ഏഴ് പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുണ്ട് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അസ്വാനി ലച്ച്മണ്‍ദാസ് ഗ്രൂപ്പിന്. ഐടിസി ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരായി 1950കളില്‍ ബിസിനസ് രംഗത്തേക്കിറങ്ങിയ അസ്വാനി കുടുംബം ഇന്ന് റേമണ്ട്, ജോക്കി, ഫസ്റ്റ്‌ക്രൈ, നാച്ചുറല്‍സ് എന്നിങ്ങനെ നിരവധി പ്രശസ്ത ബ്രാന്‍ഡുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു. ദീപക് എല്‍ അസ്വാനിയാണ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററും. എന്നാല്‍ ഈ ബിസിനസ് ഗ്രൂപ്പിന്റെ ടെക്‌സ്റ്റൈല്‍ ഡിവിഷന് നേതൃത്വം നല്‍കുന്നത് പ്രശസ്ത സംരംഭകയും അദ്ദേഹത്തിന്റെ പത്‌നിയുമായ ജ്യോതി അസ്വാനിയാണ്. ഇത്രയും പാരമ്പര്യം പേറുന്ന ഒരു വലിയ ബിസിനസ്ശൃംഖലയെ മികച്ച മാനേജ്മെന്റ് വൈഭവത്തോടെ നയിക്കുന്ന ജ്യോതി അസ്വാനിയാണ് ദ പ്രോഫിറ്റ് ‘ഷീപ്രണറില്‍’ ഇത്തവണ എത്തുന്നത്. വനിതകള്‍ ബിസിനസില്‍ അത്ര സജീവമാകാത്ത കാലം തൊട്ടേ ബിസിനസ് കേട്ടുശീലിച്ച ജ്യോതി താന്‍ സംരംഭകയായ കഥയും സംരംഭകത്വത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകളുമെല്ലാം ദ പ്രോഫിറ്റിനോട് പങ്കുവെക്കുന്നു. പ്രസക്ത ഭാഗങ്ങള്‍….
ജനിച്ചത് ആഗ്രയിലായിരുന്നല്ലോ. എങ്ങനെയായിരുന്നു കുടുംബ പശ്ചാത്തലവും കുട്ടിക്കാലവുമെല്ലാം. എപ്പോഴാണ് കാണ്‍പൂരിലേക്ക് താമസം മാറിയത്?
എന്റെ അച്ഛന് ഹാര്‍ഡ്‌വേര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന ബിസിനസ് ആയിരുന്നു. ഞങ്ങളുടെ കുടുംബം, എന്റെയും ഭര്‍ത്താവിന്റെയും, വിഭജനത്തിന്റെ വേദനകള്‍ അനുഭവിച്ചവരാണ്. We were the victims of partition. We were forced to leave. ഞങ്ങള്‍ സിന്ധികളായിരുന്നു. കറാച്ചിയിലെ സിന്ധായിരുന്നു ഞങ്ങളുടെ സ്ഥലം. ഹിന്ദു-മുസ്ലിം കലാപം നടക്കുന്ന സമയമായിരുന്നു അത്, ഞങ്ങളുടെ പൂര്‍വ്വികര്‍ എല്ലാവരും വീടും തൊഴിലും ഉപേക്ഷിച്ച്, ഇന്ത്യയലേക്ക് വരാന്‍ നിര്‍ബന്ധിതരായി, അഭയാര്‍ത്ഥികളെപ്പോലെ. പക്കോഡ പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞുകൊണ്ടു വന്നിട്ടുണ്ട് അന്ന് കറാച്ചിയില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയവര്‍ എന്ന് മുത്തശ്ശിമാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ആ കഥകള്‍ കേട്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ആ തലമുറയിലുളളവര്‍ക്ക് ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായിരുന്നു.
