ടക്ടര്‍ ചിപ്പുകള്‍. സെമിക്കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം ആഗോള വാഹന വിപണിയെയും ഇലക്ട്രോണിക് വ്യവസായങ്ങളെയുമെല്ലാം കാര്യമായി ബാധിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് വിവിധ രാജ്യങ്ങള്‍ സെമികണ്ടക്റ്റര്‍ പദ്ധതികള്‍ അതിവേഗം നടപ്പിലാക്കാനൊരുങ്ങിയത്.

സെമികണ്ടക്റ്റര്‍ ഹബ്ബാകാന്‍ ഇന്ത്യ ശ്രമം തുടങ്ങിയതോടെ ആത്മവിശ്വാസം ലഭിച്ച സ്വകാര്യ കമ്പനികള്‍ വന്‍ നിക്ഷേപമാണ് നടത്താനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. സെമികണ്ടക്റ്റര്‍ ചിപ്പ് ഫാബ്രിക്കേഷനുമായി മാത്രം ബന്ധപ്പെട്ട് 3 ലക്ഷം തൊഴിലവസരങ്ങളും അസംബ്ലി, ടെസ്റ്റിങ്, മാര്‍ക്കിങ്, പാക്കേജിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് രണ്ട് ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. എന്‍ എല്‍ ബി സര്‍വീസസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് സെമികണ്ടക്റ്റര്‍ വ്യവസായവുമായി ബന്ധപ്പെട്ട് സൃഷ്ടിക്കപ്പെടുന്ന പ്രധാന തൊഴിലുകള്‍ ഇവയാണ്. പ്രൊസസ് ഇന്റഗ്രേഷന്‍ എന്‍ജിനീയര്‍, സെമികണ്ടക്റ്റര്‍ വേഫര്‍ ഇന്‍സ്‌പെക്റ്റര്‍, ടെക്‌നിക്കല്‍ സ്‌പെഷലിസ്റ്റ്, പ്രിവന്‍ടേറ്റിവ് മെയിന്റനന്‍സ് ടെക്‌നീഷ്യന്‍, ഡിസൈന്‍ എന്‍ജിനീയര്‍, പ്രൊസസ് എന്‍ജിനീയര്‍, കണ്‍ട്രോള്‍ സ്‌പെഷലിസ്റ്റ്…

2021 ഡിസംബറിലാണ് ഇന്ത്യയുടെ സെമികണ്ടക്റ്റര്‍ ദൗത്യം സജീവമായത്. ആഭ്യന്തര സെമികണ്ടക്റ്റര്‍ നിര്‍മ്മാണ ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യത്ത് സെമികണ്ടക്റ്റര്‍ ഡിസ്‌പ്ലേ നിര്‍മ്മാണ ഇക്കോസിസ്റ്റം വികസിപ്പിക്കുകയെന്നതും ഇതിന്റെ ഭാഗമായിരുന്നു. ഫാബ്‌സ് എന്നറിയപ്പെടുന്ന സെമികണ്ടക്റ്റര്‍ പ്ലാന്റുകളുടെ നിര്‍മാണത്തിനായി മാത്രം ഇന്ത്യ നീക്കിവെച്ചത് 76,000 കോടി രൂപയാണ്. ഫാബ്രിക്കേഷന്‍ പ്ലാന്റുകള്‍ക്കായി ആഗോള സെമികണ്ടക്റ്റര്‍ കമ്പനികളെ രാജ്യത്തേക്ക് ക്ഷണിക്കുകയും നാട്ടിലെ സ്വകാര്യ കമ്പനികള്‍ക്ക് പരമാവധി പ്രോല്‍സാഹനം നല്‍കുന്ന പൊതു-സ്വകാര്യ പദ്ധതികള്‍ നടപ്പാക്കുകയുമാണ് ഇന്ത്യ ചെയ്യുന്നത്.

മൂലധന പിന്തുണ, സബ്‌സിഡികള്‍, നികുതി ഇളവുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി കമ്പനികള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കുന്നു. ടാറ്റ, എച്ച്‌സിഎല്‍, മൈക്രോണ്‍ തുടങ്ങി നിരവധി കമ്പനികള്‍ ഈ രംഗത്ത് വലിയ നിക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ അഞ്ച് കമ്പനികളുടെ സെമികണ്ടക്റ്റര്‍ യൂണിറ്റുകളാണ് സര്‍ക്കാരിന്റെ സെമി കണ്ടക്റ്റര്‍ ദൗത്യം അനുസരിച്ചുള്ള സബ്‌സിഡികള്‍ക്കും ആനുകൂല്യങ്ങള്‍ക്കും യോഗ്യത നേടിയിരിക്കുന്നത്.

ഗുജറാത്തിലെ സനന്ദില്‍ സെമികണ്ടക്റ്റര്‍ യൂണിറ്റ് സ്ഥാപിക്കാനുള്ള മൈക്രോണ്‍ ടെക്‌നോളജിയുടെ പ്രൊജക്റ്റ്, ഗുജറാത്തില്‍ തന്നെയുള്ള ടാറ്റ ഇലക്ട്രോണിക്‌സിന്റെ പ്രൊജക്റ്റ്, അസമിലെ ടാറ്റ സെമികണ്ടക്റ്റര്‍ അസംബ്ലി ആന്‍ഡ് ടെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രൊജക്റ്റ്, ഗുജറാത്തിലെ സനന്ദില്‍ തന്നെ സിജി പവര്‍ വിദേശ കമ്പനികളുമായി സഹകരിച്ച് നടപ്പാക്കുന്ന യൂണിറ്റ്, മൈസൂരു കേന്ദ്രമായുള്ള കെയിന്‍സ് സെമികോണിന്റെ പ്രൊജക്റ്റ് എന്നിവയാണവ.

