മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനും പ്രമുഖ ഓട്ടോമൊബീല്‍ വ്യവസായിയുമായ ആനന്ദ് മഹീന്ദ്രയെ താഴേക്കിടയിലുള്ളവരുടെ മനസ്സറിയുന്ന ബിസിനസ് മാന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് മുഖേന സദാ സമൂഹവുമായി സംവദിക്കുന്ന ആനന്ദ് മഹീന്ദ്ര, പലവിധത്തിലാണ് സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും.
തന്റെ വ്യക്തി ജീവിതത്തിലും ബിസിനസ് ജീവിതത്തിലും ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും ട്വിറ്ററില്‍ കുറിക്കുന്ന അദ്ദേഹം, സാമൂഹിക മാധ്യമങ്ങള്‍ എങ്ങനെ ബിസിനസിലും സമൂഹത്തിലും നന്മയെ മുന്‍നിര്‍ത്തി ഫലപ്രദമായി ഉപയോഗിക്കണം എന്നതിനുള്ള ഉദാഹരണമാണ്. സ്വന്തമായൊരു ഇലക്ട്രിക് വാഹനം സ്വന്തമാക്കിയപ്പോള്‍ അതിനു പേര് നല്‍കാന്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ട ആനന്ദിനെ ആരും മറക്കാന്‍ ഇടയില്ല.
സമാനമായ രീതിയില്‍ കഴിഞ്ഞ ഡിസംബറിലാണ് പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിയെ അഭിനന്ദിച്ച് വ്യവസായിയായ ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയത്. അദ്ദേഹം നിര്‍മ്മിച്ച വാഹനത്തിന് പകരമായി ഒരു ബൊലേറോ നല്‍കാമെന്ന് ആനന്ദ് മഹീന്ദ്ര അന്ന് വാഗ്ദാനം ചെയ്തിരുന്നു. താമസം വിനാ അദ്ദേഹമത് നടപ്പാക്കുകയും ചെയ്തു.
സ്വയം ഇരുമ്പ് കാര്‍ നിര്‍മ്മിച്ച് അതില്‍ ഒരു ടൂ വീലര്‍ എന്‍ജിനും ഓട്ടോറിക്ഷ ടയറുകളും ഘടിപ്പിച്ചതാണെന്ന് ദത്താത്രേയ എന്ന വ്യക്തി നിര്‍മിച്ച വാഹനം മിക്ക സുരക്ഷാ ചട്ടങ്ങളും പാലിക്കുന്നതല്ലെന്ന് മനസിലാക്കിയാണ് പകരം ബൊലേറോ നല്‍കിയത്. മാത്രമല്ല, തന്റെ സ്ഥാപനത്തിലെ എഞ്ചിനിയര്‍മാരെ പ്രചോദിപ്പിക്കുന്നതിനായി ആ കാര്‍ മഹീന്ദ്ര റിസര്‍ച്ച് വാലിയില്‍ സൂക്ഷിക്കാനും അദ്ദേഹം തയ്യാറായി.ട്വിറ്ററില്‍ സജീവമാകുന്നതിനാല്‍ താന്‍ തനിക്ക് ചുറ്റും നടക്കുന്ന ഓരോ കാര്യത്തിലും അപ്ഡേറ്റഡ് ആണെന്നാണ് ആനന്ദ് മഹിന്ദ്ര പറയുന്നത്.