പഠിക്കാന്‍ മിടുക്കനായിരുന്നിട്ടുകൂടി എന്റെ അച്ഛന് എട്ടാം ക്ലാസ് വരെയേ പഠിക്കാന്‍ സാധിച്ചുള്ളൂ… കുടുംബത്തിലേക്ക് വരുമാനം കൊണ്ടുവരാനായി വീണ്ടും നാട് വിട്ടു, ആദ്യം ഹോങ്കോംഗിലേക്ക്. പിന്നീട് ജക്കാര്‍ത്തയിലെ സ്ഥാപനത്തില്‍ എക്കൗണ്ടന്റായി ജോലി ചെയ്തു. കണക്കില്‍ മിടുക്കനായിരുന്നു അച്ഛന്‍. ജക്കാര്‍ത്തയില്‍ നിന്ന് വ്യാപാരത്തിന്റെ സൂത്രങ്ങള്‍ പഠിച്ചു. തിരികെ ഇന്ത്യയില്‍ വന്നതിന് ശേഷം സ്വന്തമായി ബിസിനസ് തുടങ്ങുകയായിരുന്നു. കാണ്‍പൂരിലാണ് ബിസിനസ് തുടങ്ങുന്നത്. നേരത്തെ ആഗ്രയിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. ഞാന്‍ ജനിച്ചതും ആഗ്രയിലായിരുന്നു. പിന്നീട് ഞങ്ങളുടെ കുടംബവും കാണ്‍പൂരേക്ക് താമസം മാറി.
വിവാഹം എപ്പോഴായിരുന്നു? ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നുള്ള സപ്പോര്‍ട്ട് എങ്ങനെയായിരുന്നു?
സൗത്ത് ഇന്ത്യയിലെ പോലെയല്ല, നോര്‍ത്ത് ഇന്ത്യന്‍ കുടുംബങ്ങളില്‍ കുറച്ചുകൂടി യാഥാസ്ഥിതിക മനസ്ഥിതിയുള്ളവരായിരുന്നു അന്ന്. 1979ലായിരുന്നു എന്റെ വിവാഹം. സത്യം പറഞ്ഞാല്‍ ഒരു ബിസിനസുകാരനെ വിവാഹം ചെയ്യുന്നതില്‍ അന്നെനിക്ക് വലിയ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഞങ്ങളുടെ അടുത്ത വീട്ടില്‍ താമസിച്ചിരുന്നത് ഒരു എന്‍ജിനീയറുടെ കുടുംബമായിരുന്നു. ഭാര്യയെയും കുട്ടികളെയും അദ്ദേഹം അവധിദിവസങ്ങളില്‍ പുറത്തു കൊണ്ടുപോകും.
എന്നാല്‍ എന്റെ അച്ഛന്‍ അവധിദിവസങ്ങളിലും എക്കൗണ്ട്‌സും കാര്യങ്ങളും നോക്കി ജോലിയില്‍ മുഴുകിയിരുന്നു. അതുകൊണ്ടു തന്നെ ഒരു ബിസിനസുകാരനെ കല്ല്യാണം കഴിക്കണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഇത് അച്ഛനോട് കുട്ടിക്കാലത്ത് പറഞ്ഞിട്ടുമുണ്ട്. പക്ഷെ ബിസിനസുകാരനെത്തന്നെ ഞാന്‍ വിവാഹം കഴിക്കണമെന്നത് അച്ഛന്റെ നിര്‍ബന്ധമായിരുന്നു.
എന്തുകൊണ്ടായിരിക്കാം ഒരു ബിസിനസുകാരനെത്തന്നെ വിവാഹം ചെയ്യണമെന്ന് അച്ഛന്‍ നിര്‍ബന്ധിക്കാനുള്ള കാരണം?
There is scope for growth in business. മറ്റേത് മേഖലയിലാണെങ്കിലും വളര്‍ച്ചയ്ക്ക് ഒരു പരിധിയുണ്ട്. എന്നാല്‍ ബിസിനസില്‍ അങ്ങനെയല്ല. If a businessman puts heart and soul to it, he can grow. അതായിരുന്നു അച്ഛന്റെ ചിന്താഗതി.
ആ തീരുമാനം ശരിയായെന്ന് പിന്നീട് തോന്നിയോ?
പിന്നീട് അത് സത്യമാണെന്ന് എന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ചു, മനസിലാക്കി. ഒരിക്കലും അത് എളുപ്പമല്ല, വെല്ലുവിളികള്‍ നിറയെ ഉണ്ടാകും.
സ്വന്തമായി ബിസിനസ് എന്നത് നേരത്തെ മനസിലുണ്ടായിരുന്നോ?
