News

മുങ്ങിത്തപ്പുന്ന ഡ്രോണുമായി ഉയരെ പറന്ന് ഐറോവ്

സേനകള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ‘ടെക്‌നോളജി ഡവലപ്‌മെന്റ് ഫണ്ട്” പദ്ധതിയിലാണ് ഐറോവ് അടക്കം 7 കമ്പനികളുടെ പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ടത്

ഐറോവ് സ്റ്റാര്‍ട്ടപ്പിന് പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആര്‍ഡിഒ) ധനസഹായം. സേനകള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ‘ടെക്‌നോളജി ഡവലപ്‌മെന്റ് ഫണ്ട്” പദ്ധതിയിലാണ് ഐറോവ് അടക്കം 7 കമ്പനികളുടെ പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ നേട്ടം കയ്യെത്തിപ്പിടിക്കുമ്പോള്‍ കേരളത്തിന് അഭിമാനമാകുകയാണ് കൊച്ചി മേക്കര്‍ വില്ലേജില്‍ തുടക്കം കുറിച്ച ഐറോവ് ടെക്നോളജീസ്. വെള്ളത്തിനടിയിലേക്ക് ഊളിയിടുന്ന ഡ്രോണുകള്‍ നിര്‍മിച്ചുകൊണ്ടാണ് ഈ സ്ഥാപനം ശ്രദ്ധേയമാകുന്നത്.

ഇന്ത്യയില്‍ ആദ്യമായി അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ നിര്‍മിച്ച, കൊച്ചിയിലെ മേക്കര്‍ വില്ലേജിലെ ഈ സ്റ്റാര്‍ട്ടപ് കമ്പനിയുടെ ഡ്രോണ്‍ മുങ്ങിപ്പോയ കപ്പലുകള്‍ കണ്ടെത്താന്‍ കടലിന്റെ ആഴങ്ങളിലേക്ക് അയക്കാനും അണക്കെട്ടുകളുടെ അടിയിലെത്തിപരിശോധന നടത്താനും ശേഷിയുള്ളവയാണ്. വാണിജ്യാവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത്തരത്തിലുള്ള ഡ്രോണ്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

എന്നാല്‍ ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്മന്റ് ഓര്‍ഗനൈസേഷന്‍ ഐറോവിന്റെ സേവനം സ്വീകരിച്ചിരിക്കുകയാണ്. രണ്ട് കി.മി വരെ സമുദ്രാന്തര്‍ ഭാഗത്ത് നിരീക്ഷണം നടത്താനുള്ള ഡ്രോണ്‍ വികസിപ്പിക്കുന്നതിനു വേണ്ടിയാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതോടെ സാങ്കേതിക സംരംഭകരംഗത്ത് വലിയൊരു അവസരമാണ് ഐറോവിനെ തേടി എത്തിയിരിക്കുന്നത്. സേനകള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യകള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കുന്ന ‘ടെക്‌നോളജി ഡവലപ്‌മെന്റ് ഫണ്ട്’്’ പദ്ധതിയിലാണ് ഐറോവ് അടക്കം 7 കമ്പനികളുടെ പദ്ധതികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍നിന്ന് ഐറോവ് മാത്രമാണുള്ളത്.

ഏറെ ഉത്തരവാദിത്വപ്പെട്ട കാര്യങ്ങളാണ് ഈ ഫണ്ടിംഗിലൂടെ ഐറോവിനെ തേടിയെത്തുന്നത്. കപ്പലുകളും ബോട്ടുകളും മറ്റും തകര്‍ക്കാന്‍ ശത്രുക്കള്‍ വെള്ളത്തിനടിയില്‍ സ്ഥാപിക്കുന്ന മൈനുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്ന അണ്ടര്‍ വാട്ടര്‍ ഡ്രോണ്‍ ആണ് ഐറോവ് വികസിപ്പിക്കുക. 2 കിലോമീറ്ററോളം സഞ്ചരിക്കാവുന്ന ഡ്രോണുകളാകും നിര്‍മിക്കുക എന്നീ കാര്യങ്ങളെല്ലാം തന്നെ ഐറോവ് വരും നാളുകളില്‍ പ്രവര്‍ത്തികമാക്കണം. നിലവില്‍ ഐറോവ് വികസിപ്പിക്കുന്ന ഡ്രോണുകളുടെ സഞ്ചാരപരിധി 400 മീറ്ററാണ്.

ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണു ദൂരപരിധി കൂട്ടുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ 18 മാസമാണു ലഭിക്കുക.വിശാഖപട്ടണത്തെ എന്‍എസ്ടിഎല്ലില്‍ നടന്ന ചടങ്ങില്‍ ഡയറക്ടറേറ്റ് ഓഫ് ടെക്‌നോളജി ഡെവലപ്മന്റ് ഫണ്ട്(ഡിടിഡിഎഫ്) ഡയറക്ടര്‍ നിധി ബന്‍സാ, ഐറോവ് സഹസ്ഥാപകന്‍ കണ്ണപ്പ പളനിയപ്പന്‍ എന്നിവര്‍ ധാരണാപത്രം കൈമാറി.

ഡിസൈന്‍, ഇനോവേഷന്‍ എന്നിവയില്‍ സ്വയംപര്യാപ്തത നേടുന്നതിനായി 2014 ആരംഭിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഡിആര്‍ഡിഒ ഡിടിഡിഎഫ് എന്ന ഫണ്ടിംഗ് പദ്ധതി ആരംഭിച്ചത്. ആത്മനിര്‍ഭര്‍ ഭാരത് നയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിവിധ എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് ദേശീയ
പ്രാധാന്യമുള്ള നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് ഫണ്ട് അനുവദിക്കുന്നത്. ഇതു വരെ 75 പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചു കഴിഞ്ഞു. കളമശ്ശേരിയിലെ ടെക്‌നോളജി ഇനോവേഷന്‍ സോണിലാണ് ഐറോവിന്റെ ആസ്ഥാനം.

ഹാര്‍ഡ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ആദ്യ കമ്പനികളിലൊന്നാണ് ഐറോവ്. സഹപാഠികളായിരുന്ന ജോണ്‍സ് ടി മത്തായി, കണ്ണപ്പ പളനിയപ്പന്‍ എന്നിവര്‍ ചേര്‍ന്ന് 2016 ലാണ് ഐറോവ് കമ്പനി ആരംഭിച്ചത്. എന്‍ഐഒടിയില്‍ ഷിപ് സയന്റിസ്റ്റായിരുന്ന കണ്ണപ്പയാണ് പ്രൊജക്റ്റിനു നേതൃത്വം നല്‍കിയത്. ഐഐടി ബിരുദധാരികളായ ജോണ്‍സ് ടി മത്തായിയും കണ്ണപ്പ പളനിയപ്പനും ചേര്‍ന്ന് ഐറോവ് സ്ഥാപിക്കുമ്പോള്‍ ലക്ഷ്യങ്ങള്‍ പലതായിരുന്നു.

ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയില്‍ ഓണ്‍ബോര്‍ഡ് ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന കണ്ണപ്പ പളനിയപ്പന്‍ ഭാരമേറിയ ഡ്രോണുകള്‍ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടില്‍ സര്‍വേ നടത്തുകയും കപ്പലിന്റെ പുറംചട്ട പരിശോധിക്കുകയും ചെയ്തു. ഈ ദൗത്യം പോര്‍ട്ടബിള്‍ ആയ ഒരു ഡ്രോണ്‍ വികസിപ്പിക്കാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചു. സാംസങ് ആര്‍ ആന്‍ഡ് ഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഗ്രേ ഓര്‍ഗന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയില്‍ ജോലി ചെയ്തിരുന്ന ജോണ്‍സ് ടി മത്തായിയുമായി കണ്ണപ്പ തന്റെ ആശയം പങ്കുവെച്ചു. തുടര്‍ന്ന് 2016-ല്‍ കൊച്ചിയിലെ മേക്കര്‍ വില്ലേജില്‍ ഈ ആശയം അവതരിപ്പിക്കുകയും, ഇന്‍കുബേറ്റര്‍ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ആദ്യം രൂപീകരിച്ച ട്യൂണ ഡ്രോണ്‍ മികച്ച ആശയമാണെന്ന് കണ്ടപ്പോള്‍ അത് വികസിപ്പിക്കുന്നതിനായി ശ്രമം. മേക്കര്‍ വില്ലേജ് ഗ്രാന്റും, കേരള സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്മിഷന്‍ ഫണ്ടും, ബിപിസിഎല്‍ ഗ്രാന്റും ഐറോവിന് കിട്ടിയിട്ടുണ്ട്. ലോകത്തുതന്നെ വളരെക്കുറച്ച് കമ്പനികള്‍ മാത്രമെ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുള്ളൂ എന്നതിനാല്‍ വരും നാളുകളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ മെച്ചപ്പെട്ട സാധ്യതകള്‍ വികസിപ്പിക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് സ്ഥാപനം.

