കൃഷിയെ ആത്മാവില്‍ കൊണ്ടുനടക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് മഹാരാഷ്ട്ര സ്വദേശിയായ വിജയ് യെമെല്ലെ. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച വിജ ചെറുപ്പം മുതല്‍ക്ക് കണ്ടു വന്നിരുന്നത് കര്‍ഷക ജീവിതമായിരുന്നു. രാവിലെ എഴുനേറ്റ് വയലില്‍ പോയി നെല്ല് വിതക്കുകയും കാലാവസ്ഥയും കാലവര്‍ഷവും നോക്കി പച്ചക്കറികളും മറ്റും നടുകയും തുടര്‍ന്ന് കൃത്യം ഇടവേളകളില്‍ വിളവെടുപ്പ് നടത്തുകയും ചെയ്യുന്ന കുടുംബത്തിന്റെ രീതികള്‍ കണ്ടാണ് വിജയ് വളര്‍ന്നത്. അതിനാല്‍ തന്നെ കൃഷി എന്നത് വിജയിനെ സംബന്ധിച്ചിടത്തോളം ഒരു വികാരമായിരുന്നു. വലുതാകുമ്പോള്‍ കുടുംബത്തിലെ മുതിര്‍ന്നവരെ പോലെ ഒരു കര്‍ഷകനാകണം എന്നാണ് വിജയ് ആഗ്രഹിച്ചതെങ്കിലും അത് നടന്നില്ല. കാരണം, പഠനം പൂര്‍ത്തിയാകുന്നതിനും ഏറെ മുന്‍പ് തന്നെ വീടും സ്ഥലവുമൊക്കെ വിറ്റ് വിജയുടെ കുടുംബം കര്‍ണാടകയിലെ നവി മുംബൈ എന്ന സ്ഥലത്തേക്ക് ചുവടു മാറിയിരുന്നു. കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്തായിട്ടായിരുന്നു വിജയ് യെമെല്ലെയുടെ കുടുംബത്തിന്റെ കൃഷി ഭൂമി ഉണ്ടായിരുന്നത്.
നവി മുംബൈയില്‍ എത്തിയതോടെ ജീവിതത്തില്‍ നിന്നും കര്‍ഷക ചര്യകള്‍ വിട്ടുമാറി. പകരം മുംബൈ പോലൊരു നഗരത്തിന്റെ ചൂടും ചൂരും ജീവിതത്തിനു വേഗത നല്‍കി എന്ന് പറയുന്നതാകും വാസ്തവം. സ്വന്തം മണ്ണില്‍ കൃഷി ചെയ്തുണ്ടാക്കുന്ന ഫലമൂലാദികള്‍ ഭക്ഷിച്ചു വിശപ്പടക്കുന്ന രീതിക്ക് അവസാനമായി എന്ന് മനസിലാക്കുന്നതിന് കുറച്ചു കാലതാമസമെടുത്തു.പിന്നീട് മുംബൈയുടെ തിരക്കിലേക്ക് വീഴുകയായിരുന്നു വിജയ്. അവിടെയുള്ള സ്‌കൂളില്‍ പഠനം പുനരാരംഭിച്ചു. മാതാപിതാക്കള്‍ മറ്റ് തൊഴിലുകള്‍ കണ്ടെത്തി. മുംബൈ നഗരത്തെപ്പറ്റിയും അവിടെത്തെ കൃഷിരീതിയെപ്പറ്റിയുമെല്ലാം ഇതിനിടക്ക് പഠിച്ചുവെങ്കിലും പിന്തുണക്കാന്‍ ആരുമില്ല എന്ന കാരണത്താല്‍ ആ മോഹങ്ങളെല്ലാം മാറ്റിവയ്ക്കുകയാണുണ്ടായത്. ശേഷം കോളെജില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കി. അപ്പോഴും മനസില്‍ കൃഷി എന്ന ചിന്ത സുലഭമായിരുന്നു.