എന്റെ കുടുംബത്തിനെക്കാള്‍ യാഥാസ്ഥിതികമായിരുന്നു എന്നെ വിവാഹം ചെയ്തു കൊടുത്ത കുടുംബം. എന്റെ വീട്ടിലുള്ള സ്ത്രീകള്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനെങ്കിലും പുറത്ത് കടകളില്‍ പോകുമായിരുന്നു. എന്റെ ഭര്‍ത്താവിന്റെ കുടുംബത്തിനും അച്ഛനും സ്ത്രീകള്‍ പുറത്തു പോകുന്നത് ഇഷ്ടമായിരുന്നില്ല. എന്നാല്‍ നമുക്ക് വേണ്ടതെല്ലാം വാങ്ങിച്ചു തരുമായിരുന്നു. മനസിന്റെ കോണിലെവിടെയോ സ്വന്തമായി അധ്വാനിച്ച്നി ലനില്‍പ്പുണ്ടാക്കണമെന്ന് എന്നും ആഗ്രഹിച്ചിരുന്നു. ഒരു പക്ഷെ കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് ഒരു ടീച്ചറായോ, അങ്ങനെ എന്തെങ്കിലും…
അപ്പോള്‍ ബിസിനസ് രംഗത്ത് വന്നില്ലെങ്കില്‍ ഒരു ടീച്ചറാവാനായിരുന്നു ആഗ്രഹം. അല്ലേ?
അന്ന് അങ്ങനെയോരോ ചിന്തകളൊക്കെയുണ്ടായിരുന്നു… ആ പ്രായത്തില്‍.. പിന്നെ ഓരോ ആഗ്രഹങ്ങള്‍ അങ്ങനെ മാറിമാറിവന്നു.
എപ്പോഴാണ് ആദ്യത്തെ ബിസിനസ് സംരംഭം ഏറ്റെടുക്കേണ്ടി വന്നത്?
വിവാഹത്തിന് മുമ്പ് ഞാനൊരു ബ്യൂട്ടീഷ്യന്‍ കോഴ്‌സ് ചെയ്തിരുന്നു. സ്വന്തമായി ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങാം എന്നൊക്കെ വിചാരിച്ചു. വിവാഹശേഷം അതിന് സാധ്യമായില്ല. എങ്കിലും അതുമായി ബന്ധപ്പെട്ട് ക്ലാസെടുത്തു കൊടുക്കാമെന്നും ഒക്കെയായിരുന്നു അന്നത്തെ ആലോചന. കുട്ടികള്‍ മുതിര്‍ന്നതിന് ശേഷം, അവസ്ഥകള്‍ മാറിയപ്പോഴാണ്് ഈ രംഗത്തേക്ക് കടന്നുവരാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിന്റെ അച്ഛന് പ്രായമായപ്പോള്‍, പുറത്തുപോകാനും ചുമതലകള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തവും ഉണ്ടായി. വര്‍ഷങ്ങള്‍ കടന്നുപോയി, എന്റെ ഭര്‍ത്താവിന് ഐടിസിയുടെ ചുമതല ഏറ്റെടുക്കേണ്ടതായി വന്നു. ബോംബെ ഡയിംഗ്, ഐടിസി, റെയ്മണ്ടിന്റെ ഷോപ്പ്… ഇങ്ങനെ മൂന്ന് ബിസിനസുകളാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്, 1986 കാലത്തായിരുന്നു അത്. അതായിരുന്നു ബിസിനസിലേക്കുള്ള എന്റെയും തുടക്കം.
ഭര്‍ത്താവിന്റെ അച്ഛന് അത്രയേറെ പാഷന്‍ ബിസിനസിനോടുണ്ടായിരുന്നു. ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോലും വരില്ലായിരുന്നു. ഞാന്‍ നിര്‍ബന്ധിച്ചാണ് പിന്നീട് ഊണു കഴിക്കാനും കുറച്ചുനേരം വിശ്രമിക്കാനുമായി വീട്ടിലേക്ക് വന്നിരുന്നത്. അന്നത്തെ കാലത്ത് ഞങ്ങള്‍ക്ക് ബിസിനസിനെക്കുറിച്ചൊക്കെ ട്രെയ്‌നിംഗ് കിട്ടിയിരുന്നു. ഞങ്ങളുടേതായിരുന്നു മേല്‍പ്പറഞ്ഞ മേഖലകളിലെ ആദ്യത്തെ സ്റ്റോര്‍. അങ്ങനെ മെറ്റീരിയലുകളെക്കുറിച്ചും കസ്റ്റമറോട് പെരുമാറേണ്ട രീതികളെക്കുറിച്ചുമെല്ലാം മനസിലാക്കാന്‍ സാധിച്ചു.