വൈദ്യുതിയെ ഭാഗികമായി മാത്രം കടത്തി വിടുന്ന പദാര്‍ത്ഥങ്ങള്‍ ആണ് അര്‍ദ്ധചാലകങ്ങള്‍ അഥവാ സെമികണ്ടക്റ്ററുകള്‍. ഇവയുടെ ചാലകത(കണ്ടക്റ്റിവിറ്റി) ചാലകങ്ങളെക്കാള്‍(കണ്ടക്ടര്‍) കുറവും കുചാലകങ്ങളെക്കാള്‍(ഇന്‍സുലേറ്റര്‍)കൂടുതലും ആയിരിക്കും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സാധാരണ താപനിലയില്‍ ചാലകമായ ചെമ്പിന് കുബിക് സെന്റിമീറ്ററില്‍ ഏകദേശം 0.0000017ഓം റെസിസ്റ്റന്‍സും ഇന്‍സുലേറ്റര്‍ ആയ സ്ലേറ്റിന് ഏകദേശം 100000000ഓം റെസിസ്റ്റന്‍സും ഉള്ളപ്പോള്‍ അതേ താപനിലയില്‍ അര്‍ദ്ധചാലകമായ ജെര്‍മേനിയത്തിന് ഏകദേശം 60ഓം ആയിരിക്കും റെസിസ്റ്റന്‍സ്.

സിലിക്കണ്‍, ജെര്‍മേനിയം തുടങ്ങിയ മൂലകങ്ങള്‍ അര്‍ദ്ധചാലകങ്ങള്‍ക്കുദാഹരണമാണ്. ഇലക്ട്രോണിക്‌സ് ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് അര്‍ദ്ധചാലകങ്ങള്‍ വ്യാപകമായി ഉപയോഗിച്ച് വരുന്നത്. താപനില വ്യതിയാനപ്പെടുന്നതിനനുസരിച്ച് അര്‍ദ്ധചാലകങ്ങളുടെ കണ്ടക്റ്റിവിറ്റിയും വ്യത്യാസപ്പെടുന്നു. ഊഷ്മാവില്‍ അര്‍ദ്ധചാലകങ്ങളുടെ ചാലകത വളരെ കുറവാണ്. ഈ സമയം ഇത് ഒരു ഇന്‍സുലേറ്ററിന്റെ സ്വഭാവം കാണിക്കുന്നു.

ഊഷ്മാവ് ഉയരുന്തോറും അര്‍ദ്ധചാലകങ്ങളുടെ ചാലകത വര്‍ദ്ധിക്കുന്നു. അര്‍ദ്ധചാലകങ്ങളുടെ ചാലകത താപനിലക്കനുസരിച്ച് വര്‍ദ്ധിക്കുന്നു. ഈ പ്രതിഭാസത്തെയാണ് അര്‍ദ്ധചാലകപ്രഭാവം എന്നു പറയുന്നത്. 1833-ല്‍ മൈക്കല്‍ ഫാരഡെയാണ് ഈ പ്രതിഭാസം ആദ്യമായി വിശദീകരിച്ചത്.

അര്‍ദ്ധചാലകങ്ങള്‍(സെമികണ്ടക്ടറുകള്‍)ക്ക് ചാലകത ലഭ്യമാക്കാന്‍ പ്രധാനമായി രണ്ടു രീതികളാണ് അവലംഭിക്കുന്നത്, അര്‍ദ്ധചാലകങ്ങളുടെ ആറ്റങ്ങളോട് സഹസംയോജകബന്ധനരീതിയില്‍ ബാഹ്യഷെല്ലില്‍, അഞ്ച് ഇലക്ട്രോണുള്ള ആറ്റം സംയോജിപ്പിക്കുന്നതിലൂടെ, അധികമായി വരുന്ന ഒരു ഇലക്ടോണിനെ ഉപയോഗപ്പെടുത്തിയോ, അര്‍ദ്ധചാലകവുമായി ബാഹ്യഷെല്ലില്‍ മുന്ന് ഇലക്ട്രോണുള്ള ആറ്റവുമായി സംയോജിപ്പിക്കുന്നതിലുടെ സൃഷ്ടിക്കപ്പെടുന്ന ഒരു ഇലക്ട്രോണ്‍കൂടി സ്വീകരിക്കുവാനുള്ള ഇടമോ ആണ് അര്‍ദ്ധചാലകങ്ങളുടെ വൈദ്യുതചാലകതയുടെ നിദാനം, ഇപ്രകാരം ചാലകതവര്‍ദ്ധിപ്പിക്കുന്ന പ്രവൃത്തി ഡോപ്പിങ് എന്നറിയപ്പെടുന്നു. അനുയോജ്യമായ മൂലകങ്ങള്‍ ചേര്‍ത്ത് p ടൈപ്പ് n ടൈപ്പ് എന്നിങ്ങനെ ഡോപ്പ് ചെയ്യാം. ഈ കണ്ടുപിടിത്തമാണ് ഡയോഡ്, ട്രാന്‍സിസ്റ്റര്‍ എന്നിവയുടെ നിര്‍മ്മാണത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version