Education

5,000 വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സ് സ്‌കോളര്‍ഷിപ്പ്; കേരളത്തില്‍ നിന്നും അര്‍ഹരായത് 229 പേര്‍

2024-25 വര്‍ഷത്തെ റിലയന്‍സ് ഫൗണ്ടേഷന്‍ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു

  • കേരളത്തില്‍ നിന്നും 229 ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്. മൊത്തം 5000 വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായിരിക്കുന്നത്.

ധീരുബായ് അംബാനിയുടെ 92ാമത് ജന്മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയന്‍സ് ഫൗണ്ടേഷന്റെ പ്രശസ്തമായ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകളുടെ 2024-25 വര്‍ഷത്തെ ഫലം പ്രഖ്യാപിച്ചു. രാജ്യവ്യാപകമായി 1000,000 അപേക്ഷകളില്‍നിന്ന് 5000 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തില്‍ നിന്ന് 229 പേര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂര്‍ണ്ണവുമായ സ്‌കോളര്‍ഷിപ്പ് പദ്ധതികളിലൊന്നാണിത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ സ്‌കോളര്‍ഷിപ്പ് പദ്ധതിയും ഇതാണ്. ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയാണ് ഗ്രാന്റ് ലഭിക്കുക.

വിവിധ സംസ്ഥാനങ്ങളിലെ 1,300 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 100,000ത്തോളം വിദ്യാര്‍ത്ഥികള്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചു. ഇതില്‍ നിന്നാണ് 5000 പേരെ തിരഞ്ഞെടുത്തത്. അഭിരുചി പരീക്ഷയിലെ പ്രകടനവും 12ാം ക്ലാസിലെ മാര്‍ക്കും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡങ്ങളായിരുന്നു. തിരഞ്ഞെടുത്ത 70% വിദ്യാര്‍ത്ഥികളുടെയും വാര്‍ഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയാണ്.

ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നല്‍കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനാണ് റിലയന്‍സ് ഫൗണ്ടേഷന്‍ ബിരുദ സ്‌കോളര്‍ഷിപ്പുകള്‍ ലക്ഷ്യമിടുന്നത്. ഇത് വിദ്യാര്‍ത്ഥികളെ സാമ്പത്തിക ബാധ്യതയില്ലാതെ ബിരുദ പഠനം തുടരാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നു-റിലയന്‍സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

2022 ഡിസംബറില്‍, ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാര്‍ഷിക വേളയില്‍, യുവാക്കളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 50,000 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അതിന് ശേഷം ഓരോ വര്‍ഷവും 5000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും 100 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിവരുന്നുണ്ട്.

‘അസാധാരണ കഴിവുകളുള്ള യുവമനസുകളെ അംഗീകരിക്കുന്നതിലും പിന്തുണയ്ക്കുന്നതിലും ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. റിലയന്‍സ് ഫൗണ്ടേഷന്‍ അണ്ടര്‍ ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പിലൂടെ തങ്ങളുടെ മുഴുവന്‍ സ്‌കില്ലും പുറത്തെടുത്ത് വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കാനും, ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി അവരുടെ സേവനം ഉറപ്പാക്കാനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അവസരങ്ങളുടെ വലിയ ലോകം തുറക്കാനുള്ള താക്കോലാണ് വിദ്യാഭ്യാസം. വിദ്യാര്‍ത്ഥികളുടെ ഈ വലിയ യാത്രയുടെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,,’ റിലയന്‍സ് ഫൗണ്ടേഷന്‍ വക്താവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version