ഒര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ എന്താണെന്നും ബിസിനസിന്റെ പല വശങ്ങള്‍ എത്തരത്തിലാണെന്നുമെല്ലാം മനസിലാക്കി പിന്നീട് അദ്ദേഹത്തിന്റെ അച്ഛന്റെ മരണശേഷമാണ് കൂടുതല്‍ സമയം ഷോപ്പില്‍ ചെലവഴിക്കേണ്ട സാഹചര്യം ഉണ്ടായത്. മൈ കിംഗ്ഡം (My Kingdom) എന്ന പേരില്‍ ഒരു സമഗ്ര ടെക്‌സ്റ്റൈല്‍ സ്റ്റോര്‍ തുടങ്ങി. അതില്‍ ഞാന്‍ മുഴുവനായും ഇന്‍വോള്‍വ്ഡ് ആയി. വലിയ രീതിയിലാണ് അത് തുടങ്ങിയത്, 2006ല്‍. അന്ന് ഞങ്ങള്‍ക്ക് ബ്യൂട്ടി പാര്‍ലര്‍, കിഡ്‌സ് സ്‌കൂള്‍, ഡാന്‍സ് ഫ്‌ളോര്‍, റെസ്‌റ്റോറന്റ്, ലേഡീസ് സ്റ്റഫ്, ഹോം ഫര്‍ണിഷിംഗ്, കിഡ്‌സ് സെക്ഷന്‍ എല്ലാം ഉണ്ടായിരുന്നു. ഒരു ഡയമണ്ട് ജൂവല്‍റി ഷോപ്പും ഉണ്ടായിരുന്നു. ‘ഡീ ഡമാസ്’ എന്ന പേരിലായിരുന്നു ആ ബ്രാന്‍ഡ്.
അങ്ങനെ ഞങ്ങളതിനെ എല്ലാം ലഭ്യമാകുന്ന വണ്‍സ്‌റ്റോപ് സൊലൂഷന്‍ എന്ന രീതിയില്‍ പൊസിഷന്‍ ചെയ്യാനാണ് ശ്രമിച്ചത്. കോസ്‌മെറ്റിക്‌സ്, ആക്‌സസറീസ്… എല്ലാം അവിടെ ലഭ്യമായിരുന്നു. ഇതായിരുന്നു എന്റെ ആദ്യത്തെ സ്വതന്ത്രബിസിനസ്. ഒരു മൂന്ന് നാല് വര്‍ഷത്തേക്ക് അത് വളരെ നന്നായി തന്നെ പ്രവര്‍ത്തിച്ചു. അതിന് ശേഷമാണ് മെട്രോയുടെ വര്‍ക്കുകള്‍ തുടങ്ങിയത്. ഇതിന് പുറമെ, ഞങ്ങള്‍ക്ക് ഒരു ‘ഡിസ്‌ക്കൗണ്ട് സ്‌റ്റോറും’ ഉണ്ടായിരുന്നു. അതിലും എന്റെ ശക്തമായ പങ്കാളിത്തവും ഇന്‍വോള്‍വ്‌മെന്റും ഉണ്ടായിരുന്നു. 2005ലാണ് അത് തുടങ്ങിയത്.
കൊച്ചി മെട്രോ ബിസിനസിനെ കാര്യമായി ബാധിച്ചോ?
അതെ. മെട്രോ നന്നായി ബാധിച്ചു. അത് കുറച്ച് വിഷമമുള്ള ഘട്ടമായിരുന്നു. ആ സമയത്ത് തന്നെയാണ് ലുലുവും പ്രവര്‍ത്തനം തുടങ്ങിയത്. അതും ബാധിച്ചു. പിന്നെ കോവിഡും വെല്ലുവിളികള്‍ സൃഷ്ടിച്ചു.