സിംഗപ്പൂരില്‍ എത്തിയപ്പോഴും മനസില്‍ നിറയെ കൃഷി
എന്നാല്‍ മോഹിച്ചു കിട്ടിയ ജോലി ഉപേക്ഷിച്ച് കൃഷിപ്പണിക്ക് ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ തന്നെ നിരവധിയാളുകള്‍ എതിര്‍പ്പുമായെത്തി. പലര്‍ക്കും പറയാനുണ്ടായിരുന്നത് ഇത്തരത്തില്‍ ചെയ്യുന്നതിന്റെ അപകടസാധ്യതകളെപ്പറ്റി മാത്രമായിരുന്നു. എന്നാല്‍ എന്തുകൊണ്ടോ അതൊന്നും കേള്‍ക്കാന്‍ വിജയ് തയ്യാറല്ലായിരുന്നു. ഒരു കര്‍ഷക സംസ്ഥാനം എന്ന പേര് കേട്ടിട്ടും ആ പേരിനോട് അല്‍പം പോലും മര്യാദ കാണിക്കാതെ വൈറ്റ് കോളര്‍ ജോലിക്ക് പിന്നാലെ അലയുകയാണ് ഇന്നത്തെ യുവത്വം.
അതിനാല്‍ അതില്‍ നിന്നും ഇക്കൂട്ടരെ പിന്തിരിപ്പിക്കുക എന്നത് അസാധ്യമാണ്. താനും അക്കൂട്ടത്തില്‍ വീണു പോയ ഒരു വ്യക്തിയാണ്. എന്നാല്‍ തിരിച്ചറിവുണ്ടായ പക്ഷം കാര്‍ഷിക സംസ്‌കാരത്തിലേക്ക് മടങ്ങിപ്പോകണം എന്നതായിരുന്നു വിജയിന്റെ ആഗ്രഹം. ഇത് പ്രകാരം നീണ്ട 12 വര്‍ഷത്തെ കെമിക്കല്‍ ഇന്ഡസ്ട്രിയിലെ ജീവിതവും സിംഗപ്പൂര്‍ പോലൊരു നഗരത്തിലെ മികച്ച ജീവിത സാഹചര്യങ്ങളും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാന്‍ തന്നെ വിജയ് തീരുമാനിച്ചു.
തിരികെ നാട്ടിലെത്തി പത്തോ പതിനഞ്ചോ ഏക്കര്‍ സ്ഥലം വാങ്ങി അവിടെ പാസിച്ചക്കറിക്കൃഷി തുടങ്ങണം എന്നതായിരുന്നു വിജയ്യുടെ ആഗ്രഹം. എന്നാല്‍ വിധിയുടെ നിയോഗം മറ്റൊന്നായിരുന്നു. വിജയ് നാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ഇവിടുത്തെ കാര്‍ഷിക സാഹചര്യങ്ങള്‍ എല്ലാം മാറി മറഞ്ഞിരുന്നു. കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്നും മികച്ച വരുമാനമൊന്നും ഇല്ലാത്ത അവസ്ഥയായിരുന്നു മഹര്‍ഷ്ട്രയില്‍ നിലനിന്നിരുന്നത്. മാത്രമല്ല, കൃഷി പരാജയപ്പെട്ടത് മൂലം നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. പരമ്പരാഗത കൃഷി രീതികൊണ്ട് ഇനി ഇവിടെ നേട്ടമുണ്ടാക്കാനാവില്ല എന്ന് മനസിലാക്കിയ വിജയ് ആധുനിക കൃഷി രീതികളെക്കുറിച്ച് പഠിക്കുകയാണ് ചെയ്തത്.
