ജയന്റെ സൂപ്പര്‍ഹിറ്റ് ചിത്രം അങ്ങാടിയും മമ്മൂട്ടിയുടെ ഇതിഹാസ ചിത്രം വടക്കന്‍ വീരഗാഥയുമെല്ലാം മലയാള സിനിമാചരിത്രത്തിന്റെ കൂടി ഭാഗമായ സിനിമകളായിരുന്നു. ഇതുള്‍പ്പടെ നിരവധി സൂപ്പര്‍ഹിറ്റ് മലയാള ചിത്രങ്ങളുടെ ബാനറായിരുന്നു ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്. സിനിമാ നിര്‍മാണ മേഖലയില്‍ പിവിജി എന്ന പിവി ഗംഗാധരന്‍ ഗൃഹലക്ഷമിയിലൂടെ കാലത്തിന് മുന്നേ സഞ്ചരിച്ച് നിരവധി ചിത്രങ്ങളുടെ കാരണക്കാരനായി, അനവധി പുരസ്‌കാരങ്ങളും വാങ്ങിക്കൂട്ടി.
സംരംഭകത്വത്തിലും സിനിമാ നിര്‍മാണത്തിലും രാഷ്ട്രീയ മേഖലയിലുമെല്ലാം നിറസന്നിധ്യമായിരുന്നു വിടവാങ്ങിയ പിവി ഗംഗാധരന്‍. മാതൃഭൂമിയില്‍ മുഴുവന്‍ സമയ ഡയറക്റ്ററായിരുന്നു വെള്ളിയാഴ്ച്ച രാവിലെ അന്തരിച്ച പിവിജി. 80 വയസ്സായിരുന്നു അദ്ദേഹത്തിന്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം എഐസിസി അംഗവുമായിരുന്നു. 2011ല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചു.
അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന് കീഴില്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍ ദേശീയ സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടി. 1977ല്‍ സുജാത എന്ന സിനിമ നിര്‍മ്മിച്ചാണ് തുടക്കം. പിന്നീട് ഒരു വടക്കന്‍ വീരഗാഥ, അങ്ങാടി, അദ്വൈതം, ഏകലവ്യന്‍, ശാന്തം, അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, തൂവല്‍ക്കൊട്ടാരം തുടങ്ങി 22ഓളം സിനിമകളാണ് നിര്‍മ്മിച്ചത്. 2 ദേശീയ ചലച്ചിത്ര അവാര്‍ഡുകളും 5 കേരള സംസ്ഥാന അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിച്ചിട്ടുണ്ട്. 2023ല്‍ പുറത്തിറങ്ങിയ ജാനകി ജാനെ ആയിരുന്നു അദ്ദേഹം നിര്‍മ്മിച്ച അവസാനത്തെ ചിത്രം.
1943ല്‍ കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപക മാധവി സാമിയുടെയും പി വി സാമിയുടെയും മകനായാണ് പിവിജിയുടെ ജനനം. മാതൃഭൂമി പബ്ളിക്കേഷന്‍സ് മാനേജിംജ് എഡിറ്റര്‍ പി വി ചന്ദ്രന്‍ സഹോദരനാണ്.
ബിസിനസ്സ് രംഗത്തും ഒരു വ്യവസായി എന്ന നിലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പിവിജി. എറണാകുളത്തെയും കോഴിക്കോട്ടെയും പിവിഎസ് ആശുപത്രികളുടെയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും ഡയറക്ടറായി പ്രവര്‍ത്തിച്ച അദ്ദേഹം നിര്‍ധനരായവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയും ഇവിടെ ആവിഷ്‌കരിച്ചിട്ടുണ്ട്.
മൂന്ന് തവണ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സാരഥിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്കാലത്താണ് കോഴിക്കാട് വിമാനത്താവള വികസനത്തിനായുള്ള പരിപാടികള്‍ക്ക് പിവിജി നേതൃത്വം നല്‍കിയത്. കെഎസ്എഫ്ഡിസി ചെയര്‍മാന്‍, ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ്, ശ്രീനാരായണ ട്രസ്റ്റ്, ട്രസ്റ്റി, പിവിഎസ് കോളേജ് ഫോര്‍ വിമന്‍, പിവിഎസ് ഹൈസ്‌ക്കൂള്‍, എരഞ്ഞിക്കല്‍, ഡയറക്ടര്‍ ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം, ശ്രീനാരായണ എജുക്കേഷന്‍ സൊസൈറ്റി ഡയറക്ടര്‍, പിവിഎസ് നേഴ്സിംഗ് സ്‌കൂള്‍, കോഴിക്കോട്, എറണാകുളം, പന്തീരാങ്കാവ് ഹൈസ്‌ക്കൂള്‍ പ്രസിഡന്റ് എന്നിങ്ങനെ നിരവധി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിരുന്നു. മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റെ ചുമതലയുള്ള ഡയറക്ടര്‍ കൂടിയായിരുന്നു.
പാരീസ് ആസ്ഥാനമായുള്ള ഫെഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റും തുടര്‍ച്ചയായി 3 തവണ ഈ പദവി വഹിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന ഖ്യാതി നേടാന്‍ പിവിജിക്ക് കഴിഞ്ഞു.