എന്തു പ്രതിസന്ധിയാണ് കോവിഡ് സമയത്ത് കമ്പനിക് ഉണ്ടായത്? എങ്ങനെയാണ് അതിനെ മറികടന്നത്?
തീര്‍ച്ചയായും പ്രതിസന്ധി ഉണ്ടായിരുന്നു. പിന്നെ അത് ഒരു കോമണ്‍ ക്രൈസിസ് ആയിരുന്നല്ലോ… ഒരു കാര്യം പറയട്ടെ, ഈ പ്രതിസന്ധികളെല്ലാം വലിയ അനുഭവങ്ങള്‍ കൂടിയാണ് സമ്മാനിക്കുന്നത്, ഒരു ലേണിങ് എക്‌സ്പീരിയന്‍സ്. എല്ലാ സ്ഥലത്തേക്കും ഒറ്റയ്ക്ക് പോകേണ്ടി വന്നിരുന്നു അപ്പോള്‍. അന്ന് ഞാന്‍ ചെയ്ത ജോലികള്‍ 10 മാനേജര്‍മാര്‍ക്ക് സമമാണെന്ന് പലരും പറയുമായിരുന്നു. പക്ഷെ ഒരു തരത്തില്‍ പറഞ്ഞാല്‍ അതൊക്കെ ആസ്വദിച്ചിരുന്നു. എന്നെപ്പോലൊരാള്‍ക്ക്ഒരിക്കലും ഇതൊക്കെ സാധിക്കുമെന്ന് കരുതിയിരുന്നില്ല.
ഒരു ‘വനിതാ സംരംഭക’ ആയതുകൊണ്ട് മാത്രം എപ്പോഴെങ്കിലും വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
തീര്‍ച്ചയായും. എന്റെ സ്റ്റാഫിന്റെ ഭാഗത്തുനിന്നുപോലും സ്വീകാര്യതയുടെ കാര്യത്തില്‍ വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. ഓഫീസിലെത്തുമ്പോള്‍ ഒരു ഗുഡ്‌മോണിംഗ് പറയാന്‍ പോലും പലര്‍ക്കും വിമുഖത ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്, പ്രത്യേകിച്ച് പുരുഷന്മാരുടെ ഭാഗത്തുനിന്ന്. പുരുഷന്മാരായ അവര്‍ എന്തിന് എന്നെ വിഷ് ചെയ്യുന്നു എന്നുള്ള മനോഭാവമായിരുന്നു. അതേസമയം സാറാണെങ്കില്‍ കുഴപ്പമില്ല. പലപ്പോഴും അങ്ങനെ വരുന്ന സാഹചര്യത്തില്‍ അവര്‍ ജോലിത്തിരക്കിലാണെന്ന് ഭാവിക്കുന്നതായും തോന്നിയിട്ടുണ്ട്.
അത്തരം സന്ദര്‍ഭങ്ങളില്‍ വേദന തോന്നിയിരുന്നോ?
തുടക്കത്തില്‍ ചെറുതായിട്ട് തോന്നിയിരുന്നു. പിന്നീട് സാഹചര്യം മനസിലാക്കി. സ്വീകാര്യത നേടിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു. പക്ഷേ ഒരു കാര്യം കൂടി എന്റെ മനസ്സില്‍ ശക്തമായി തോന്നിയിരുന്നു-നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനവും ബിസിനസിനോട് ഗൗരവത്തോടെയുള്ള സമീപനവുമുണ്ടെങ്കില്‍, അവരുടെ അക്‌സപ്റ്റന്‍സ് നേടിയെടുക്കാന്‍ കഴിയും. ഇന്നിപ്പോള്‍ സാഹചര്യം മാറി. അവര്‍ക്കും നമ്മള്‍ പറയുന്നത് അംഗീകരിച്ചേ മതിയാവൂ. കുറച്ച് സമയമെടുക്കുമെന്നേയുള്ളൂ.
എവിടെ നിന്നാണ് പുതിയ ബിസിനസ് ഐഡിയകള്‍ കിട്ടുന്നത്?