മണ്ണില്ലാകൃഷിരീതിയില്‍ മനസ്സ് ഉടക്കുന്നു
കീടനാശിനിയുടെ അമിത പ്രയോഗം നിമിത്തം മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടമായതാണ് കൃഷി പരാജയപ്പെടുന്നതിനുള്ള പ്രധാനകാരണമെന്നു ഇതിനോടകം വിജയ് മനസിലാക്കിയിരുന്നു. അങ്ങനെയാണ് മന്നില്ല കൃഷിരീതിയായ അക്വാപോണിക്‌സിന്റെ സാധ്യതകളെപ്പറ്റി വിജയ് പഠിക്കുന്നത്. അക്വാപോണിക്‌സ് കൃഷി രീതിക്ക് ആ സമയത്ത് മുംബൈ നഗരത്തില്‍ പ്രചാരം വര്‍ധിച്ചു വരുന്ന സമയമായിരുന്നു. അതിനെ ഒരു അവസരമായിക്കണ്ട് വിജയ് അക്വാപോണിക്‌സ് കൃഷി രീതിയില്‍ തന്റെ ഭാഗ്യം പരീക്ഷിച്ചു.
അക്വാപോണിക്‌സ് ജലകൃഷിയില്‍ മത്സ്യങ്ങളെ വളര്‍ത്തുന്ന കുളങ്ങളില്‍ നിന്നുള്ള ജലം ചെടികള്‍ നട്ടിരിക്കുന്ന തടങ്ങളിലേക്ക് പമ്പ് ചെയ്യുന്നു. പോഷക സമ്പന്നമായ ആ ജലത്തില്‍ നിന്നുള്ള ധാതുലവണങ്ങളും മറ്റും ചെടികള്‍ ഒരു അരിപ്പയായി വളര്‍ച്ചയ്ക്കുവേണ്ടി ആഗിരണം ചെയ്യുകയും തുടര്‍ന്ന് തടങ്ങളില്‍ നിന്ന് അരിച്ച് ഊര്‍ന്നിറങ്ങുന്ന ജലം തിരിച്ച് മത്സ്യക്കുളത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നു. ചാക്രികമായി നടക്കുന്ന ഈ പ്രവര്‍ത്തനത്തില്‍ ജലം കുറഞ്ഞ അളവില്‍ മാത്രമേ ആവശ്യം വരികയുള്ളൂ. മണ്ണ് ഇല്ലാതെയും കൃഷി ചെയ്യാനാകുമെന്നതും പ്രധാനസവിശേഷതയാണ്.
ഇത്തരത്തില്‍ തന്റെ ടെറസിലാണ് വിജയ് ആദ്യമായി അക്വാപോണിക്‌സ് പരീക്ഷണം നടത്തിയത്. വിപണിയില്‍ ലഭ്യമായ പച്ചക്കറികളുടെ കൂട്ടത്തില്‍ ഇല വിഭാഗത്തില്‍പെട്ട പച്ചക്കറികളിലാണ് ഏറ്റവും കൂടുതല്‍ വിഷാംശം അടങ്ങിയിട്ടുള്ളത് എന്നതിനാല്‍ തന്റെ ജൈവ കൃഷിയിടത്തില്‍ ഇലക്കറികള്‍ നടക്കുന്നതിനാണ് വിജയ് പ്രാമുഖ്യം നല്‍കിയത്. ഇത് പ്രകാരം ആദ്യവട്ടം വിളവെടുത്തപ്പോള്‍ തന്നെ മികച്ച വരുമാനം ലഭിച്ചു. ടെറസ് ഫാമിംഗില്‍ നേടിയ വിജയമാണ് വിജയിയെക്കൊണ്ട് മഹാരാഷ്ട്രയില്‍ 15 ഏക്കര്‍ സ്ഥലം വാങ്ങിപ്പിച്ചത്. അക്വാപോണിക്‌സ് രീതിയില്‍ കൃഷി ചെയ്യുക എന്നത് തന്നെയായിരുന്നു ഉദ്ദേശം.