പുത്തന്‍ ഡ്രോണുകളുടെ പ്രത്യേകതകള്‍ ?

ഇതേ വരെ എത്തിപ്പെടാത്ത ആഴത്തില്‍ പ്രവര്‍ത്തിക്കുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കള്‍ ആണ് ഡിആര്‍ഡിഒ ഫണ്ട് ഉപയോഗിച്ച് ഐറോവിന് നിര്‍മ്മിക്കേണ്ടത്. ഇത് ഏറെ ശ്രമകരമായ കാര്യമാണ്. സമുദ്രത്തിന്റെ ആഴത്തില്‍ ദീര്‍ഘദൂരം പോകാനും വസ്തുക്കള്‍ തെരയുക, ഭീഷണിയുള്ള വസ്തുക്കളെ നിര്‍വീര്യമാക്കുക തുടങ്ങിയവയാണ് പുതിയ ഉപകരണം ചെയ്യേണ്ടത്. അതിനാല്‍ റണ്‍ പുതിയ ഡ്രോണ്‍ കൊണ്ടുള്ള നേട്ടം അനവധിയാണ്.

പൈപ്പ് ലൈനുകള്‍, ടണലുകള്‍ പോലുള്ള ഇടുങ്ങിയ ഇടങ്ങളിലേക്ക് കടത്തിവിടുന്നതിനുള്ള ഐറോവ് നീമോ എന്ന കുഞ്ഞന്‍ ഡ്രോണും ഇവര്‍ വികസിപ്പിച്ചിട്ടുണ്ട്. ഐറോവിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ നാഴികക്കല്ലായ ഒരു നേട്ടമാണിത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സമുദ്രാന്തര്‍ ഭാഗത്തെ ഗവേഷണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റവെ പ്രതിരോധ മേഖലയില്‍ ശക്തമായ സാന്നിധ്യമാകാനും ഇതോടൊപ്പം കഴിയും.

പ്രധാന ഉപയോഗങ്ങള്‍ എവിടെയെല്ലാം ?

നിലവില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണുകള്‍, പ്രതിരോധം, ദുരന്തനിവാരണം, അണക്കെട്ടുകള്‍, പാലങ്ങള്‍, എണ്ണക്കിണറുകള്‍, തുറമുഖങ്ങള്‍, കപ്പല്‍ വ്യവസായം എന്നിവയില്‍ ഉപയോഗിച്ച് വരുന്നു. ജലാശയത്തിനു അടിയില്‍ പോയി തെരച്ചില്‍ നടത്തുന്നതിന് സാധിക്കുന്ന ഇവ തീരസംരക്ഷണ സേന, ഡിആര്‍ഡിഒ ലാബുകള്‍, സിഎസ്‌ഐആര്‍-എസ് സിആര്‍സി എന്നീ സ്ഥാപനങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്.

ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ഏറെ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഈ ഉത്പന്നം ഡിആര്‍ഡിഒ, എന്‍പിഒഎ, ബിപിസിഎ, സിഎസ്‌ഐആര്‍, ഇന്ത്യന്‍ റെയില്‍വേ, അദാനി, ടാറ്റ, എന്‍എച്ഡിസി, കെഎന്‍എന്‍എ തുടങ്ങി വിവിധ സ്ഥാപനങ്ങള്‍ക്കായി 100 ലധികം പര്യവേഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. സമുദ്രോപരിതലത്തിലെ വിവരശേഖരണത്തോടൊപ്പം സമുദ്രാന്തര്‍ഭാഗത്തെ ഡാറ്റാ ശേഖരണം, പാരിസ്ഥിതിക വിവരങ്ങള്‍ തുടങ്ങിയവയ്ക്കും ഉപയോഗിക്കാം. ജലാശയത്തിനു അടിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിനാല്‍ ഇവ മൂലം ജലമലിനീകരണം ഉണ്ടാകുമെന്ന ഭീതി ആവശ്യമില്ല. ഡീസല്‍ ബോട്ടിനേക്കാള്‍ മലീനീകരണത്തോത് ഇതിനു കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്

Copyright © The Profit, Aarthikam Communications Private Ltd. Powered by Media Ink

Exit mobile version