അത് വളരെ സിംപിള്‍ അല്ലേ? ഒരു റോക്കറ്റ് സയന്‍സും അതിലില്ല. കണ്ണും കാതും തുറന്നു വെച്ചാല്‍ മാത്രം മതി. ചുറ്റും കാണുക. ആളുകളെ കാണുമ്പോഴും അവരുമായി സംഭാഷണത്തിലേര്‍പ്പെടുമ്പോഴും എന്തിന്, നമ്മളൊരു പുസ്തകം വായിക്കുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം പുതിയതായി എന്തെങ്കിലും കണ്ടെത്താനാണ് നമ്മുടെ ശ്രമം. എന്താണ് മാര്‍ക്കറ്റിലെ ആവശ്യകത, ആളുകള്‍ക്ക് എന്താണ് ആവശ്യം… അത് കൃത്യമായി മനസിലാക്കുക. എന്റെ കൊച്ചുമകനു പോലും ബിസിനസ് വിഷയങ്ങള്‍ വീട്ടില്‍ സംസാരിക്കുമ്പോള്‍ കേള്‍ക്കാന്‍ താല്‍പ്പര്യമാണ്.
കുടുംബത്തിന്റെ പിന്തുണ എത്രത്തോളമാണ് സഹായിച്ചിരിക്കുന്നത്?
കുടംബത്തിന്റെ പിന്തുണ തീര്‍ച്ചയായും ഉണ്ട്. എപ്പോഴും. ഭര്‍ത്താവ് വളരെ സപ്പോര്‍ട്ടീവാണ്. അതുപോലെ തന്നെ കുട്ടികളാണെങ്കിലും. They make you feel good.. അവരുടെ അഭിനന്ദനം എന്നും പ്രചോദനമായി നില്‍ക്കും.
ടെക്‌നോളജിയുടെ വളര്‍ച്ചയെ എങ്ങനെ നോക്കിക്കാണുന്നു? ബിസിനസിന് എത്രത്തോളം അത് സഹായകമായിട്ടുണ്ട്?
തീര്‍ച്ചയായും ടെക്ക്‌നോളജിയുടെ വരവ് കാര്യങ്ങള്‍ വളരെ എളുപ്പമാക്കിയിട്ടുണ്ട്. ഞങ്ങള്‍ക്കും അങ്ങനെതന്നെയാണ്, ബിസിനസിന്റെ വളര്‍ച്ചയ്ക്കായാലും പേഴ്‌സണല്‍ ലൈഫിലായാലും… അത് വലിയ ഒരു മാറ്റം തന്നെയാണ് നമ്മുടെ സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്… പക്ഷെ ചിലപ്പോള്‍ നമ്മളെ അത് ഉത്കണ്ഠപ്പെടുത്തുകയും ചെയ്യും.
You are such a charm-ing entrepreneur… വളര്‍ന്നു വരുന്ന നവസംരംഭകരോട് എന്താണ് പറയാനുള്ളത്?
എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം എപ്പോഴും, പ്രത്യേകിച്ച് സ്ത്രീകള്‍. കുടുംബത്തിന്റെ ചുമതല ഏല്‍ക്കാനുള്ള ഉത്തരവാദിത്തം എന്തായാലും സ്ത്രീകളുടെമേല്‍ തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ നമ്മള്‍ സ്ത്രീകള്‍ ചെറുപ്പമായിരിക്കുമ്പോഴാണ് നമുക്ക് ഏറ്റവും ഊര്‍ജ്ജസ്വലതയുണ്ടാകുക. പക്ഷേ അപ്പോള്‍ തന്നെയാണ് നമുക്ക് കുടുംബത്തിന്റെയും ചുമതല ഏല്‍ക്കേണ്ടി വരിക. ആര്‍ക്കാണ് മുന്‍ഗണന കൊടുക്കുക എന്നത് ഒരു ചോദ്യമാണ്. കുട്ടികള്‍ക്കാണോ അതോ നമ്മുടെ ജോലിക്കാണോ. ഒരു സ്ത്രീയെ സംബന്ധിച്ച്, ഈ ചോയ്‌സുകളെല്ലാം കുറച്ച് വിഷമകരമാകും ചില സാഹചര്യങ്ങളില്‍.