വിജയ് ടെറസ് ഫാമിംഗിലൂടെ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ വിപണിയില്‍ എത്താന്‍ തുടങ്ങിയതോടെ കൂടുതല്‍ ആവശ്യക്കാരും എത്താന്‍ തുടങ്ങി. പല കര്‍ഷകരും നേരിട്ടെത്തി എങ്ങനെയാണ് ഇത്രയും ചെറിയ കൃഷിയിടത്തില്‍ നിന്നും മികച്ച വിളവ് നേടുന്നത് എന്ന് ചോദിച്ചു. ആധുനിക കൃഷി രീതിയായ അക്വാപോണിക്‌സിനെപ്പറ്റി ആളുകള്‍ക്ക് വ്യക്തമായ ധാരണയില്ല എന്ന് വിജയ് മനസിലാക്കിയത് അപ്പോഴാണ്. മണ്ണില്ലാക്കൃഷി രീതി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണ് എന്ന് വിജയ് മനസിലാക്കി. ഇത് പ്രകാരം അതിനായുള്ള ക്‌ളാസുകളും ആരംഭിച്ചു.
സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആള്‍ട്ടര്‍നേറ്റിവ് ഫാമിംഗ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിച്ചു. ഇതിലൂടെ വിവിധതരം കൃഷി രീതികള്‍ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയാണ് അദ്ദേഹം ചെയ്യുന്നത്. പ്രതിമാസം കുറഞ്ഞത് 30 പേരടങ്ങുന്ന ഒരു ബാച്ചിനാണ് പ്രവേശനം നല്‍കുന്നത്. കൃഷി ചെയ്തുകൊണ്ട് കൃഷി പഠിക്കുന്നതിനുള്ള അവസരമാണ് ഇവിടെ ഒരുക്കുന്നത്. കര്‍ഷകര്‍ക്ക് പുറമെ ടെറസ് ഫാമിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്ന നിരവധിയാളുകളും വിജയ്യുടെ ക്‌ളാസില്‍ വരുന്നുണ്ട്.
പ്രതിമാസം 3000 മുതല്‍ 5500 രൂപവരെയാണ് ഒരു വ്യക്തിയില്‍നിന്നും ഫീസായി ഈടാക്കുന്നത്. ഈയിനത്തില്‍ മാത്രമായി പ്രതിവര്‍ഷം 15 ലക്ഷം രൂപയുടെ വരുമാനം വിജയ്ക്ക് ലഭിക്കുന്നുണ്ട്. തന്നില്‍ നിന്നും കൃഷിയുടെ തന്ത്രങ്ങള്‍ പഠിച്ചവരെല്ലാം ഇന്ന് മികച്ച രീതിയില്‍ തന്നെ കൃഷി ചെയ്യുന്നു എന്നതാണ് വിജയ്യുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നായി പറയുന്നത്.
ഇതിനു പുറമെയാണ് റായിഗഡിലെ 15 ഏക്കര്‍ കൃഷി ഭൂമിയില്‍ നിന്നുള്ള വരുമാനം. ഇവിടെ പലതരത്തിലുള്ള പച്ചക്കറികള്‍ കൃഷി ചെയ്യപ്പെടുന്നു. പൂര്‍ണമായും ജൈവ പച്ചക്കറികളാണ് എന്ന ഉറപ്പോടുകൂടിയാണ് ഇവ വിപണിയില്‍ എത്തുന്നത്. വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷിക്ക് വിജയ് എന്ന വ്യക്തിയിലൂടെ മഹാരാഷ്ട്രയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു സെന്റ് സ്ഥലമുള്ള വ്യക്തിക്ക് പോലും ഈ മാര്‍ഗത്തിലൂടെ കൃഷി ചെയ്യാം എന്നത് ഈ കൃഷിരീതിക്ക് പുത്തന്‍ ഉണര്‍വേകുന്നു. ചെറുകിട കര്‍ഷകര്‍ക്ക് പോലും പ്രതിവര്‍ഷം നാല് ലക്ഷം രൂപയുടെ വരുമാനം ഇത്തരത്തില്‍ നേടാനാകുമെന്നാണ് വിജയ് പറയുന്നത്. സിംഗപ്പൂരിലെ മികച്ച ജോലി ഉപേക്ഷിച്ച ഈ മേഖലയിലേക്ക് വന്നതില്‍ ഇന്ന് വിജയ് യെമെല്ലേക്ക് പൂര്‍ണ സന്തോഷമാണുള്ളത്.