എന്നാല്‍ അതേസമയം ഇത് നടക്കാത്ത ഒരു കാര്യവുമല്ല, പ്രയത്‌നിച്ചാല്‍. ഇന്നത്തെ പെണ്‍കുട്ടികള്‍ എല്ലാ മേഖലകളിലും മികവ് തെളിയിക്കുന്നുണ്ട്, ഞങ്ങളുടെ കാലത്തെ പോലെയല്ല. ഒരു പക്ഷേ ആണ്‍കുട്ടികളെക്കാള്‍ കഴിവുള്ളവരാണ് അവരെന്നും സ്വയം തെളിയിക്കുന്നു സ്ത്രീകള്‍. ഇത് പറയുമ്പോഴും ഒരു കാര്യം എന്നെ വിഷമിപ്പിക്കുന്നുണ്ട്. കുടുംബത്തിന് ഇന്നത്തെ പെണ്‍കുട്ടികള്‍ വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ലേ എന്ന്. പെണ്‍കുട്ടികള്‍ മാത്രമല്ല, പൊതുവെ ഇന്നത്തെ തലമുറയെ കുറിച്ചാണ് ഞാന്‍ പറയുന്നത്. ഇത് സമൂഹത്തിനെയും കുടുംബത്തിന്റെ നിലനില്‍പ്പിനെയും ബാധിക്കും. അതുകൊണ്ട് രണ്ടിനും തുല്യ പ്രാധാന്യം കൊടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. പണം സമ്പാദിക്കുന്നത് മാത്രമല്ല ജീവിതത്തിന്റെ ലക്ഷ്യം. സന്തോഷമായിരിക്കുക എന്നതാണ്.
എങ്ങനെയാണ് ജീവനക്കാരോടുള്ള സമീപനം? ടീമുമായി ഒരു നല്ല ബന്ധം പുലര്‍ത്താനായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്?
ഞങ്ങള്‍ ജീവനക്കാരെ മാനേജ് ചെയ്യുന്ന രീതി hire and fire എന്ന അമേരിക്കന്‍ ശൈലി അല്ല. ഒരു കുടുംബത്തിലുള്ളവരോട് എന്ന പോലെയാണ് ജീവനക്കാരോടുള്ള പെരുമാറ്റം. അവര്‍ക്കുമറിയാം അവര്‍ക്കെന്തെങ്കിലും പ്രശ്‌നങ്ങളോ ആവശ്യങ്ങളോ ഉണ്ടെങ്കില്‍ ഞങ്ങളെ ധൈര്യമായി സമീപിക്കാം, എന്ന്. എത്രയോ കാലമായി ജോലി ചെയ്യുന്നുവരുണ്ട് ഇവിടെ.
ജീവിതത്തിലും ബിസിനസിലും ആരെങ്കിലും പ്രചോദിപ്പിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. എന്റെ അച്ഛനും ഭര്‍ത്താവിന്റെ അച്ഛനുമാണ് എന്റെ റോള്‍ മോഡലുകള്‍ അല്ലെങ്കില്‍ ഇന്‍സ്പിരേഷന്‍. ഒരു കുടുംബം മുഴുവനും നോക്കിയ ആളാണ് എന്റെ അച്ഛന്‍. ബിസിനസ് തുടങ്ങിയതിന് ശേഷം അച്ഛന്റെ എല്ലാ സഹോദരങ്ങളെയും ആഗ്രയില്‍ നിന്ന് കാണ്‍പൂരിലേക്ക് കൊണ്ടുവന്നു. എല്ലാവരെയും ഒരു നിലയിലെത്തിച്ചു. അവരുടെയൊക്കെ വിവാഹം നടത്തി. ഓരോരുത്തര്‍ക്കും വീട് വെച്ചുകൊടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ വരെ. അപ്പോഴും സ്വന്തമായി ഒരു വീട് അച്ഛന് ഉണ്ടായിരുന്നില്ല. ഞങ്ങള്‍ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്.
കുട്ടിക്കാലത്ത് ഞങ്ങളെ അച്ഛന്‍ പുറത്തുകൊണ്ടുപോകുന്നില്ല എന്ന പരാതി എനിക്കുണ്ടായിരുന്നു… പക്ഷെ ഇന്നാലോചിക്കുമ്പോള്‍ കുറച്ചു കൂടി സ്‌നേഹിക്കണമായിരുന്നു അച്ഛനെ എന്നെനിക്കു തോന്നുന്നു. ഭര്‍ത്താവിന്റെ അച്ഛനും എനിക്ക് മാതൃകയായിരുന്നു. മറ്റുള്ളവരോട് അദ്ദേഹം സംസാരിക്കുന്ന, പെരുമാറുന്ന രീതി… ഇതെല്ലാം കണ്ട് പഠിച്ചു. ഓഫീസിലെ ജീവനക്കാരോടും കുട്ടികളോടും സുഹൃത്തുക്കളോടുമെല്ലാം അദ്ദേഹം ഇടപഴകുന്ന രീതി ഞങ്ങള്‍ക്കെല്ലാം മാതൃകയായിരുന്നു. ഒരു അച്ഛനെന്ന നിലയിലും ബിസിനസ്മാനെന്ന നിലയിലും അദ്ദേഹത്തെ കാണുമ്പോള്‍ ആശ്ചര്യം തന്നെയാണ് എനിക്ക് തോന്നിയിരുന്നത്, അതിലേറെ ബഹുമാനവും.
ഞങ്ങളുടെ പ്രസിദ്ധീകരണത്തിന്റെ പേര് പ്രോഫിറ്റ് എന്നാണെന്ന് പറഞ്ഞല്ലോ. ഒരു ആശയമെന്ന നിലയില്‍ താങ്കള്‍ പ്രോഫിറ്റിനെ എങ്ങനെ നിര്‍വചിക്കും?
പ്രോഫിറ്റ് എന്നത് ഒരു തെറ്റായ ആശയമാണ് എന്നതായിരുന്നു പണ്ടത്തെ കാഴ്ച്ചപ്പാട്. അല്ലെങ്കില്‍ അങ്ങനെയാണ് അതിനെ പലരും കണ്ടിരിക്കുന്നത്. ഒരാള്‍ ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്നു എന്ന് പറഞ്ഞാല്‍ അയാള്‍ പാവപ്പെട്ടവരുടെ ചോരയും നീരുമാണ് കവര്‍ന്നെടുക്കുന്നത് എന്ന തോന്നലായിരുന്നു പലര്‍ക്കും.
പാവപ്പെട്ടവരുടെ അധ്വാനത്തിന്റെ വിലയാണ്, പങ്കാണ് മുതലാളിയുടെ ലാഭം എന്ന തരത്തിലുള്ള ചിന്താഗതിയാണ് ഉണ്ടായിരുന്നത്. ഒന്ന് ചിന്തിച്ചു നോക്കൂ… ബിസിനസുകള്‍ ലാഭമുണ്ടാക്കുന്നില്ലെങ്കില്‍, എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുക, പുരോഗതിയുണ്ടാകുക. ഞങ്ങള്‍ തന്നെ പലര്‍ക്കും ജോലി കൊടുക്കുന്നു. അങ്ങനെ വരുമ്പോള്‍ അവരുടെ കുടുംബത്തിന്റെയും അവരുടെയും, അതായത് സമൂഹത്തില്‍ താഴേക്കിടയിലുള്ളവരുടെയും ഉന്നമനമല്ലേ സാധ്യമാകുന്നത്.
അവരുടെ കുടുംബത്തിന്റെ ക്ഷേമവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുകയല്ലേ നമ്മള്‍ ചെയ്യുന്നത്? കമ്പനി ലാഭത്തിലല്ലെങ്കില്‍ ഇതൊന്നും ചെയ്യാന്‍ നമുക്ക് സാധിക്കുകയില്ലല്ലോ… യഥാര്‍ത്ഥത്തില്‍, പ്രോഫിറ്റ് ഇല്ലെങ്കില്‍ ഒന്നും നടക്കുന്നില്ല. ഞാന്‍ പണമുണ്ടാക്കുന്നില്ലെങ്കില്‍, ലാഭമുണ്ടാക്കുന്നില്ലെങ്കില്‍, എനിക്കെങ്ങനെയാണ് മറ്റൊരാളെ സഹായിക്കാന്‍ കഴിയുക? Look at the larger picture of it.. If somebody is killing somebody and making profit, it is a sin.
Thara Kurumathur is a journalist at The Profit